Thursday, November 21, 2013

എന്റെ തീർത്ഥയാത്രകൾ - 12

ശങ്കരനാരായണ സന്നിധിയിൽ....


അതിവിശിഷ്ടമായ ഒരു ക്ഷേത്ര സന്നിധിയാണ് ശങ്കരൻകോവിലിലെ 'ശങ്കരനാരായണ' ക്ഷേത്രം. ശൈവ, വൈഷ്ണവരുടെ പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രം. ശിവവിഷ്ണു സംയോജനം മൂലം ശ്രദ്ധിക്കപ്പെട്ട ക്ഷേത്രാങ്കണം.

തമിഴ് നാട്ടിൽ തിരുനെൽവേലിയിൽ നിന്നും 56 KM ദൂരത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. (തെങ്കാശിയിൽ നിന്നും 49 KM ദൂരം) തെങ്കാശി - മധുര റൂട്ടിൽ ചിന്താമണിയിൽ നിന്നും വലത്തോട്ടു തിരിഞ്ഞു നേരേ ചെന്നാൽ ശങ്കരൻകോവിലായി. മധുരയിൽ നിന്നും വരുമ്പോൾ രാജപാളയത്ത് നിന്ന് ഇടത്തോട്ടു തിരിഞ്ഞു നേരേ പോകുക.

വളരെ യാദൃശ്ചികമായിട്ടാണ് ശങ്കരൻകോവിലിലെത്തുന്നത് . ഒരു ദിവസം രാത്രി 8 മണിക്കാണ് സുഹൃത്ത് ഉണ്ണി, ശങ്കരൻകോവിൽ ക്ഷേത്രവീഥിയുടെ പരിസരങ്ങളിൽ താമസിക്കുന്ന നാഡീ ജ്യോതിഷക്കാരുടെ വിവരം പറയുന്നത്. ' വിട്ടാലോ? 'എന്ന് ഞാൻ 'വിട്ടേക്കാം' എന്ന് മറുപടി. ഉണ്ണി അങ്ങനെയാണ് ഒന്നിനും എതിര് പറയില്ല. പെട്ടെന്നു മറ്റു രണ്ടു സുഹൃത്തുക്കൾ കൂടി യാത്രക്ക് തയ്യാറായി. അങ്ങനെ രാത്രി 10 മണിയായപ്പോൾ ഉണ്ണിയും, പപ്പനും, അയ്യപ്പനും പിന്നെ ഞാനും, അയ്യപ്പൻറെ പുതിയ ലാൻസറിൽ ശങ്കരൻകോവിലിലേക്ക് യാത്രയായി. ഊർജ്ജസ്വലനായ ഞങ്ങളുടെ യുവ സുഹൃത്ത് ഉണ്ണി സാരഥിയായി.

എന്റെ യാത്രകൾ എപ്പോഴും ഇങ്ങനെതന്നെയാണ്. മുൻകൂട്ടി പ്ളാൻ ചെയ്യുന്ന യാത്രകൾ വളരെ വിരളമാണ്. ഇത്തരം യാത്രകളിൽ പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഒരു സുഖം ഞാൻ അനുഭവിക്കുന്നു.

ആര്യൻകാവും കേരളത്തിന്റെ അതിർത്തിയും താണ്ടി ലാൻസർ കുതിച്ചു പാഞ്ഞു. പുറകിൽ നിന്ന് കൂർക്കംവലികൾ കേട്ടു തുടങ്ങി. ഒരാൾ കർണാടക സംഗീതത്തിലും മറ്റേയാൾ ഹിന്ദുസ്ഥാനിയിലുമാണ് പ്രാവീണ്യം പ്രകടിപ്പിക്കുന്നത്. ഭാഗ്യം ചെയ്ത ജന്മങ്ങൾ. ഉണ്ണി ഇടയ്ക്കിടയ്ക്ക് ഇവർക്ക് പണി കൊടുക്കുന്നുണ്ട്. നല്ല സ്പീഡിൽ പോകുമ്പോൾ ലൈറ്റായിട്ടു ബ്രേക്ക് ഒന്ന് ചവിട്ടി കൊടുക്കും.

രാത്രി ഒരു മണി ആകാറായി. തെങ്കാശി എത്താറായി, സിറ്റിയിലേക്ക് കയറാതെ ബൈപാസ് വഴി മധുര റൂട്ടിലേക്കു കടന്നു. വിജനമായ വീഥികൾ. ചീവീടിന്റേയും പുള്ളുകളുടേയും ശബ്ദം മാത്രം ഇടയ്ക്കിടക്ക് കടന്നു വരുന്നു. വാവലുകൾ കൂട്ടം കൂട്ടമായി ലൈനുകളിൽ തൂങ്ങി കിടക്കുന്നു. ഇരുവശവും വേപ്പ് മരങ്ങളും പുളി മരങ്ങളും നട്ടു വളർത്തിയ ഈ രാജവീഥിയിലൂടെയുള്ള യാത്ര മനസ്സിന് കുളിർമ്മയേകുന്നു. പശ്ചിമഘട്ടത്തിലെ പർവത നിരകളെ തഴുകി ഒഴുകി വരുന്ന കാറ്റിൽ പനയോലകൾ ആടിയുലയുന്നത് കാണാം.




എന്റെ പ്രിയപ്പെട്ട സഞ്ചാരപഥം ആണിത് . എന്റെ സുന്ദരേശ്വര, രാമാനാഥസ്വാമിമാരെ ദർശ്ശിക്കുവാൻ വേണ്ടി പോകുന്ന പ്രിയ മാർഗ്ഗം. ഒരുപാടു വർഷങ്ങൾ തമിഴ് നാട്ടിൽ ഉണ്ടായിരുന്നത് കൊണ്ട് തന്നെ തമിഴ് നാടും എന്റെ പ്രിയപ്പെട്ട സ്ഥലം തന്നെ.

ഒരു ചൂട് കട്ടൻ കാപ്പി കുടിച്ചാൽ നന്നായിരിക്കുമെന്നുള്ള എന്റെ അഭിപ്രായം കണക്കിലെടുത്ത്, ഉണ്ണി വണ്ടി വഴിയോരത്ത് ഒരു മരച്ചുവട്ടിൽ ഒതുക്കി നിർത്തി. ശബ്ദം കേട്ടിട്ടാവണം ഇലകളെല്ലാം കൊഴിഞ്ഞ്, ഉണങ്ങി തുടങ്ങിയ ആ പേരാലിൻ പൊത്തിൽ നിന്ന് ഒരു കൂമൻ പുറത്തേക്കൊന്ന് എത്തി നോക്കി.

റാന്തലിന്റെ മങ്ങിയ വെളിച്ചത്തിൽ, നിറയെ മാറാലകൾ പിടിച്ച, വേപ്പിൻ ചില്ലകൾ തൂക്കിയിട്ട, ഇടിഞ്ഞു പൊളിഞ്ഞു വിഴാറായ ഒരു കട മുറിയിൽ, പ്രായാധിക്യം കൊണ്ട് തളർന്ന ഒരു വൃദ്ധനെ കണ്ടു, ഒപ്പം കാവലിനു എല്ലുകൾ ഉന്തി ശരീരം ശോഷിച്ച ഒരു ശ്വാനനും.

കാറിന്റെ ശബ്ദം കേട്ടു ഉറക്കം തൂങ്ങുകയായിരുന്ന ആ വന്ദ്യവയോധികൻ എഴുന്നേറ്റു വന്ന് പല്ലില്ലാത്ത മോണ കാട്ടി ഒന്ന് ചിരിച്ചു. ആ ഇരുട്ടിലും അദ്ദേഹത്തിന്റെ കണ്ണുകളുടെ തീവ്രത കണ്ടു ഞങ്ങൾ അമ്പരന്നു. നിശ്ചയദാർഡ്ഡ്യം നിഴലിച്ചു നിന്ന ആ മുഖം ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല. ഈ പ്രായത്തിലും ജോലിയെടുത്ത് ജീവിക്കുന്ന വൃദ്ധനോടു ഞങ്ങൾക്ക് ആദരവു തോന്നി. പത്തു നിമിഷത്തിനുള്ളിൽ അദ്ദേഹം ഞങ്ങൾക്ക് കാപ്പി ഉണ്ടാക്കി തന്നു. അന്ന് അവിടെ നിന്നും കുടിച്ച ആ 'ഫിൽറ്റർ കോഫി' യുടെ രുചി ഇനിയും നാവിൽ നിന്ന് പോയിട്ടില്ല.

തെങ്ങിൻതോപ്പുകളും, നെൽവയലുകളും, മാമ്പഴതോട്ടങ്ങളും, സൂര്യകാന്തിപൂപ്പാടങ്ങളും, വിന്റ് മില്ലുകളും എല്ലാം പിന്നിലാക്കി ലാൻസർ കുതിച്ചു കൊണ്ടിരുന്നു. വഴി നീളെ മുരിങ്ങകൾ പൂത്തുലഞ്ഞു നില്ക്കുകയാണ്, നിറയെ കായ് കളുമായി. അമ്മൂമ്മ പണ്ട് മുരിങ്ങപ്പൂവ് കൊണ്ട് ഉണ്ടാക്കിയിരുന്ന തോരന്റെ രുചി പെട്ടെന്നു നാവിലേക്ക് ഓടി എത്തി. പഴയ ജ്യോതി നെല്ലിന്റെ ചുവന്ന ചോറും, മുരിങ്ങയിലക്കറിയും, പയറ് മെഴുക്കുപുരട്ടിയും അല്പ്പം ഉപ്പിലിട്ടതും കൂട്ടിയുള്ള സമൃദ്ധമായ ആ ഊണ് എത്ര പേർ ഓർക്കുന്നുണ്ടാവും? നാവിലൊന്നു തൊടാൻ ഒരൽപം ഇഞ്ചിക്കറിയും...യാത്രയ്ക്കിടയിൽ അങ്ങനെ ഓരോന്നും ഓർത്തിരിക്കുമ്പോൾ തെല്ലൊന്നു മയങ്ങിപ്പോയി.

ഞങ്ങൾ ശങ്കരൻകോവിലിൽ എത്തിക്കഴിഞ്ഞു.... ഓർമ്മകൾക്ക് വിട...

ഒരു തനി തമിഴ് നാടൻ ഗ്രാമമെന്ന് തോന്നുമെങ്കിലും തിരുനെൽവേലി ജില്ലയിലെ രണ്ടാമത്തെ വലിയ ടൌണ്‍ ആണ് ശങ്കരൻകോവിൽ. കൃഷിയോടൊപ്പം തന്നെ ടെക് സ്റ്റൈൽ ബിസ്സിനസ്സും ഇവിടെ നന്നായി നടക്കുന്നു. നാലായിരത്തിൽ അധികം യന്ത്രത്തറികൾ ഒരേ സമയം ഇവിടെ പ്രവർത്തിച്ച് കോട്ടണ്‍ സാരികൾ, ടെറി ടവലുകൾ, ലുങ്കികൾ തുടങ്ങിയവ നിർമ്മിക്കുന്നു. ധാരാളം കൈത്തറി സ്ഥാപനങ്ങളും തീപ്പെട്ടി ഫാക്ടറികളും ഇവിടെ പ്രവർത്തിച്ച് വരുന്നു.

നഗര മദ്ധ്യത്തിൽ തന്നെ, നാലര ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ ശങ്കരനാരായണ ക്ഷേത്രത്തിനു ഏകദേശം 900 വർഷം പഴക്കം കണക്കാക്കുന്നു. പാണ്ഡ്യരാജവംശത്തിലെ ഉഗ്രപാണ്ഡ്യനാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നു ചരിത്രം. പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ രാജാ ശീവലരാമപാണ്ഡ്യനാണ് വലിയ രാജഗോപുരവും മുൻവശത്തുള്ള മണ്ഡപവും പണികഴിപ്പിച്ചത് .


125 അടി ഉയരത്തിൽ, ദ്രാവിഡ ശിൽപ്പകലാ വൈദഗ്ദ്ധ്യത്തിൽ പണി കഴിപ്പിച്ചിട്ടുള്ള, ഒന്പത് നിലകളുള്ള കൂറ്റൻ രാജഗോപുരവും, ചുറ്റും മതിലും, കല്ലിൽ കൊത്തിയ നടരാജമൂർത്തിയുടെ വിഗ്രഹവും എല്ലാം ഈ ക്ഷേത്രത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. ശങ്കരലിംഗസ്വാമി, ശങ്കരനാരായണസ്വാമി, ഗോമതിയമ്മൻ എന്നീ മൂന്നു പ്രധാന സന്നിധികളാണ് ഈ ക്ഷേത്ര നടയിലുള്ളത്. ഗോമതിയമ്മൻ നടയുടെ മുൻപിലുള്ള ശ്രീ ചക്രപീഠത്തെ പ്രത്യേക പൂജകൾ നടത്തി ആരാധിക്കുന്നു.


എല്ലാ ക്ഷേത്രങ്ങളിലേയും പോലെ, വളരെ താത്പര്യമുണർത്തുന്ന ഒരു ചരിത്രം ഈ ക്ഷേത്രത്തിനും പറയാനുണ്ട്.

കൈലാസത്തിൽ വച്ച് ശ്രീ പാർവതിദേവീ മഹാദേവനോട് " അങ്ങയിൽ കുടികൊള്ളുന്ന മഹാവിഷ്ണുവിന്റെ അംശം " കാണുവാനുള്ള ഒരു അവസരം നല്കണമെന്ന് അപേക്ഷിച്ചു. ദേവിയുടെ അഭ്യർത്ഥന പ്രകാരം, പരമേശ്വരൻ ദേവിയോട് ' അഗസ്ത്യമുനിയുടെ വാസസ്ഥലവും തപസ്ഥലവുമായ 'പൊദിഗൈമലയിൽ' പോയി തപസ്സ് ആരംഭിക്കുവാൻ ' ആവശ്യപ്പെട്ടു. "തപസ്സിൽ നാം സംതൃപ്തനാകുന്ന നിമിഷം ദേവിയ്ക്ക് ആ ദൃശ്യം കാണുവാൻ കഴിയും" ഭഗവാൻ അരുളി ചെയ്തു.

മഹാദേവന്റെ ആശിർവാദത്തോടെ ദേവി തപസ്സിനായി പൊദിഗൈ മലയ്ക്ക് അടുത്തുള്ള ഒരു സ്ഥലത്തേക്ക് പുറപ്പെട്ടു. മുനിമാരും മറ്റു സ്വർഗ്ഗവാസികളും ദേവിയെ അനുഗമിച്ചു. ദേവി കൂടെ വന്ന സ്വർഗ്ഗവാസികളോടു 'പുന്നമരമായും പശുക്കളായും' മാറി അവിടെ നിലനില്ക്കുവാൻ ആവശ്യപ്പെട്ടു. തമിഴിൽ 'ആ' എന്നാൽ പശു എന്നൊരർത്ഥം ഉണ്ട്. അങ്ങനെയാണ് ദേവിയ്ക്ക് 'ആവുടയാൾ' [ (Aa)vudayal ] എന്ന പേര് വന്നത്.

പാർവതി ദേവിയുടെ കഠിനമായ തപസ്സ് ഭഗവാനെ ആശ്ചര്യപ്പെടുത്തി. തപസ്സിൽ സന്തുഷ്ടനായ മഹാദേവൻ ആടി മാസത്തിലെ പൌർണമി ദിവസം ആ വിശ്വരൂപ, ' ശിവവിഷ്ണുസംയോജന' ദർശനം നല്കി. ശിവനും വിഷ്ണുവും സംയോജിച്ച്, ഞങ്ങൾ ഒന്ന് തന്നെ എന്ന് പറഞ്ഞ് ശങ്കരനാരായണ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഒരു പകുതി മഹേശ്വരനും മറുപകുതി മഹാവിഷ്ണുവും.

ശങ്കരനാരായണ ദർശനത്തിനു ശേഷം ദേവിയുടെ അഭ്യർത്ഥനയനുസരിച്ച് മഹാദേവൻ സ്വരൂപത്തിലേക്ക് മാറി 'ശങ്കരലിംഗസ്വാമി' യായും കൂടെ ദേവി 'ഗോമതിഅമ്മനാ'യും ഇവിടെ കഴിഞ്ഞു വരുന്നു.. കാലക്രമേണ ഈ ശിവലിംഗം ചിതൽ പുറ്റിൽ മൂടി പോയിരുന്നു.

പതിനൊന്നാം നൂറ്റാണ്ടിൽ രാജാ ഉഗ്രപാണ്ഡ്യൻ ഉഗ്രൻകോട്ട വാണിരുന്ന കാലം. സുന്ദരേശ്വരനെ കാണുവാൻ അദ്ദേഹം സ്ഥിരമായി മധുര മീനാക്ഷിയമ്മൻ ക്ഷേത്രത്തിലേക്ക് പോകാറുണ്ടായിരുന്നു. ഒരു ദിവസം രാജൻ ആനപ്പുറത്ത് ക്ഷേത്രത്തിലേക്ക് പോകവേ, ആന വഴിയിൽ വച്ച് പെട്ടെന്നു നില്ക്കുകയും മുന്നോട്ട് പോകുവാൻ സമ്മതിക്കാതെ, തുമ്പിക്കൈ കൊണ്ട് അതിശക്തമായി നിലത്തു കുഴിക്കുകയും മണ്ണ് ഇളക്കുകുയും ചെയ്തു കൊണ്ടിരുന്നു.

ഈ സമയം പുന്നൈ വനത്തിലെ കാവൽക്കാരനായ മണികിരീവാൻ ഓടി എത്തി തന്റെ അനുഭവം വിവരിച്ചു. വനത്തിന്റെ മദ്ധ്യത്തിൽ ഒരു വലിയ ചിതൽ പുറ്റ് ഉണ്ടായിരുന്നതായും അത് ഇളക്കി മാറ്റുവാൻ ശ്രമിച്ചപ്പോൾ ഒരു വലിയ ശിവലിംഗവും അതിനെ ചുറ്റി വാലില്ലാത്ത ഒരു സർപ്പത്തിനേയും കണ്ട കാര്യം പറയുകയുണ്ടായി.

അത്ഭുതപരതന്ത്രനായ ഉഗ്രപാണ്ഡ്യൻ രാജാവ് ഉടൻ തന്നെ വനത്തിലെത്തുകയും നാഗസുനൈ എന്ന തീർത്ഥത്തിൽ കുളിച്ച് ശിവലിംഗത്തിനു അർച്ചനകൾ ചെയ്യുകയുമുണ്ടായി. ആ സമയം ' ഇവിടെ ക്ഷേത്രം പണികഴിപ്പിക്കുക 'എന്ന് അശരീരി ഉണ്ടാകുകയും, അധികം താമസിയാതെ തന്നെ, നമ്മൾ ഇപ്പോൾ നില്ക്കുന്ന ഈ സ്ഥലത്ത് ഈ ക്ഷേത്രം പണികഴിപ്പിച്ചതായും ഐതീഹ്യം.

'ഏറ്റവും ശക്തനും പ്രബലനും ആയ ദൈവം' ആരാണെന്നുള്ള, നാഗ രാജാക്കൻമാരുടേയും ശൈവ വൈഷ്ണവ ഭക്തരുടേയും സംശയദൂരീകരണത്തിനായിട്ടാണ് ദേവി പരമേശ്വരനോട് ഇങ്ങനെ അപേക്ഷിച്ചതെന്നും അതിനാലാണ് പരമേശ്വരൻ ശങ്കരനാരായണ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതെന്നും മറ്റൊരു ഭാഷ്യം.

ഓഗസ്റ്റ് മാസത്തിൽ പന്ത്രണ്ടു ദിവസം കൊണ്ടാടുന്ന 'ആടി തപസ്സ് ' ആണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഏപ്രിലിൽ 'ചിത്തിരൈ ബ്രഹ്മോത്സവം', ഒക്ടോബറിൽ 'ഐപ്പശി തിരുകല്ല്യാണം' , ഫെബ്രുവരിയിലെ തെപ്പം ( Floating Festival ) എന്നിവയാണ് മറ്റു ഉത്സവങ്ങൾ. ദിവസവും നൂറു പേർക്ക് ഈ ക്ഷേത്രത്തിൽ ഉച്ചയ്ക്ക് അന്നദാനം നൽകി വരുന്നു.


ഈ ക്ഷേത്രത്തിൽ നിന്ന് നൽകുന്ന ' പുട്രുമണ്‍ ' എന്നറിയപ്പെടുന്ന 'ചിതൽ പുറ്റ് പ്രസാദം' വളരെ പരിപാവനമായി കണക്കാക്കുന്നു. ത്വക്ക് രോഗങ്ങൾക്ക് ഇവ പുരട്ടുന്നത് വളരെ നല്ലതാണെന്ന് ഭക്തർ വിശ്വസിക്കുന്നു. അതുപോലെ തന്നെ ഈ ക്ഷേത്രത്തിലെ 'നാഗസുനൈ' എന്നറിയപ്പെടുന്ന തീർത്ഥത്തിൽ സ്നാനം നടത്തിയാൽ എല്ലാവിധ രോഗങ്ങൾക്കും ശമനം ഉണ്ടാകുമെന്നും കരുതി വരുന്നു.

രാവിലെ 5.30 മുതൽ 12.30 വരേയും വൈകുന്നേരം 4.00 മുതൽ രാത്രി 9.30 വരേയും ക്ഷേത്രത്തിൽ ദർശനം നടത്താവുന്നതാണ്.

പതിനെട്ടു സിദ്ധന്മാരിലൊരാളായ, അഷ്ടസിദ്ധികൾ കരസ്ഥമാക്കിയ ശ്രീ 'പാമ്പാട്ടി സിദ്ധരുടെ' ജീവസമാധി തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നു. 'ആട് പാമ്പേ..' എന്ന പ്രസിദ്ധ കൃതിയുടെ കർത്താവും ഇദ്ദേഹം തന്നെ. ശട്ടൈ മുനിയുടെ ശിഷ്യനായ പാമ്പാട്ടി സിദ്ധർ, 123 വർഷം ജീവിച്ചുവെന്നു കരുതുന്നു. ശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ ഇദ്ദേഹത്തിന്റെ പ്രിയ ശിഷ്യനാണ്.


പഞ്ചഭൂത തത്വങ്ങളെ പ്രതിനിധീകരിക്കുന്ന മറ്റൊരു ഗ്രൂപ്പ് ക്ഷേത്രങ്ങൾ ഈ സ്ഥലങ്ങളിൽ ഉണ്ട്. ശങ്കരൻകോവിൽ 
(ഭൂമി), തിരുനെൽവേലി (അഗ്നി ), ദാരുകാപുരം (ജലം ), തെന്മല (വായു ), ദേവതാനം ( ആകാശം ) എന്നിവയാണ് ഈ ക്ഷേത്രങ്ങൾ എന്ന് ചരിത്രങ്ങൾ പറയുന്നു.

ഇവിടെ ഇങ്ങനെ ഈ സന്നിധിയിൽ തൊഴുതു നിൽക്കുമ്പോൾ, ചുറ്റുമുള്ളതൊന്നുമറിയാതെ, സ്ഥലകാലബോധമില്ലാതെ, മനസ്സ് ശങ്കര ലിംഗത്തിൽ അലിഞ്ഞലിഞ്ഞില്ലാതാകുന്നതായി തോന്നി.....!

മടക്ക യാത്രയിൽ കട്ടൻ കാപ്പി കുടിക്കുവാനായി ആ വൃദ്ധന്റെ കടയുടെ മുൻപിൽ തന്നെ വണ്ടി ഒതുക്കി നിർത്തി. വൃദ്ധന്റെ കാവൽക്കാരൻ ഞങ്ങളെക്കണ്ട് പരിചയ ഭാവം കാണിച്ച് ഒന്ന് വാലാട്ടുകയും അതിനു ശേഷം  കണ്ണടച്ചു കിടക്കുകയും ചെയ്തു..

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ  :

[https://www.facebook.com/groups/ChengannurTemple/permalink/10151989966226241]








കോട്ടൂർ മഹാദേവ ടെമ്പിൾ ഗ്രൂപ്പിൽ നടന്ന ചർച്ചകൾ :


1 comment:

  1. WHY THE NARRATION IS STOPPED ABRUPTLY? WHAT ABOUT 'NAADY JYOTSYAM?

    ReplyDelete