Friday, November 22, 2013

എന്റെ തീർത്ഥയാത്രകൾ - 14

ഒരു കാശി യാത്രയുടെ കഥ ! 

" ഈ പരിപാവനമായ സ്ഥലം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്റെ ആഗ്രഹപ്രകാരമല്ലാതെ ഇവിടെ ഒരു സംഭവവും നടക്കില്ലാ. ഇവിടെ താമസിക്കേണ്ടി വരുന്നത് ഒരു പാപിയായാലും അവൻ ഒന്നുകൊണ്ടും ഭയപ്പെടേണ്ട കാര്യമില്ല, ഞാൻ അവനെ സംരക്ഷിക്കും. വിദൂരത്ത് താമസിക്കുന്നവരും ഭക്ത്യാദരപുരസ്സരം കാശിയെ സ്മരിച്ചാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാകും. എന്റെ സ്ഥിരം സാന്നിദ്ധ്യമുള്ള, പവിത്രമായ, പുണ്യനഗരിയാണ്‌ കാശി." മഹാദേവൻ ഈ നഗരത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണിവ.

അതിപുരാതനകാലം മുതലേ, കാശിയിലെത്തി ഗംഗാസ്നാനം ചെയ്ത് , പിതൃതർപ്പണം നടത്തി, കാശിനാഥനെ ദർശിക്കുക എന്നത് ഒരു ജന്മസാഫല്യമായി ഹിന്ദുക്കൾ കണ്ടിരുന്നു. കാശിയിൽ വച്ച് ജീവൻ വെടിയുന്നത് മോക്ഷത്തിലേക്കുള്ള ആദ്യ മാർഗ്ഗമാണന്നും അവർ കരുതുന്നു. 

ഇത് പോലെയൊരു യാത്രാവിവരണത്തിൽ ഒതുങ്ങുന്നതല്ല കാശിമാഹാത്മ്യം. ആയിരം താളുകളുള്ള ഒരു പുസ്തകത്തിനും ഈ കാശിയെ ഉൾകൊള്ളുവാൻ കഴിയുമോ എന്ന് സംശയമാണ്. ഏതായാലും എന്റെ ഭാഗത്ത് നിന്ന് ഒരു എളിയ ശ്രമം നടത്തുന്നു. അത്രമാത്രം !

Varanasi - The City of Learning and Burning !

കാശി എന്നായിരുന്നു ആദ്യ നാമം പിന്നീട് അത് ബനാറസ് ആയി, ഇപ്പോൾ വാരണാസി എന്ന പേരിൽ, ഡൽഹിയിൽ നിന്ന് 792 KM ദൂരത്ത് , ഉത്തർ പ്രദേശിന്റെ തലസ്ഥാനമായ ലക് നൗവിൽ നിന്ന് 315 KM ദൂരെ , ഗംഗയുടെ തീരത്ത് , നദികളായ വരുണയുടേയും അസിയുടേയും സംഗമ സ്ഥാനത്ത് ഈ പുണ്യനഗരി വാരണാസി സ്ഥിതി ചെയ്യുന്നു. 

"ബനാറസിന് ചരിത്രങ്ങളേക്കാൾ പഴക്കമുണ്ട് ! പരമ്പരാഗതമായ ആചാരങ്ങളേക്കാൾ പഴക്കമുണ്ട് ! ഇതിഹാസങ്ങളേക്കാൾ പഴക്കമുണ്ട് ! ഇനി ഇവയെല്ലാം കൂടി ചേർത്ത് നോക്കിയാലും ഇവയുടെ രണ്ടിരട്ടി പഴക്കം തോന്നിപ്പിക്കും!"

"Banaras is older than History, older than Tradition, older even than Legend, and looks twice as old as all of them put together " . Mark Twain തന്റെ FOLLOWING THE EQUATOR- A JOURNEY AROUND THE WORLD എന്ന പുസ്തകത്തിൽ ഈ പുണ്യസ്ഥലത്തെക്കുറിച്ച് വിവരിക്കുന്നു.

ഭാരതീയർക്ക്, യോഗനിദ്രയിലിരിക്കുന്ന പരമേശ്വരന്റെ, ആ ചൈതന്യസ്വരൂപത്തിന്റെ ഹൃദയസ്ഥാനമാണ് കാശി. യോഗികൾക്ക് ആജ്ഞാചക്രമാണ് കാശി. ഹിന്ദുക്കളുടെ പരിപാവനമായ ഈ പുണ്യനഗരം, മഹർഷിമാർ, സിദ്ധൻമാർ, തത്വചിന്തകർ, വേദപണ്ഡിതർ, കവികൾ, കലാകാരൻമാർ തുടങ്ങിയവരുടെ സ്വന്തം നഗരമായിരുന്നു.

വിശ്വനാഥക്ഷേത്രം, ദുർഗ്ഗാമാതാക്ഷേത്രം, തുളസിമാനസക്ഷേത്രം , സങ്കടമോചന ഹനുമാൻ ക്ഷേത്രം, അന്നപൂർണേശ്വരിക്ഷേത്രം, വിശാലാക്ഷിക്ഷേത്രം, കൌടീഭായ്ക്ഷേത്രം, കാലഭൈരവ ക്ഷേത്രം തുടങ്ങി ധാരാളം പ്രശസ്ത ക്ഷേത്രങ്ങളുടെ ഒരു നഗരിയാണിത്. സപ്തപുരികളായ അയോദ്ധ്യ, മഥുര, ഹരിദ്വാർ, കാഞ്ചിപുരം, ദ്വാരക, ഉജ്ജയിൻ എന്നിവയോടൊപ്പം കാശിയും ഭാരതത്തിലെ ഏഴു മുക്തി സ്ഥലങ്ങളിൽ ഒന്നാകുന്നു.

മഹാഭാരതയുദ്ധത്തിനുശേഷം, ഗോത്രഹത്യാപാപം തീർക്കുവാൻ, വ്യാസമഹർഷിയുടെ നിർദ്ദേശ പ്രകാരം പഞ്ചപാണ്ഡവർ മഹാദേവനെ കാണുവാനായി എത്തിയതും ഈ കാശിയിൽ തന്നെയാണ്. പരമേശ്വരൻ ആദിശങ്കരന്റെ മുൻപിൽ ചണ്ഡാള വേഷത്തിൽ പ്രത്യക്ഷപ്പെട്ടതും കാശിയിൽ വച്ചായിരുന്നു. ശ്രീ ബുദ്ധനും ഈ നഗരം സന്ദർശിച്ചിട്ടുണ്ട് . അദ്ദേഹം ഗംഗാസ്‌നാനം നടത്തിയ കടവ് ' മഹാനിര്‍വ്വാണ്‍ഘട്ട് ' എന്ന പേരിൽ അറിയപ്പെടുന്നു. ബോധോദയത്തിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്ത 'സാരാനാഥ് ' തൊട്ടടുത്ത് തന്നെ.

ഗംഗാനദി സ്പർശിക്കുന്ന തീരമെല്ലാം വിശുദ്ധമാണ് . പുണ്യനദിയായ ഗംഗയുടെ തീരത്തുള്ള ദശാശ്വമേധഘട്ട്, ഹരിശ്ചന്ദ്രഘട്ട് , മണികർണികഘട്ട്, പഞ്ചഗംഗഘട്ട്, തുടങ്ങി 81 ൽ പരം സ്നാനഘട്ടുകൾ ഉള്ള ഒരു നഗരം. ജൈനമതക്കരുടേയും പ്രിയ തീർഥാടനകേന്ദ്രമാണ് കാശി. തിയോസഫിക്കൽ സൊസൈറ്റി രൂപികരിക്കുവാൻ ആനീബസന്റ് തിരഞ്ഞെടുത്തതും ഈ നഗരത്തെയാണ്. 

1916 ൽ, പണ്ഡിറ്റ്‌ മദൻ മോഹൻ മാളവ്യ സ്ഥാപിച്ച ബനാറസ് ഹിന്ദു യൂണിവേഴ് സിറ്റി, 1300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നുണ്ടിവിടെ. ശ്രീ ബിർള, ഈ യൂണിവേഴ് സിറ്റി വളപ്പിനുള്ളിൽ നിർമ്മിച്ച വിശ്വനാഥക്ഷേത്രം മറ്റൊരു മാർബിൾ വിസ്മയമാണ് .

2013 ജൂണ്‍ ഒൻപതാം തീയതി രാവിലെ 7.25 നുള്ള , കൊച്ചി - ന്യൂഡൽഹി എയർ ഇന്ത്യ (AI 466) വിമാനത്തിലായിരുന്നു യാത്ര. യാത്രക്കാർ എല്ലാവരും നേരത്തേ എത്തിയത് കൊണ്ടാവാം 7.25 നുള്ള വിമാനം 7.05 ന് തന്നെ പറന്നുയർന്നു. 

പത്ത് ദിവസം നീണ്ടു നില്ക്കുന്ന ഒരു തീർത്ഥാടനത്തിന് പുറപ്പെടുകയാണ് . അതീവ പ്രാധാന്യമുള്ള ഒരു യാത്രയായിരുന്നത് കൊണ്ട് തന്നെ എന്റെ തീർത്ഥയാത്രാ ഗ്രൂപ്പ് അംഗങ്ങൾ എല്ലാം വീണ്ടും ഒത്തുകൂടി. ഡോക്ടറും, ഗോപാൽജിയും, രാജീവ്ജിയും പിന്നെ പപ്പനും ഒരുമിച്ച് വീണ്ടും ഒരു യാത്ര കൂടി... 

ഇപ്രാവശ്യം ശ്രീരാമന്റെ വഴിയിലൂടെ ഒരു യാത്ര..! വനവാസകാലത്ത് ശ്രീരാമൻ യാത്ര ചെയ്ത വഴികളിലൂടെ.., തീർത്ഥങ്ങളിലൂടെ.., ചിത്രകൂടം, വിന്ധ്യാചലം, അയോധ്യ , നന്ദിഗ്രാം, നൈമിശാരണ്യം, പ്രയാഗ്, കാശി, ഗയ, തുടങ്ങിയ പുണ്യനഗരങ്ങളിലൂടെ ഒരു യാത്ര...!

10.15 ന് വിമാനം ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലിറങ്ങി. വാരണാസിയിലേക്കുള്ള വിമാനത്തിന് വേണ്ടി ഒരു ടാക്സിയിൽ നേരേ ഡൊമസ്റ്റിക് എയർപോർട്ടിലേയ്ക്ക് ...

ഉച്ചയ്ക്ക് 1.25 നുള്ള ന്യൂഡൽഹി - വാരണാസി സ്പൈസ് ജെറ്റ് (SG 114) വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. എയർപോർട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത് ഫ്ളൈറ്റ് മൂന്ന് മണിക്ക് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് . മറ്റൊന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട്, ചെക്ക് ഇൻ ചെയ്ത് ലഗേജ് കൾ കൊടുത്തതിന് ശേഷം അവിടെക്കണ്ട ഒരു കാപ്പിക്കടയിലേക്ക് കയറി അഞ്ച് കാപ്പിയ്ക്കു പറഞ്ഞു. 

ബില്ല് വന്നപ്പോൾ വെറും അഞ്ച് കാപ്പിയ്ക്ക് 1625 രൂപ. ഖജാൻജിയായ ഡോക്ടർ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി. പപ്പൻ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു. ദോഷം പറയരുതല്ലോ നല്ല ഒന്നാന്തരം കാപ്പിയായിരുന്നു. പിന്നീടാണ് അറിഞ്ഞത് അവിടുത്തെ ഏറ്റവും വിലകുറഞ്ഞ കാപ്പിയാണ് ഞങ്ങൾ കുടിച്ചതെന്ന്. ദൈവം കാത്തുവെന്ന് ഗോപാൽജി.

കാപ്പുച്സിനോ (Cappuccino) എന്ന ഇറ്റാലിയൻ കോഫി ഡ്രിങ്ക് ആയിരുന്നു അത്. Espresso , Hot Milk , Steamed Milk Foam എന്നിവ ചേർത്ത് തയ്യാറാക്കി Milk Foam ൽ അല്പ്പം ആർട്ട് വർക്ക് ഒക്കെ ചെയ്താണ് ഇവ കൊണ്ടുവരുന്നത്. എന്നാലും നമ്മുടെ കട്ടൻ കാപ്പിയുടെ രുചി ഇതിനുണ്ടാവുമോ? സംശയമാണ്.

ഫ്ളൈറ്റ് മൂന്ന് മണിയ്ക്ക് പറന്നില്ല, പറന്നത് അഞ്ച് മണിയ്ക്ക് . ആറ് മണി കഴിഞ്ഞപ്പോൾ വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി എയർപോർട്ടിൽ എത്തി. ഡ്രൈവർ ശിവ ഇന്നോവയുമായി കാത്ത് നില്ക്കുന്നുണ്ടായിരുന്നു. എയർപോർട്ടിൽ നിന്നും സിറ്റിയിലേയ്ക്ക് 24 KM ദൂരം ഉണ്ട്. കാശി നന്നായി ചൂട് പിടിച്ച് നില്ക്കുകയാണ്. നാൽപ്പത് ഡിഗ്രിയ്ക്ക് മുകളിൽ ഏതായാലും ഉണ്ടാവും. ഇന്നോവ നന്നായി തണുപ്പിച്ചിരുന്നത് കൊണ്ട് പുറത്തെ ചൂട് അകത്തറിഞ്ഞില്ല.

ടെമ്പോ ട്രാവലെറിന്റെ മുകളിൽ ഒരു ജഡം വച്ച് കെട്ടി ദൂരെയെവിടെനിന്നോ, താള മേളങ്ങളോട് കൂടി, തമിഴ് സിനിമയിലൊക്കെ കാണുന്നത് പോലെ, കൊണ്ടുവരുന്നതാണ് ആദ്യം കണ്ടത് . നല്ല ശകുനമാണെന്ന് ജ്യോത്സ്യർ പപ്പൻ അഭിപ്രായപ്പെട്ടു. സൈക്കിൾ റിക്ഷാക്കാരുടെ ഒരു നഗരം ആണിതെന്നു വേണമെങ്കിൽ പറയാം. മനുഷ്യരും മൃഗങ്ങളും, റിക്ഷയും നിറഞ്ഞ വഴികൾ. കാളകളും എരുമകളും പശുക്കളും യാതൊരു വിധ നിയന്ത്രണവുമില്ലാതെ റോഡിൽ തലങ്ങും വിലങ്ങും പോകുന്നുണ്ട്. 

കാഴ്ചകൾക്ക് യാതൊരു ക്ഷാമവുമില്ല. ജനം തിങ്ങിനിറഞ്ഞ വീഥികൾ. സഫാരി സ്യുട്ടും ധരിച്ച് സൈക്കിളിൽ പാഞ്ഞു പോകുന്നവർ. പച്ചക്കറികളുമായി വീട്ടിലേയ്ക്ക് മടങ്ങുന്ന വീട്ടമ്മമാർ, പൂവുകളും പഴങ്ങളും വട്ടിയിൽ കൊണ്ട് നടന്നു വില്കുന്ന സുന്ദരികളായ വനിതകൾ. ക്ഷേത്രത്തിലേക്ക് ധൃതിയിൽ നടന്നു പോകുന്ന പണ്ഡിറ്റ്മാർ. കാഴ്ചകൾ കണ്ടു നടക്കുന്ന സഞ്ചാരികൾ, അവർക്ക് തോർത്ത് വില്കാൻ നടക്കുന്ന വൃദ്ധൻ. വാഴക്കൂമ്പും പച്ചമുളകും മല്ലിയിലയും മാത്രം വില്ക്കുന്ന വൃദ്ധ. എല്ലുംതോലുമായിക്കഴിഞ്ഞിരുന്ന ഒരു വൃദ്ധൻ രണ്ട് വിദേശികളേയും കൊണ്ട് സൈക്കിൾ റിക്ഷയിൽ എഴുന്നേറ്റ്നിന്ന് ചവിട്ടിപോകുന്നത് മാത്രം വേദനയോടെ നോക്കിനിന്നു. 

കാശിയിലെ ബനാറസ് സിൽക്ക് സാരികൾ, വളരെ പ്രസിദ്ധമാണ്. മനോഹരമായ ഇംബ്രോയിഡറി വർക്കുകൾ നടത്തിയ ഈ സാരികളുടെ പ്രധാന സവിശേഷത എന്നത് മുഗൾ ചിത്രകലയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഡിസൈൻസ് ആണ്. കാശിയിൽ ഈ സാരികൾക്ക് വളരെ വിലക്കുറവുണ്ട് .

സാധാരണ 30 മിനിറ്റ് കൊണ്ട് എയർപോർട്ടിൽ നിന്നും സിറ്റിയിൽ എത്താം. നല്ല തിരക്കായിരുന്നതിനാൽ കൂടുതൽ സമയം എടുത്താണ് ഹോട്ടലിൽ എത്തിയത്. വൈകുന്നേരം 'ഗംഗാ ആരതി' കാണാമെന്നുള്ള മോഹം നടന്നില്ല. 

ഹോട്ടൽ മുറ്റത്ത് പൂത്തുലഞ്ഞു നില്ക്കുന്ന ഒരു അശോകമരത്തിന്റെ ചുവട്ടിൽ കാറ് ചെന്ന് നിന്നു. വള്ളിച്ചെടി ഒരെണ്ണം ഹോട്ടലിലേയ്ക്കുള്ള ഇലക്ട്രിക്‌ ലൈനിൽ ചുറ്റിപ്പടർന്ന് , പുഷ്പിച്ച് നിറയെ വെള്ളപ്പൂക്കളുമായി തൂങ്ങിക്കിടന്ന് ഇളംകാറ്റിൽ ആടുന്നത് കാണാം. പ്രാവുകൾ കൂട്ടം കൂടി സണ്‍ഷെയിഡിൽ വന്നിരുന്ന് കുറുകുന്നുണ്ടായിരുന്നു. അസ്തമയ സൂര്യൻ ചുവപ്പ് വാരിവിതറി, കിട്ടിയ സമയം കൊണ്ട് , കാശിയുടെ ആകാശം ഒരു ചുവന്ന പരവതാനിയാക്കി മാറ്റിയിരുന്നു. അതിനു മാറ്റ് കൂട്ടുവാനെന്നവണ്ണം തൊട്ടടുത്തുള്ള ട്രാൻസ് ഫോർമറിൽ  നിന്നും തീപ്പൊരികൾ ചിന്നിച്ചിതറിക്കൊണ്ടിരുന്നു.

നരച്ച യൂണിഫോമിലുള്ള സെക്യൂരിറ്റിക്കാരൻ ചാടി എഴുന്നേറ്റ് ഒരു സല്യൂട്ട് നല്കി, ചെറു പുഞ്ചിരിയോടെ, ഗ്ളാസ് ഡോർ തുറന്ന് ഞങ്ങളെ അകത്തേക്ക് സ്വാഗതം ചെയ്തു. ഹോട്ടലിന്റെ വിശാലമായ നടുത്തളത്തിലൂടെ ലിഫ്റ്റിൽ കയറി മൂന്നാം നിലയിലുള്ള മുറിയിൽ എത്തി. ഇനി ഇന്ന് പരിപൂർണ വിശ്രമം. കുളിച്ചു ഒന്ന് ഫ്രഷ്‌ ആയി താഴെയുള്ള ഹോട്ടലിന്റെ പൂമുഖത്തേയ്ക്കു നടന്നു.

ഒരിടത്ത് ഒരു ലോറിയിൽ പത്തഞ്ഞൂറ് കോഴികളുമായി ഒരു കോഴിവണ്ടി. ഇതിനെ കറിവച്ചും വറുത്തും കൊടുക്കുന്ന ഒരു ഇരുപതു കടകളെങ്കിലും തൊട്ടടുത്ത് ഉണ്ട്. വലിയ ആൾക്കൂട്ടം കണ്ട് നോക്കിയപ്പോൾ മനസ്സിലായതാണിത്.

രാവിലെ തന്നെ നല്ല ഭക്ഷണം കിട്ടുന്ന കട തിരക്കിയിറങ്ങി. ഒരു പുതിയ സ്ഥലത്ത് ചെന്നാൽ ആദ്യ ജോലി ഇതായിരിക്കും. അങ്ങനെ അലച്ചിലിന്റെ അവസാനം, പാലക്കാട്ടുള്ള ഒരു കണ്ണൻ മേനോന്റെ കടയിൽ ചെന്ന് കയറി. ഒരു ഒറ്റ മുറി കടയും പുറകിൽ ഒരു കുശിനിപ്പുരയും. മുൻവശത്ത് പമ്പ്‌ ചെയ്യുന്ന മണ്ണെണ്ണ സ്റ്റൗവ്വിൽ, വലിയ ഒരു പാത്രം നിറയെ പാൽ തിളച്ചു മറിയുകയാണ്. ബിവറേജസ്സിൽ ക്ഷമയോടു കൂടി ക്യൂ നില്ക്കുന്നത് പോലെ, ഇവിടേയും നല്ല ചൂട് പാലിന് വേണ്ടി ജനം തിരക്ക് കൂട്ടുകയാണ്. 

വറുത്തെടുത്ത കസ് കസും [Poppy Seed] ബദാമും [Almond] ബ്ളെൻഡറിൽ [Blender] അരച്ചെടുത്ത്, ആ മിശ്രിതത്തിൽ പഞ്ചസാരയും ശുദ്ധമായ പശുവിൻ പാലും ഏലയ്ക്കയും [Cardamom] ചേർത്തെടുത്ത് ചൂടോടു കൂടി കൊടുക്കുന്നു. എങ്ങനെ ജനം ഇടിച്ച് കയറാതിരിക്കും? 

കഴിക്കാനെന്തുണ്ടെന്ന് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരം കേട്ടൊന്ന് ഞെട്ടി ! 'പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റൂവും '. എങ്ങനെ ഞെട്ടാതിരിക്കും! സ്ഥലം കാശിയാണേ!

നല്ല ചൂടോട് കൂടിയ, മൃദുവായ, തീരെ കനം കുറഞ്ഞ പാലപ്പം. ശുഭ്ര വർണ്ണത്തിൽ , നടുഭാഗം ഉയർന്ന്, നിറയെ സുഷിരങ്ങളുമായി വശങ്ങളിലേക്ക് ഒതുങ്ങി, അറ്റം നന്നായി മൊരിഞ്ഞുയർന്ന് , ഒന്ന് തൊട്ട്നോക്കിയാൽ താഴോട്ടു പതുങ്ങുന്ന, വായിലിട്ടാൽ മധുരം കിനിയുന്ന, നറുനിലാവ് പോലെയുള്ള പാലപ്പം. 

കുതിർത്ത അരിയും തിരുമ്മിയ തേങ്ങയും ഒരു നുള്ള് യീസ്റ്റും അല്പ്പം ചോറും ചേർത്ത് നന്നായി അരച്ചെടുത്ത മാവിൽ കുറച്ച് പഞ്ചസാരയും പാകത്തിന് ഉപ്പും ചേർത്ത് നമ്മുടെ നാടൻ ചീനച്ചട്ടിയിൽ ചുട്ടെടുത്തിരിക്കുന്നു. ബലേ ഭേഷ് ! 

ചെറുതായി കീറിയ വെളുത്തുള്ളിയും സവാളയും പച്ചമുളകും കറിവേപ്പിലയും കൂടി വെളിച്ചെണ്ണയിൽ നന്നായി വഴറ്റി, കഷണങ്ങളാക്കിയ ഉരുളക്കിഴങ്ങും മസാലയും [വറുത്തെടുത്ത മല്ലിപ്പൊടിയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും അല്പ്പം പെരുംജീരകവും] പാകത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിച്ച് അതിൽ തേങ്ങാപ്പാലും മിക്സ് ചെയ്ത് ചെറുതീയിൽ വേവിച്ചെടുത്ത ഈ ഉരുളക്കിഴങ്ങ് സ്റ്റൂവിന്റെ ടേസ്റ്റ് ഒന്ന് വേറേ തന്നെ..! ആരും നമിച്ച് പോകും. 

അടുക്കളയിൽ കയറി കുശിനിക്കാരന് നന്ദിയും പറഞ്ഞ് ടിപ്പും കൊടുത്ത് പുറത്തിറങ്ങി. 

തിക്കും തിരക്കുമായി, കാളകളുടേയും പശുവിന്റേയും ചാണകവും മൂത്രവും വീണ് മലീമസമായ, വൃത്തിഹീനമായ, ഇടുങ്ങിയ വീഥികളിലൂടെയാണ് വിശ്വനാഥക്ഷേത്രത്തിലേയ്ക്ക് പോകേണ്ടത്. നമ്മുടെ പല മെട്രോ നഗരങ്ങളുടെയും അവസ്ഥ കണ്ടിട്ടുള്ള എനിക്ക് ഇത് അത്ര കാര്യമായി തോന്നിയില്ല.

കനത്ത സെക്യൂരിറ്റിയാണ് ക്ഷേത്ര പരിസരത്ത്. മൊബൈൽ, ക്യാമറ, വാച്ച് , ബെൽറ്റ് തുടങ്ങിയ സാധനങ്ങൾ എല്ലാം അടുത്തുള്ള കടയിൽ ഏൽപ്പിക്കാൻ ഗൈഡ് ആവശ്യപ്പെട്ടു. പകരം അർച്ചനയ്ക്കുള്ള പൂജാവിഭവങ്ങൾ അവിടെ നിന്ന് വാങ്ങണമെന്ന കരാർ ഉണ്ടെന്ന് മാത്രം.

മെറ്റൽ ഡിറ്റക്ടർ വഴി ചെക്ക് ചെയ്താണ് അകത്തു കയറ്റുന്നത്. മെറ്റൽ ഡിറ്റക്ടറിന്റെ അടുത്ത് ചെല്ലണമെങ്കിൽ അരമണിക്കൂർ ക്യൂവിൽ നില്ക്കണം. ചെക്കിംഗ് കഴിഞ്ഞു അകത്തു കയറിയാൽ ക്ഷേത്ര വാതിലിനടുത്ത് വീണ്ടും ക്യൂ ആണ്. ഒരു ഗ്രൂപ്പ് ആയി മാത്രം അകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നു. കാശിനാഥനെ കാണാനല്ലേ ഇതൊന്നും ഒരു പ്രശ്നമേയല്ല. ക്ഷേത്രത്തിനകത്ത് കയറിയപ്പോൾ വീണ്ടും ഒരു അൻപത് പേരുടെ ക്യൂ . ഗൈഡിന്റെ മിടുക്ക് കാരണം അഞ്ചു മിനിട്ട് കൊണ്ട് കാശിനാഥന്റെ അടുത്തെത്തി. 

ദ്വാദശ ജ്യോതിർലിംഗങ്ങളിൽ ഒന്നായ വിശ്വനാഥലിംഗത്തിന്റെ മുൻപിലാണ്‌ ഞാനിപ്പോൾ നില്ക്കുന്നത്. ഭാരതത്തിലെ ആദ്യ ജ്യോതിർലിംഗം ഇതാണ് . ഇവിടെയാണ് ജ്യോതിർലിംഗം ഒരു പ്രകാശസ്തംഭം പോലെ ഭൂമിയിൽ നിന്ന് ഉത്ഭവിച്ച് സ്വർഗ്ഗത്തിലേയ്ക്ക് ഉയർന്നത് . [The fiery pillar of Light, broke through the Earth's crust and flared towards the Heavens]. പ്രാണേശ്വരനും വിശ്വേശ്വരനുമായ ആ ജ്യോതിസ്വരൂപനെ ജ്യോതിയുടെ പ്രതീകമായി ഈ ജ്യോതിർലിംഗത്തിൽ ആരാധിക്കുന്നു. 

ഭക്തജനങ്ങൾ ഇവിടെയെത്തി, ജ്യോതിർലിംഗത്തെ ഗംഗാജലം കൊണ്ട് അഭിഷേകവും പുഷ്പാർച്ചനയും നടത്തുന്നു. ശ്രീകോവിലിനുള്ളിൽ സമചതുരത്തിലുള്ള, വെള്ളിയിൽ നിർമ്മിതമായ റ്റബിനുള്ളിലെ പീഠത്തിലാണ് ശിവലിംഗം പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. 
കാശി വിശ്വനാഥലിംഗം
 മൂന്ന് വശങ്ങളും പൂജാരിമാരും അവരുടെ ശിങ്കിടികളും വളഞ്ഞു നില്ക്കുകയാണ്. മറ്റേ വശത്ത് രണ്ടറ്റവും സെക്യൂരിറ്റികളും. ഒരു മിനിറ്റ് കഷ്ടിച്ച് ദർശനം ലഭിച്ചാൽ പൂർവ്വജന്മസുകൃതം എന്ന് കരുതിയാൽ മതി. അത് കഴിഞ്ഞാൽ തൂക്കിയെടുത്ത് വെളിയിൽ കളയും. അത്യാർത്തിക്കാരും ദുർമോഹികളുമായ ഈ പാണ്ഡകൾ നമ്മുടെ മനസ്സ് മടുപ്പിക്കുന്നു. അസ്സൽ പിടിച്ചുപറിതന്നെ. കോളറിന് പിടി വീഴുന്നതിന് മുൻപ് ശിവലിംഗത്തെ വണങ്ങി പുറത്തിറങ്ങി. ശ്രീ ശങ്കരാചാര്യർ പണ്ട് സൂചിപ്പിച്ചിട്ടുള്ളത് ഇവരെക്കുറിച്ചായിരിക്കുമോ എന്ന് ഒരു നിമിഷമോർത്തുപോയി.

ഫലാദ് വാ പുണ്യാനാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേ അപി സ്വാമിൻ ഭവദമലപാദാബ്ജയുഗളം 
കഥം പശ്യേയം മാം സ്ഥഗയതി നമ:സംഭ്രമജൂഷാം 
നിലിംപാനാം ശ്രേണിർനിജകനകമാണിക്യമകുടൈ:

[സർവ്വവ്യാപിയായ അല്ലയോ ഭഗവാനേ, എന്നാൽ ചെയ്യപ്പെട്ട പുണ്യകർമ്മങ്ങളുടെ ഫലമായോ ഭവത്കാരുണ്യമൂലമായോ പരമകാരുണ്യകനായ അവിടുന്ന് എന്നിൽ പ്രസന്നനും പ്രീതനുമായിരിക്കുന്നുവെങ്കിലും അങ്ങയുടെ പാദപങ്കജദ്വന്ദ്വത്തെ ഞാനെങ്ങനെയാണ് ദർശിക്കുന്നത്? 

പ്രീതിസേവാസൂചക സംഭ്രമബാധിത ചിത്തങ്ങളോടെ അങ്ങയെ നമസ്കരിക്കുന്ന ദേവ സമൂഹത്തിന്റെ കനകനിർമ്മിതങ്ങളും മാണിക്യരത്നങ്ങൾ പതിച്ചവയുമായ കിരീടങ്ങൾ എന്റെ ദൃഷ്ടിയിൽ നിന്നും ഭഗവാന്റെ പാദപങ്കജത്തെ മറയ്ക്കുന്നുവല്ലോ? 

യഥാർഥ ഭക്തരിൽ നിന്നും ഈശ്വരനെ അകറ്റിനിർത്തുന്നവരുടെ സ്വാധീനം വിളിച്ചറിയിക്കുന്നതാണ് ഈ പരാമർശം. അവരാൽ കളങ്കപ്പെട്ട ഈശ്വരപാദങ്ങൾ ഭക്തർക്ക് പ്രാപ്യമല്ലെന്നു മാത്രമല്ല ഈശ്വരനുപോലും ആ അധിനിവേശത്തിൽ നിന്നും മോചനമില്ലെന്നും സൂചിപ്പിക്കുന്നു]

ക്ഷേത്രത്തിനു വെളിയിലിറങ്ങി ചുറ്റും ഒന്ന് കണ്ണോടിക്കുമ്പോൾ ആദ്യം കാണുന്നത് 15.5 മീറ്റർ ഉയരമുള്ള സ്വർണ്ണ വർണ്ണ ഗോപുരമാണ്. വിസ്മയാവഹമായ ശില്പവൈദഗ്ധ്യത്തിന്റെ മകുടോദാഹരണമായ ഈ ഗോപുരം മുഴുവൻ സ്വർണം പൂശിയിരിക്കുന്നു. മഹാരാജാ രഞ്ജിത്ത്സിംഗ് ഒരു ടണ്‍ സ്വർണമാണ് ഇതിനുവേണ്ടി നല്കിയത്. 
കാശി വിശ്വനാഥക്ഷേത്രഗോപുരം
1194 ൽ മുഹമ്മദ് ഗോറി, അതിന് ശേഷം കുത്തബ്ദീൻ ഐബക്, 1351 ൽ ഫിറൂസ് ഷാ തുഗ്ളക്ക്, 1669 ൽ ഔറംഗസേബ് എന്നിവർ തകർത്ത് തരിപ്പണമാക്കിയ ഈ ക്ഷേത്രം പിന്നീട് പുനർനിർമ്മിച്ചത് മാൾവാ രാജവംശത്തിലെ റാണി അഹല്യാഭായി ആണ്. 1983 മുതൽ ക്ഷേത്ര ഭരണം ഉത്തർപ്രദേശ് ഗവണ്മെന്റിന്റെ സാംസ്കാരിക വകുപ്പ് ഏറ്റെടുക്കുകയുണ്ടായി.

എല്ലാ ദിവസവും രാത്രി ഏഴ് മണിക്ക് സപ്തർഷിമാർ ഇവിടെ പൂജ നടത്താൻ എത്തുമെന്ന വിശ്വാസത്തിൽ, ഏഴ് ഗോത്രത്തിൽ നിന്നുള്ള ഏഴ് പൂജാരിമാർ ഒരേ സമയം ഭഗവാന് ഇവിടെ 'സപ്തർഷി ആരതി' നടത്തുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന ആരതികളിലോന്നാണിത്. ഈ ആരതിയിൽ പങ്കെടുക്കുവാനുള്ള ഭാഗ്യം എല്ലാ തീർത്ഥാടകർക്കും ലഭിക്കാറില്ല. 

ബ്രഹ്മാവിന്റെ തലനുള്ളി എടുത്തത് മൂലമുണ്ടായ ബ്രഹ്മഹത്യാപാപം തീർക്കുവാൻ വേണ്ടി മഹാദേവൻ ആദ്യം ബദരീ ആശ്രമത്തിൽ എത്തുകയും മഹാവിഷ്ണുവിനെ കാണാൻ പറ്റാതെ അവിടെ നിന്നും യമുനയിൽ സ്നാനം ചെയ്യാൻ പോകുകയുണ്ടായി. എന്നാൽ ആ സമയം യമുനാനദിയിലെ ജലം വറ്റുകയും നിരാശനായി ഭഗവാൻ അവിടെ നിന്ന് കാളിന്ദിയിലും, പുഷ്കരാരണ്യം, ധർമ്മാരണ്യം, നൈമിശാരണ്യം തുടങ്ങിയ മറ്റ് തീർത്ഥങ്ങളിൽ പോയെങ്കിലും അവിടെയെല്ലാം മഹാദേവൻ എത്തുമ്പോൾ തീർത്ഥങ്ങൾ വറ്റിവരളുന്നതിനാൽ സ്നാനം നടത്താൻ അവസരം ഉണ്ടായില്ല. 

അവസാനം കുരുക്ഷേത്രത്തിൽ വച്ച് മഹാവിഷ്ണുവിനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശ പ്രകാരം, സർവ്വപാപനാശിനികളായ വരുണാ നദിയുടേയും അസി നദിയുടെയും സംഗമസ്ഥാനമായ പുണ്യനഗരിയിൽ, പാപഹരനായ സൂര്യഭഗവാന്റെ സാന്നിദ്ധ്യമുള്ള വാരണാസിയിൽ എത്തി, കേശവൻ വസിക്കുന്ന ദശാശ്വമേധ തീർത്ഥത്തിലും മറ്റു പുണ്യ തീർത്ഥങ്ങളിലും സ്നാനം ചെയ്ത് ഭഗവാൻ തന്റെ ബ്രഹ്മഹത്യാപാപം തീർക്കുകയുണ്ടായി. കാശിയുടേയും കാശിയിലെ തീർത്ഥങ്ങളുടേയും പ്രസക്തി അങ്ങനെയാണ് തുടങ്ങുന്നത്.

എവിടെ നോക്കിയാലും ജനം ഗംഗയെപ്പോലെ അങ്ങ് ഒഴുകുകയാണ്. എങ്ങും മണിനാദവും മന്ത്രധ്വനികളും മാത്രം. സ്നാനഘട്ടിൽ കുളിക്കുന്നവർ, പിതൃതർപ്പണം നടത്തുന്നവർ, പാണ്ഡകളുടെ മുൻപിൽ കുമ്പിട്ടിരുന്നു മന്ത്രം ചൊല്ലുന്നവർ. പാപമുക്തിയ്കായി ഈ പുണ്യനദിയിൽ മന്ത്രോച്ചാരണത്തോട് കൂടി മുങ്ങി നിവരുന്നവർ. ഗംഗാ സ്നാനവും കഴിഞ്ഞു അഭിഷേക ജലവുമായി ക്ഷേത്ര ദർശനത്തിനു പോകുന്നവർ. ഭക്തിഗാനവും ചൊല്ലി ഓലക്കുടകളും ചൂടി നടന്നുനീങ്ങുന്നവർ, ഓലക്കെട്ടുകളും നിവർത്തി സ്നാനഘട്ടിന്റെ പടികളിലിരുന്നു ചർച്ചകൾ നടത്തുന്നവർ. 
കാശിയിലെ ഗംഗ
ഗംഗാ ജലം കുടങ്ങളിൽ നിറച്ച് നാട്ടിലേയ്ക്ക് തന്റെ പ്രിയപ്പെട്ടവർക്കായി കൊണ്ടുപോകുന്നവർ. ഉദയസൂര്യനെ നോക്കി ഗായത്രി മന്ത്രം ഉരുവിടുന്നവർ. ഉപനയനത്തിനു മുൻപ് തല ഒന്ന് മൊട്ടയടിച്ച് ഗംഗാ സ്നാനം നടത്താൻ കുട്ടികളുമായി എത്തിയ മാതാപിതാക്കൾ. ശ്മശാനഘട്ടുകളിൽ ജഡവുമായി കാത്തു നിൽക്കുന്നവർ, പിന്നെ തീർത്ഥാടകരെ ക്യാൻവാസ് ചെയ്യാൻ വരുന്ന പാണ്ഡകളുടേയും കച്ചവടക്കാരുടെയും ഏജന്റുമാർ... അങ്ങനെയങ്ങനെ ആ നിര നീളുകയാണ്.

ദിവസവും ഒരു ലക്ഷത്തിന് മുകളിൽ തീർത്ഥാടകർ ഈ നഗരത്തിലെത്തുന്നുവെന്ന് കണക്കാക്കുന്നു. അതിനാലാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഈ നഗരം എല്ലാ സമയവും സജീവമാകുന്നത്.

നവംബർ/ഡിസംബർ മാസത്തിൽ നടക്കുന്ന പ്രധാന ആഘോഷമാണ് ഗംഗോത്സവം, ഗംഗയെ ആദരിക്കുന്ന ഈ ഉത്സവത്തിൽ, പതിനായിരങ്ങൾ ആരതിയുമായി ഗംഗയെ പൂജിക്കുന്നു. മണ്‍ചിരാതിൽ കത്തിനില്ക്കുന്ന ആയിരക്കണക്കിനു ദീപങ്ങൾ ഗംഗയിലൂടെ ഒഴുകി വരുന്ന കാഴ്ച നിർന്നിമേഷരായി നമ്മൾ നോക്കി നിന്ന് പോകും. നൂറു കണക്കിന് ഭക്തർ ഇവയെ ബോട്ടിൽ അനുഗമിക്കുന്നതും കാണാം. 


ശിവരാത്രി, നവരാത്രി, ജന്മാഷ്ടമി, ശ്രാവണ്‍ മഹോത്സവം, ദീപാവലി തുടങ്ങിയ ദിവസങ്ങളിൽ അഭൂതപൂർവമായ ജനത്തിരക്ക് ആയിരിക്കും. 14 വർഷത്തെ വനവാസത്തിനു ശേഷം ശ്രീരാമചന്ദ്രനെ സഹോദരൻ ഭരതൻ സ്വീകരിച്ച് ആനയിച്ചതിന്റെ സൂചകമായി 'ഭരത് മിലപ്' ഉത്സവവും ഇവിടെ ആഘോഷിക്കുന്നു.

പഞ്ചമാധവക്ഷേത്രങ്ങളിലൊന്നായ 'ബിന്ദുമാധവക്ഷേത്രം' കാശിയിലെ പഞ്ചഗംഗഘട്ടിനടുത്ത് സ്ഥിതി ചെയ്യുന്നു. വൃതാസുരനെ വധിച്ചത് മൂലമുണ്ടായ ബ്രഹ്മഹത്യാപാപം തീർക്കുവാനായി ഇന്ദ്രൻ സമർപ്പിച്ച മഹാവിഷ്ണുവിന്റെ അഞ്ചു ക്ഷേത്രങ്ങളാണ് പഞ്ചമാധവക്ഷേത്രങ്ങൾ. മറ്റു മാധവക്ഷേത്രങ്ങളായ 'വേണിമാധവൻ' പ്രയാഗിലും, 'കുന്തീമാധവൻ' പീതാപുരത്തും 'സേതുമാധവൻ' രാമേശ്വരത്തും 'സുന്ദരമാധവൻ' തിരുവനന്തപുരത്തും ഉണ്ട്. 

കാഞ്ചി കാമാക്ഷിയേയും മധുര മീനാക്ഷിയേയും മുൻപ് കണ്ടിരുന്നു. ഇനി കാശി വിശാലാക്ഷിയെക്കൂടി കാണുവാൻ പോകുന്നതിലുള്ള ആവേശത്തിലായിരുന്നു ഞാൻ. മഹായോഗിയും ലോകഗുരുവും ജിതേന്ദ്രിയനും കാമദഹനനുമായ ഭഗവാൻ ശിവൻ പോലും ആ സൌന്ദര്യ ലഹരിയിൽ ആമഗ്നനായി ആനന്ദസായൂജ്യമനുഭവിക്കുന്നുണ്ടല്ലോ? ആ രൂപത്തെക്കുറിച്ച് ശ്രീ ശങ്കരാചാര്യർ വർണ്ണിച്ചത് തന്നെ ആദ്യം മനസിലേക്കോടിയെത്തി. 

അരാലൈ: സ്വാഭാവ്യാദലികലഭസശ്രീഭിരലകൈ:
പരീതം തേ വക്ത്രം പരിഹസതി പങ്കേരുഹരുചീം 
ദരസ്മേര യസ്മിൻ ദശനരുചികിഞ്ജല്കരുചിരേ 
സുഗന്ധൗ മാദ്യന്തി സ്മരദഹനചക്ഷുർമധുലിഹ:

[അല്ലയോ ദേവീ ! സ്വാഭാവികമായി ചുരുണ്ടതും വണ്ടിൻ കൂട്ടങ്ങൾക്ക് തുല്യമായ കാന്തിയോടു കൂടിയതുമായ, കുറുനിരകളാൽ ചുറ്റപ്പെട്ട, ദേവിയുടെ മുഖം താമരപൂവിന്റെ മനോഹാരിതയെ തോല്പ്പിക്കുന്നു. അല്പ്പം വിടർന്ന പുഞ്ചിരിയോട് കൂടിയതും ദന്തങ്ങളുടെ കാന്തിയാകുന്ന കേസരങ്ങളാൽ മനോഹരമായതും, സുഗന്ധത്തോടു കൂടിയതുമായ, ആ മുഖകമലം, കാമദേവനെ ഭസ്മീകരിച്ച, കാമവൈരിയായ ശിവന്റെ കണ്ണുകൾക്ക് പോലും ആനന്ദത്തെ പ്രദാനം ചെയ്യുന്നല്ലോ?]

കാശി വിശാലാക്ഷി ക്ഷേത്രം പതിനെട്ട് ശക്തിപീഠങ്ങളിൽ ഒന്നാണ്. കാഞ്ചി കാമാക്ഷി ക്ഷേത്രം പോലെയോ മധുര മീനാക്ഷി ക്ഷേത്രം പോലെയോ ഉള്ള വലിപ്പം ഈ ക്ഷേത്രത്തിനില്ല. വളരെ മനോഹരമായ, മനസ്സിന് ആനന്ദം പകരുന്ന, ദേവിയുടെ പ്രതിഷ്ഠ. അതിന് പുറകിലായി സ്വയംഭൂബിംബവും കാണാം. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച ശ്രീ യന്ത്രത്തിലാണ് പൂജകൾ ചെയ്യുന്നത്. ശ്രീയന്ത്രത്തിന് ഇവിടെ കുങ്കുമാർച്ചന ചെയ്യുന്നത് വളരെ പുണ്യമായി കരുതുന്നു.

സാക്ഷി വിനായക ക്ഷേത്രം വിശ്വനാഥക്ഷേത്രത്തിന്റെ തൊട്ടടുത്ത് തന്നെ. വിശ്വനാഥനെ കാണാൻ വരുന്ന ഭക്തരുടെ കണക്കുകൾ വിനായകൻ സൂക്ഷിക്കുന്നുവെന്ന് വിശ്വസിക്കുന്നു. 

അന്നപൂർണേശ്വരി ക്ഷേത്രവും അടുത്ത് തന്നെയുണ്ട്‌. അന്നപൂർണേശ്വരിയുടെ മനോഹര വിഗ്രഹം ഒരുപാട് കാലം മനസ്സിൽ തങ്ങിനില്ക്കും. പ്രധാന പ്രതിഷ്ഠയെക്കൂടാതെ ധാരാളം ഉപപ്രതിഷ്ഠകളും ഇവിടെയുണ്ട്. ഭഗീരഥൻ തപസ്സ് ചെയ്ത് ഗംഗാദേവിയെ ഭൂമിയിലേയ്ക്ക് കൂട്ടി കൊണ്ട് വരുന്ന ഒരു ബിംബം ആരേയും ആകർഷിക്കും. 

കാശി നഗരത്തിന്റെ കാവൽക്കാരനാണ് കാലഭൈരവൻ. പരമേശ്വരന്റെ കോപാഗ്നിയിൽ നിന്നും ഉത്ഭവിച്ചതാണ് ഭൈരവൻ. ജനിച്ചപ്പോൾ തന്നെ, പരമേശ്വരനെ ആക്ഷേപിച്ച, ബ്രഹ്മാവിന്റെ ഒരു തല ഭൈരവൻ നുള്ളിയെടുത്തു. അത്രയേ പറ്റിയുള്ളൂ. തന്റെ അനുവാദം ഇല്ലാതെ ഇങ്ങനെ ചെയ്തതിന് മഹാദേവൻ ഭൈരവനെ ശപിച്ച് ഒരു വൃക്ഷമാക്കി മാറ്റി. പിന്നീട് ഭഗവാൻ തന്നെ ശാപമോക്ഷവും നല്കി. ദേവൻമാരെ പൂജിക്കുന്നവർ പൂർണ്ണഫലത്തിന് വേണ്ടി ഭൈരവനെയും പൂജിയ്ക്കുമെന്ന് പറഞ്ഞ് അനുഗ്രഹിച്ചു. 
കാലഭൈരവൻ
ശ്വാനവാഹകനായ കാലഭൈരവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പ്രസിദ്ധമായ 'കാശി നൂൽ' ഇവിടെ നിന്നാണ് പൂജിച്ച് വാങ്ങുന്നത്. ചരടുകൾ പൂജിച്ച് തരുമ്പോൾ ദക്ഷിണ കണക്കു പറഞ്ഞ് വാങ്ങും. തലയിൽ കൈവച്ച് ഒരു അനുഗ്രഹവും പുറത്ത് മൂന്ന് അടിയും നല്കുന്ന ഒരു രീതി ഇവിടെ കാണുന്നുണ്ട്. ദക്ഷിണ കുറഞ്ഞ് പോയതിനാൽ ഗോപാൽജിയ്ക്ക് പുറത്ത് ശക്തമായ മൂന്ന് അടി കിട്ടി. 

അസിനദിക്കരയിലാണ് സങ്കടമോചന ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭക്തരുടെ സങ്കടങ്ങൾ എല്ലാം തീർത്തു കൊടുക്കുന്നതിനാൽ ഈ ക്ഷേത്രത്തിൽ എലായ്പ്പോഴും തിരക്ക് തന്നെയാണ്. ശ്രീരാമന്റെയും സീതയുടെയും പ്രതിഷ്ഠകളും ഇവിടെയുണ്ട്.

ഭക്തകവി തുളസീദാസ്‌ രാമചരിതമാനസം എഴുതിയ സ്ഥലത്ത് മനോഹരമായ ഒരു മാർബിൾ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നു. രാമചരിതമാനസം മുഴുവൻ ഇവിടെ മാർബിളിൽ കൊത്തിവച്ചിട്ടുണ്ട്. ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. രാമായണം വായിക്കുന്ന തുളസീദാസിന്റെ ശിൽപ്പം മനോഹരമാണ്. 

അതിപുരാതനമായ ദുർഗ്ഗാമാതാക്ഷേത്രം പാണ്ഡവർ നിർമ്മിച്ചതാണെന്ന് കരുതുന്നു. പല പ്രാവശ്യം ഈ ക്ഷേത്രം നശിപ്പിക്കപ്പെട്ടിരുന്നു. ഭീതിയുണർത്തുന്ന ദുർഗ്ഗാമാതയുടെ ഒരു പ്രതിഷ്ഠയാണ് ഇത്.

കൌടീഭായ്ക്ഷേത്രം നഗരാതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. കാശി ദർശനം പൂർത്തിയാകുന്നത് ഇവിടെയെത്തി ദേവിയെ വന്ദിക്കുമ്പോഴാണ്. കാശിയുടെ ഗ്രാമദേവതയാണീ ദേവി. കവടിയാണ് ഇവിടുത്തെ പ്രധാന വഴിപാട്. അടുത്തുള്ള കടയിൽ നിന്ന് കവടികൾ വാങ്ങി ഭക്തർ ദേവിയ്ക്ക് സമർപ്പിക്കുന്നു.

ഗംഗയിലൂടെയുള്ള ഈ ബോട്ട് യാത്ര മറക്കുവാനാവാത്ത ഒരു അനുഭവം തന്നെയാണ് . ഞങ്ങൾ കാശിയിലെത്തിയ ദിവസങ്ങളിൽ ജലനിരപ്പ് ഒരുപാടു താഴ്ന്നിരുന്നു. ഗംഗയുടെ സ്നാന ഘട്ടുകളിലൂടെയുള്ള ഈ യാത്ര ഒരു അനുഭവമാണ് . ഭാരതത്തിലെ രാജകുടുംബങ്ങൾ നിർമ്മിച്ചവയാണ് ഈ ഘട്ടുകളിലേറെയും. കാശിയിലെത്തുന്ന ഭക്തർ പിതൃതർപ്പണം നടത്തുന്നത് ഈ ഘട്ടുകളിലാണ്. 

കാശിയിലെ ഏറ്റവും പ്രധാനപ്പെട്ട, ദശാശ്വമേധഘട്ട് അതിപുരാതനമാണ്. ബ്രഹ്മാവ്‌ ദശാശ്വമേധയജ്ഞം ഇവിടെ വച്ചാണ് നടത്തിയെതെന്ന് കരുതുന്നു. ഏറ്റവും മനോഹരമായ ഘട്ടും ഇത് തന്നെ. വൈകുന്നേരങ്ങളിൽ ഇവിടെ വച്ച് നടത്തുന്ന ഗംഗാ ആരതിയിൽ പങ്കെടുക്കുവാൻ പതിനായിരങ്ങൾ കരയിലും ഗംഗയിലുമായി ഒത്തുകൂടുന്നു. ആ സമയം ദീപപ്രഭയാൽ മുങ്ങി നില്ക്കുന്ന ഈ ദശാശ്വമേധഘട്ടിന്റെ ഭംഗി അവർണനീയമാണ്.
ഗംഗാ ആരതി ദശാശ്വമേധഘട്ടിൽ
മണികർണികഘട്ടിൽ ചിതകൾ കത്തുന്നത് ദൂരെ നിന്നേ കാണാം. കാശിയിലെ ഏറ്റവും പ്രശസ്തമായ ശ്മശാനം ആണിത്. ഞങ്ങൾ അവിടെ ചെന്നപ്പോൾ തന്നെ എട്ട് ജഡങ്ങൾക്ക് ചിതയൊരുക്കിയിരുന്നു. ഒരു ജഡം ദഹിപ്പിക്കണമെങ്കിൽ എണ്ണായിരം രൂപ കെട്ടിവെയ്ക്കേണ്ടതായിട്ടുണ്ട്.മണികർണികഘട്ട് ഒരു ശക്തിപീഠവും കൂടിയാണ് . 
ഹരിശ്ചന്ദ്രഘട്ട്

ഹരിശ്ചന്ദ്രഘട്ടിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. രാജാഹരിശ്ചന്ദ്രൻ കാവൽക്കാരനായിരുന്ന, പുരാണങ്ങളിൽ പറയുന്ന ശ്മശാനം ഇതുതന്നെയാണ്. ദൂരെ ദേശങ്ങളിൽ നിന്ന് പോലും മൃതദേഹം ദഹിപ്പിക്കുവാൻ വേണ്ടി ഇവിടെ കൊണ്ടുവരുന്നു. ഹരിശ്ചന്ദ്രഘട്ടിൽ ദഹിപ്പിച്ചാൽ മോക്ഷം കിട്ടുമെന്ന വിശ്വാസം തന്നെ ഇതിന് കാരണം.
ഗംഗയിൽ പിതൃതർപ്പണം ചെയ്യുന്നവർ
ഗംഗയിൽ മുക്കി ശുദ്ധി ചെയ്ത ആ വൃദ്ധന്റെ ജഡത്തിനു മുകളിൽ അവസാനത്തെ വിറകും വച്ചിട്ടയാൾ അഗ്നി കൊളുത്തിയിരിക്കുന്നു. ആരവങ്ങൾ ഒഴിഞ്ഞു. മണിയൊച്ചയും മന്ത്രോച്ചാരണവും നിലച്ചു. അന്തരീക്ഷം ഒരു നിമിഷം ഒന്ന് നിശ്ശബ്ദമായി. ജീവാത്മാവ് വിട്ടൊഴിഞ്ഞ ആ ശരീരം ചിതയിൽ കത്തിയമർന്ന് തുടങ്ങി. ആർത്തിപൂണ്ട അഗ്നിനാളങ്ങൾ അവയേറ്റെടുത്ത് കഴിഞ്ഞു..


മണികർണികഘട്ട് 
കത്തുന്ന ചിതയേയും, അതിൽ നിന്നുയരുന്ന അഗ്നിനാളങ്ങളേയും, അന്തരീക്ഷത്തിലേയ്ക്ക് വ്യാപിക്കുന്ന പുകച്ചുരുളുകളേയും നോക്കി നിന്നപ്പോൾ ആത്മജീവാത്മാഭേദം ഓർത്തുപോയി.

ആത്മാവും ജീവാത്മാവും ഒന്ന് തന്നെയാണ് . ജീവാത്മാവ് നമ്മുടെ കർമ്മത്തിന്റെ ഫലം അനുഭവിക്കുന്നുണ്ട്. മാംസാസ്ഥി നിർമ്മിതമായ ഈ ശരീരം കർമ്മാനുസരണം തന്നെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ആത്മാവ്  ഇതിനെല്ലാം സാക്ഷിയായി, അങ്ങ് ദൂരെ, മുകളിലിരിക്കുന്നു. മായയുടെ ശക്തി കൊണ്ടാണ് ആത്മജീവാത്മാഭേദം വന്നത്. യഥാർത്ഥത്തിൽ ഇവ ഒന്ന് തന്നെയാണ്.

പാപരഹിതർക്കും ഗുരുപദേശമനുസരിച്ച് പ്രവർത്തിച്ച് ആത്മസാക്ഷാത്ക്കാരം നേടുന്നവർക്കും മാത്രമേ സർവ്വസാക്ഷിയും ജ്യോതിസ്വരൂപവുമായ ഈ ആത്മാവിനെ തിരിച്ചറിയാൻ കഴിയുകുയുള്ളൂ. 

ഭഗവാൻ ശ്രീകൃഷ്ണൻ പറഞ്ഞത് ഓർമ്മയില്ലേ?

അന്തകാലേ ച മാമേവ സ്മരൻ മുക്ത്വാ കളേബരം
യ: പ്രയാതി സ മത്ഭാവം യാതി നാസ്ത്യത്ര സംശയ :

[ആര് അവസാന കാലത്ത് എന്നെത്തന്നെ വിചാരിച്ച് കൊണ്ട് ദേഹത്തെ വിട്ടു പോകുന്നുവോ അവൻ എന്റെ സ്വരൂപത്തെ പ്രാപിക്കുന്നു. ഈ കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ജനനമരണങ്ങളില്ലാത്ത ഒരു ലോകത്തിലേയ്ക്ക് അവൻ ആനയിക്കപ്പെടുന്നു] 


(റെഫെറൻസ്/ ഉദ്ധരണികൾ - സൌന്ദര്യലഹരി, വാമനപുരാണം, ശ്രീമദ് ഭഗവത്ഗീത, ശിവാനന്ദലഹരി)

ഗംഗയും സ്നാന ഘട്ടുകളും
ഗംഗാ ആരതി ദശാശ്വമേധഘട്ടിൽ
ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ :

[https://www.facebook.com/groups/ChengannurTemple/permalink/10152058607411241/]








മുതുകുളം പാണ്ഡവർ കാവ്  ദേവീ ടെമ്പിൾ ഗ്രൂപ്പിൽ നടക്കുന്ന ചർച്ചകൾ :



2 comments:

  1. I feel really blessed by being gone thru these narrations and any kind of visits to these places are truly awesome and shall wash off all our sins.A-U-M
    Nama Shivaya.

    ReplyDelete