അലഹബാദിൽ നിന്നും എകദേശം 130 KM ദൂരത്തിൽ, ചിത്രകൂടം, ഒരു പകുതി ഉത്തർപ്രദേശിലും മറുപകുതി മദ്ധ്യപ്രദേശിലുമായി സ്ഥിതി ചെയ്യുന്നു. രാമായണവുമായി ബന്ധപ്പെട്ട സ്ഥലം എന്ന പ്രത്യേകതയാണ് ചിത്രകൂടത്തെ വ്യത്യസ്തമാക്കുന്നത്.
ശ്രീരാമന്റെ വഴിയിലൂടെ ഒരു യാത്ര...വനവാസ കാലത്ത് ശ്രീരാമൻ യാത്ര ചെയ്ത വഴികളിലൂടെ, തീർത്ഥങ്ങളിലൂടെ.., ചിത്രകൂടം, വിന്ധ്യാചലം, അയോദ്ധ്യ, നന്ദിഗ്രാം, നൈമിശാരണ്യ, പ്രയാഗ്, കാശി, ഗയ തുടങ്ങിയ പുണ്യനഗരങ്ങളിലൂടെ, ഒരു യാത്രയിലായിരുന്നു ഞങ്ങൾ.
പതിനാലു വർഷത്തെ വനവാസത്തിനിടയിൽ പതിനൊന്നര വർഷവും ശ്രീരാമനും സീതയും ലക്ഷ്മണനും ചിലവഴിച്ചത് ഈ വനപ്രദേശത്തായിരുന്നു എന്ന് രാമചരിതമാനസത്തിൽ പറയപ്പെടുന്നു. പ്രകൃതിഭംഗിയുടെ വിളനിലമായിരുന്ന ഒരു ഭൂപ്രദേശമായിരുന്നിതെന്ന് ഒറ്റ നോട്ടത്തിൽ തന്നെ തിരിച്ചറിയാൻ കഴിയും.
അത്രി മഹർഷിയുടേയും അനസൂയാദേവിയുടേയും തപസ്ഥലം, മാർക്കണ്ഡേയ മഹർഷി, ദത്താത്രേയ മഹർഷി, ശരഭംഗൻ, വാല്മീകി, ഗോസ്വാമി തുളസീദാസ് തുടങ്ങിയവർ ദേവാരാധനയ്ക്കായി തിരഞ്ഞെടുത്ത പുണ്യഭൂമി എന്നീ വിശേഷണങ്ങൾ ചിത്രകൂടത്തിന് മാത്രം അവകാശപ്പെട്ടതാണ്.
വിന്ധ്യാചലപർവതനിരകളും, നിബിഡവനങ്ങളും, പേരറിയാത്ത ഒരുപാട് വൻവൃക്ഷങ്ങളും, താഴ് വരയിലൂടെ പതഞ്ഞ് ഒഴുകുന്ന കൊച്ചരുവികളും എല്ലാം എല്ലാം കണ്ണിന് കുളിർമ്മയും മനസ്സിന് ആനന്ദവും നല്കുന്നു.
വിന്ധ്യാചലപർവതനിരകളും, നിബിഡവനങ്ങളും, പേരറിയാത്ത ഒരുപാട് വൻവൃക്ഷങ്ങളും, താഴ് വരയിലൂടെ പതഞ്ഞ് ഒഴുകുന്ന കൊച്ചരുവികളും എല്ലാം എല്ലാം കണ്ണിന് കുളിർമ്മയും മനസ്സിന് ആനന്ദവും നല്കുന്നു.
വനവാസത്തിനിറങ്ങിയ ശ്രീരാമൻ, സീതാ, ലക്ഷ്മണൻമാർ പ്രയാഗിലെ ഭരദ്വാജ ആശ്രമത്തിലെത്തി ഒരു ദിവസം തങ്ങുകയും പിറ്റേന്ന് ഭരദ്വാജമുനിയോട് താമസിക്കുവാൻ പറ്റിയ സ്ഥലം അന്വേഷിക്കുമ്പോൾ മുനി പറയുന്നത്, വാല്മീകി രാമായണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കൂ.
മയൂരനാദാഭിരതോ ഗജരാജ നിഷേവിത:
ഗമ്യതാം ഭവതാ ശൈലശ്ചിത്രകൂട: സ വിശ്രുത:
ഗമ്യതാം ഭവതാ ശൈലശ്ചിത്രകൂട: സ വിശ്രുത:
പുണ്യശ്ച രമണീയശ്ച ബഹുമൂലഫലായുത:
തത്ര കുഞ്ജരയൂഥാനി മൃഗയൂഥാനി ചൈവ ഹി
തത്ര കുഞ്ജരയൂഥാനി മൃഗയൂഥാനി ചൈവ ഹി
വിചരന്തി വനാന്തേഷു താനി ദ്രക്ഷ്യസി രാഘവ
സരിത് പ്രസ്രവണപ്രസ്ഥാൻ ദരീകന്ദരനിർത്ധരാൻ
ചരത: സീതയാ സാർധം നന്ദിഷ്യതി മനസ്തവ
സരിത് പ്രസ്രവണപ്രസ്ഥാൻ ദരീകന്ദരനിർത്ധരാൻ
ചരത: സീതയാ സാർധം നന്ദിഷ്യതി മനസ്തവ
'ആ ചിത്രകൂടം അതിവിശ്രുതമാണ്. ഭവാൻ അങ്ങോട്ട് തന്നെ പോകുക. മയിലുകൾ കൂകുന്നത് കേട്ട് രസിക്കാം. ഗജരാജന്മാർ വിഹരിക്കുന്നത് കാണാം. പാവനവും രമണീയവുമാണ് ചിത്രകൂടം. ആനകൾ കൂട്ടമായി നടക്കുന്നു. അതുപോലെ മാനുകളും കൂട്ടമായി മേയുന്നു. അവ സഞ്ചരിക്കുന്നത് കണ്ടാനന്ദിക്കാം. നദികളും വെള്ളച്ചാട്ടങ്ങളും ഗുഹകളും പാറപ്പിളർപ്പുകളും ചോലകളും എല്ലാം സീതയോടൊപ്പം നടന്ന് കണ്ടാഹ്ളാദിക്കാം.
തേനും കിഴങ്ങുകളും ഫലങ്ങളും നിറഞ്ഞ ചിത്രകൂടത്തിൽ ചെല്ലുക. മഹാബലനായ നിനക്ക് പറ്റിയ വാസസ്ഥലം തന്നെയായിരിക്കും. നാനാ വൃക്ഷഗണങ്ങളുണ്ട്. കിന്നരന്മാരും ഉരഗന്മാരും ഇഷ്ടപ്പെടുന്ന ഇടമാണ്. രമണീയമായ ആ പർവതത്തിലെത്തി ആശ്രമം നിർമ്മിച്ച് വസിച്ചു കൊണ്ടാലും.'
ആ ചിത്രകൂടത്തിൽ എത്തിക്കഴിഞ്ഞു ഞങ്ങൾ. ആദ്യമായി 'രാം മന്ദിർ' ലക്ഷ്യമാക്കി, കമനീയമായി അലങ്കരിച്ച കെട്ടുവള്ളത്തിൽ, മന്ദാകിനിയിലൂടെ യാത്ര തിരിച്ചു. അരയന്നങ്ങൾ എന്ന് തോന്നിപ്പിക്കും വിധം ഭംഗിയുള്ള, വലിപ്പമേറിയ താറാവുകളെ കൊണ്ട് നിറഞ്ഞ കടവുകളാണ് കൂടുതലും.
ശ്രീരാമന്റേയും സീതാദേവിയുടേയും ലക്ഷ്മണന്റേയും നില്ക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠകളാണ് ഈ ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിന്റെ തൊട്ടടുത്ത് ഭീമാകാരമായ ഒരു ഹനുമാൻ പ്രതിമയും കാണപ്പെടുന്നു.
രാംഘട്ടിൽ തീർത്ഥാടകരുടെ തിരക്ക് തന്നെ എപ്പോഴും. ഇവിടെ വൈകുന്നേരം അരങ്ങേറാറുള്ള 'ആരതി' അതീവ പ്രാധാന്യമുള്ളതാണ്.
കാമദഗിരിയിലേക്കാണ് പിന്നീട് പോയത്. 'ഭരത് മിലപ് മന്ദിർ' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശ്രീരാമനെ ക്കൂട്ടികൊണ്ട് പോകുവാൻ ഭരതൻ എത്തിയപ്പോൾ തമ്മിൽ കണ്ടുമുട്ടിയ സ്ഥലമാണിത്. കാമദഗിരി മോക്ഷപ്രദമായി കരുതുന്നു.
സ്വാമിരാമ അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ കാമദഗിരിയെക്കുറിച്ച് പറയുന്നത് നോക്കൂ.:
"ചിത്രകൂടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം കാമദഗിരിയായിരിക്കണം. അഭൗമമായ മാനങ്ങളുള്ള ചില സ്ഥലങ്ങൾ ഈ ഭൂമിയിലുണ്ട്. അതിലൊന്നാണ് കാമദഗിരി. വനവാസ കാലത്ത് ശ്രീരാമൻ നാലുവർഷം ഇവിടെ താമസിക്കുകയുണ്ടായി. നൂറു കണക്കിന് താപസന്മാർ അന്ന് അദ്ദേഹത്തിന്റെ കൂടെ ചേർന്ന് തപസനുഷ്ഠിച്ചു. ശ്രീരാമൻ തെക്കേ ദിക്കിലേയ്ക്കു യാത്രയായപ്പോൾ അവരെല്ലാവരും ഒപ്പം പോകാനൊരുങ്ങി. പക്ഷേ ശ്രീരാമൻ സമ്മതിച്ചില്ല. അവരെല്ലാവരും കാമദഗിരിയിൽ ത്തന്നെ തുടർന്നും താമസിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം. സൂക്ഷ്മശരീരിയായി എല്ലാക്കാലത്തും താൻ അവരോടൊപ്പം അവിടെയുണ്ടാകുമെന്ന് ശ്രീരാമൻ വാക്കും കൊടുത്തു. മുക്തിയേക്കാൾ ഭക്തിക്കു മുൻഗണന നല്കുന്ന തപസ്വികൾ എല്ലായിടത്തു നിന്നും കാമദഗിരിയിൽ വന്നു ചേരുന്നു. ശ്രീരാമചന്ദ്രന്റെ ശ്വാശ്വത സാന്നിദ്ധ്യമുള്ള സ്ഥാനമാണ് കാമദഗിരി."
കാമദഗിരി രാം മന്ദിർ ദർശനത്തിന് ശേഷം, തൊട്ടടുത്തുള്ള ഭരത് മിലപ് മന്ദിരത്തിലെത്തി ഭഗവാനെ തൊഴുതു. വന്ദ്യവയോധികനായ പൂജാരി ശ്രേഷ്ഠൻ നന്നായി പൂജകൾ നടത്തി പ്രസാദം നല്കി.
ജാനകീകുണ്ഡ് വളരെ മനോഹരമാണ്. സീതാദേവിയുടെ സ്നാനഘട്ട് എന്നപേരിൽ വളരെ പ്രസിദ്ധവുമാണ്. മന്ദാകിനിയുടെ ഒരു കൈവഴിയാണിത്. പ്രകൃതിദത്തമായ നിബിഡവനങ്ങളും പൊട്ടിച്ചിരിച്ചു കൊണ്ടൊഴുകുന്ന കൊച്ചരുവികളും, മനോഹരമായ വെള്ളച്ചാട്ടവും കൊണ്ട് ശ്രദ്ധേയമായ ഭൂപ്രദേശം. ചുറ്റിനും പച്ചപ്പുകൾ നിറഞ്ഞ, ഇളംനീലനിറമുള്ള ഈ ജലാശയത്തിൽ, ആകാശനീലിമ കൂടി പടരുമ്പോഴുള്ള ആ ഭംഗി അവർണനീയമാണ്.
ജാനകീകുണ്ഡ്
നീലജലാശയത്തിൽ ഹംസങ്ങൾ നീരാടും പൂങ്കുളത്തിൽ..
നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു..
നീർപ്പോളകളുടെ ലാളനമേറ്റൊരു നീലത്താമര വിരിഞ്ഞു..
സീതാ ദേവിയുടെ കാൽ പാദങ്ങൾ പതിഞ്ഞ പാറ ഇവിടെ കാണാം.
ജാനകീകുണ്ഡിൽ നിന്ന് നേരേ പോയാൽ സ്പടിക ശിലയായി. രണ്ട് വലിയ പാറകൾക്കാണ് പ്രാധാന്യം. ശ്രീരാമനും സീതാദേവിയും വിശ്രമിക്കാറുണ്ടായിരുന്ന സ്ഥലമാണിതെന്ന് കരുതുന്നു.
ഹനുമാൻധാരയിലെത്തുവാൻ 360 പടികൾ കയറി മുകളിലെത്തണം. ഹനുമാൻ രൂപത്തിന് ധാര കഴിക്കുന്ന രീതിയിലുള്ള പ്രകൃതിയുടെ വെള്ളച്ചാട്ടം ഒരത്ഭുതം തന്നെ.
അത്രി മഹർഷിയുടേയും അനസൂയാദേവിയുടേയും ആശ്രമം ടൌണിൽ നിന്ന് 16 KM ദൂരത്തായി നിബിഡ വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്നു. ത്രിമൂർത്തികൾ ശിശുക്കളായി അവതാരമെടുത്ത കഥയാണ് ഈ ആശ്രമത്തിന് പറയുവാനുള്ളത്.
ഒരുപാടു കാലം മനസിൽ സൂക്ഷിച്ച് വയ്ക്കുവാൻ ലഭിച്ച മനോഹര മുഹൂർത്തങ്ങളുമായി, ചിത്രകൂടത്തിൽ നിന്ന്, വനവാസ കാലത്ത് ശ്രീരാമൻ യാത്ര ചെയ്ത വഴികളിലൂടെ, തീർത്ഥങ്ങളിലൂടെ.., അയോദ്ധ്യ ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തിരിച്ചു...