Wednesday, December 11, 2013

ഉത്തരകാശി

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിൽ ഒന്നായ ഉത്തരകാശി, ഋഷികേശിൽ നിന്നും 154 KM ദൂരത്ത്, ഋഷികേശ് - ഗംഗോത്രി മെയിൻ റോഡിൽ, സമുദ്ര നിരപ്പിൽ നിന്ന് 1352 മീറ്റർ ഉയരത്തിൽ, സ്ഥിതിചെയ്യുന്നു. കാശിയെപ്പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു പുണ്യസ്ഥലമാണ് ഉത്തരകാശി. ഗംഗയുടെ തീരത്ത് തന്നെയാണ് രണ്ട് കാശിയും സ്ഥിതി ചെയ്യുന്നത്. വരുണാ, അസി നദികൾ ഇത് വഴിയും ഒഴുകുന്നുണ്ട്. കാശിയിലെപ്പോലെ മണികർണികഘട്ട് ഉത്തരകാശിയിലും കാണപ്പെടുന്നു. രണ്ട് കാശിയിലും വിശ്വനാഥക്ഷേത്രവും ഉണ്ട്.

ഉത്തരകാശിയിൽ ഗംഗ ഭാഗീരഥിയാണ്
യമുനോത്രി ദർശനം കഴിഞ്ഞു ഗംഗോത്രിയിലേക്കുള്ള യാത്രയിലാണ് ഉത്തരകാശിയിൽ എത്തിയത്. ചാർധാം യാത്ര പ്ളാൻ ചെയ്തപ്പോഴേ രണ്ട് ദിവസം ഇവിടെ താമസിക്കണം എന്ന് തീരുമാനിച്ചിരുന്നു. ബാർക്കോട്ടിൽ നിന്നാണ് രാവിലെ യാത്ര തിരിച്ചത്, വൈകുന്നേരം നാല് മണി ആയപ്പോൾ ഉത്തരകാശിയിൽ എത്തി. ഇവിടെ  എത്തിയപ്പോൾ തന്നെ നന്നേ ക്ഷീണിച്ചു പോയി. സൂര്യൻ കത്തി ജ്വലിക്കുകയാണ്. മുറിയിലേയ്ക്കു കയറാൻ വയ്യ,  ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. ഹരിദ്വാർ കഴിഞ്ഞാൽ എസി മുറികൾ ഇല്ലെന്നു തന്നെ പറയാം. വളരെ അപൂർവമായി ശ്രീനഗർ പോലുള്ള പട്ടണങ്ങളിൽ മാത്രം എസി ഫിക്സ് ചെയ്ത മുറികൾ കാണപ്പെടുന്നു.

പൈൻ, ഓക്ക്, ദേവദാരു മരങ്ങൾ നിറഞ്ഞ കാടുകൾ, ഒരു മഴ പെയ്താൽ ഇടിയുന്ന ഉറപ്പിലാത്ത മലനിരകൾ, തക്കാളി, കോളിഫ്ളവർ, കാബേജ്, തുടങ്ങിയ പച്ചക്കറികൾ നിറഞ്ഞ കൃഷിയിടങ്ങൾ, നദികൾ, ആശ്രമങ്ങൾ, ധർമ്മശാലകൾ, ക്ഷേത്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് ഈ പട്ടണം.

ഉത്തരകാശി - ഒരു വിദൂര ദൃശ്യം 
ഹോട്ടലിലെ മുറിയിൽ നിന്ന് നോക്കിയാൽ ഗംഗയെ കാണാം. ഗംഗ ഇവിടെ ഭാഗീരഥിയാണ്. മോക്ഷ പ്രദായിനിയാണ്. ഗംഗോത്രിയിൽ നിന്ന് ഒഴുകി വരുന്ന ഗംഗ ഉത്തരകാശിയിലെത്തുമ്പോൾ ദിശ മാറി തിരിച്ച് ഒഴുകുന്നു. ഗംഗയിൽ നിന്ന് വരുന്ന കാറ്റ് ശരീരത്തിനേയും മനസ്സിനേയും ഒട്ടും തണുപ്പിക്കുന്നില്ല. ഇരുവശവും അംബരചുംബികളായ പർവതനിരകളുടെ ഇടയിലൂടെയാണ് ഭാഗീരഥിയുടെ ഈ വരവ്. കളിമണ്ണും പാറക്കഷണങ്ങളും ചേർന്നുണ്ടായ മലനിരകളാണ്‌ ഇവയെല്ലാം, ഒട്ടും ഉറപ്പില്ല. അതിനാൽ മലയിടിച്ചിലുകൾ സാധാരണമാണ്.  ആർത്തലച്ച് വരുന്ന ഭാഗീരഥിയുടെ ശബ്ദം ഉത്തരകാശിയിൽ എവിടെ നിന്നാലും കേൾക്കാം.

ഭാഗീരഥി
ഗംഗോത്രിയിലേക്കുള്ള യാത്രാമദ്ധ്യേയായതിനാൽ ധാരാളം സഞ്ചാരികൾ ഉത്തരകാശിയിൽ  എത്താറുണ്ട്. അഞ്ചുമണി കഴിഞ്ഞപ്പോൾ കുളിച്ച് ഫ്രഷ്‌ ആയി വിശ്വനാഥക്ഷേത്രത്തിലേക്ക് നടന്നു. അതിപുരാതനമായ ഒരു ക്ഷേത്രമാണ്  ഉത്തരകാശിയിലെ വിശ്വനാഥ ക്ഷേത്രം. സ്വയംഭൂശിവലിംഗമാണ്‌  ഇവിടുള്ളതെന്ന് പറയപ്പെടുന്നു. ശിവലിംഗത്തിന് 60 cm  ഉയരവും
90 cm ചുറ്റളവും ഉണ്ട്.

വിശ്വനാഥ ക്ഷേത്രം
ഇവിടെ വിശ്വനാഥന് സമാധാനം കിട്ടുന്നുണ്ട്‌. വാരണാസിയിലേത്  പോലെ ജനങ്ങളുടെ ഉന്തും തള്ളുമില്ല, പാണ്ഡകളുടെ പിടിച്ച്പറിയില്ല, അഭിഷേകത്തിനും അർച്ചനകൾക്കും തിരക്കില്ല, മറ്റ് യാതൊരു ബഹളങ്ങളുമില്ല... ഭഗവാൻ സസുഖം ധ്യാനത്തിൽ കഴിയുന്നു. വന്ദ്യവയോധികനായ ഒരു ബ്രാഹ്മണൻ മാത്രം പൂജകൾ ചെയ്യുന്നു. അതിന്റെ ഐശ്വര്യം ആ ശിവലിംഗത്തിൽ കാണുവാനുണ്ട് . ചൈതന്യം നിറഞ്ഞു തുളുമ്പുകയാണ്. ആ സന്നിധിയിൽ നിന്ന് മാറുവാനോ അവിടം വിട്ടു പോരുവാനോ തോന്നുകയില്ല. ആ അഭൗമതേജസ്സ് മനസ്സിൽ നിന്നും ഒരിയ്ക്കലും മാഞ്ഞു പോകുകയില്ല.

വിശ്വനാഥ ക്ഷേത്രം
വിശ്വനാഥനെ അങ്ങനെ തൊഴുതു നിന്നപ്പോൾ  ശ്രീശങ്കരാചാര്യരുടെ ഒരു ശ്ളോകം മനസ്സിലേക്കോടിയെത്തി.

പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുഞ്ജയ
സ്തോത്രോധ്യാനനതിപ്രദക്ഷിണസപര്യാലോകനാകർണനേ
ജിഹ് വാചിത്തശിരോfങ്ഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാർഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹൂർമാമേവ മാ മേfവച:

മൃത്യുഞ്ജയനായ ഭഗവാനേ, അപ്രതീക്ഷിത വിപത്തുകളിൽ നിന്നും മോചനവും
ഭവത് സാമീപ്യമാകുന്ന ഐശ്വര്യവും ലക്ഷ്യമാക്കുന്ന ഞാൻ, എന്റെ നാവിനാൽ സ്തോത്ര പാരായണം, ചിത്തത്താൽ ധ്യാനം, ശിരസ്സിനാൽ നമസ്കാരം, പാദയുഗ്മത്താൽ പ്രദക്ഷിണം, കരയുഗ്മത്താൽ അർച്ചന, അന്തർനേത്രത്താൽ ഭാവത്സ്വരൂപ ദർശനം, ശ്രോത്രങ്ങളാൽ
ഭഗവത്ചരിത്രാകർണനം  എന്നിവ മാത്രം പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന എന്റെ ഈ സ്ഥിതി നിശ്ചയം ചെയ്യപ്പെട്ടാലും. ഇടതടവില്ലാതെ ഭവത് സേവയെ പ്രേരിപ്പിക്കുന്ന ആജ്ഞകൾ എന്നിലേക്കയച്ചാലും. എന്നോടായിട്ട് ആജ്ഞാപിക്കാത്ത അവസ്ഥ അങ്ങിൽ നിന്നും ഒരിക്കലും ഉണ്ടാകരുതേ...!
വിശ്വനാഥലിംഗം
വിശ്വനാഥക്ഷേത്രത്തിന്റെ എതിർവശത്ത്  ശക്തിക്ഷേത്രം സ്ഥിതി ചെയ്യുന്നു. വളരെ വലിയ ഒരു ത്രിശൂലം ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ത്രിശൂലത്തിന്റെ മുകൾഭാഗം ഇരുമ്പ് കൊണ്ടും അടിഭാഗം ചെമ്പുകൊണ്ടും നിർമ്മിച്ചിരിക്കുന്നു. ഏകദേശം 7.8 മീറ്റർ ഉയരം ഈ ത്രിശൂലത്തിന് കണക്കാക്കുന്നു.

ത്രിശൂലത്തിന്റെ അടിഭാഗം
ഈ ത്രിശൂലം ദേവാസുരയുദ്ധത്തിന് ശേഷം കാളീമാതാ സ്ഥാപിച്ചതാണെന്നും വാകാസുര നിഗ്രഹത്തിന് ശേഷം പരമേശ്വരൻ സ്ഥാപിച്ചതാണെന്നും രണ്ട് അഭിപ്രായം ഇവിടെ കേൾക്കുന്നുണ്ട്. ഭൂമികുലുക്കത്തിൽ ശക്തി ക്ഷേത്രം തകർന്ന് പോയപ്പോഴും ത്രിശൂലത്തിന് മാത്രം യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്ന് തദ്ദേശവാസികൾ പറയുന്നു.

ത്രിശൂലത്തിന്റെ മുകൾഭാഗം
മഹർഷിമാരുടേയും സിദ്ധന്മാരുടെയും സന്യാസിമാരുടെയും തപസ്ഥലമാണ് ഉത്തരകാശി. തപോവന സ്വാമികളുടെ തപോവനാശ്രമം തൊട്ടടുത്ത്‌ തന്നെ. ശിവാനന്ദാശ്രമം, കൈലാസാശ്രമം, ചിന്മയാനന്ദാശ്രമം തുടങ്ങി ധാരാളം ആശ്രമങ്ങൾ ഭാഗീരഥി നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.

പരശുരാമക്ഷേത്രം, ഭൈരവക്ഷേത്രം, അന്നപൂർണക്ഷേത്രം തുടങ്ങി ധാരാളം ക്ഷേത്രങ്ങൾ ഉത്തരകാശിയിലുണ്ട് . മകരസംക്രാന്തിദിനങ്ങളോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഒരാഴ്ച നീണ്ടു നില്ക്കുന്ന 'മാഘമേള'യാണ്  ഉത്തരകാശിയിലെ പ്രധാന ഉത്സവം.

വിശ്വനാഥ ക്ഷേത്രം
ഗണപതി ഭഗവാന്റെ ജനനവുമായ് ബന്ധപ്പെട്ട 'ഡോഡി ശുദ്ധജല തടാകം' ഉത്തരകാശിയിൽ നിന്ന്  32 KM ദൂരത്തായി, സമുദ്ര നിരപ്പിൽ നിന്ന്  3024 മീറ്റർ ഉയരത്തിൽ കാണപ്പെടുന്നു. കേദാർനാഥ്  ക്ഷേത്ര താഴ്വരയിലുള്ള ഗൌരികുണ്ഡ്  എന്ന സ്ഥലത്തിനും  ഗണപതിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട  കഥ തന്നെയാണ് പറയുവാനുള്ളത്. ഉത്തരകാശിയിലെ വാലഖില്യ പർവതങ്ങളിൽ നചികേതസ്സിന്റെ നാമത്തിൽ അറിയപ്പെടുന്ന 'നചികേത തടാകം' സ്ഥിതി ചെയ്യുന്നു. കൈലാസ താഴ്വരയിലുള്ള യമദ്വാറിൽ എത്തി യമദേവനിൽ നിന്ന്  'ബ്രഹ്മവിദ്യ' മനസിലാക്കിയ നചികേതസ്സ് എന്ന പുണ്യാത്മാവിന്റെ തപസ്ഥലം കൂടിയാണിത്.

മതിയാവോളം 'വിശ്വനാഥനെ' ദർശിച്ച്, അതിരാവിലെ തന്നെ ഉത്തരകാശിയിൽനിന്ന് 'ഗംഗോത്രി ' ലക്ഷ്യമാക്കി, ഞങ്ങളുടെ കാർ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങി...

റഫറൻസ് - ശിവാനന്ദലഹരി [ഭാഷ്യം - ഡോ.സുരേന്ദ്രൻ]

2 comments: