Sunday, December 8, 2013

ഹർ കി പൗഡി

ഹരിദ്വാറിലെ പ്രസിദ്ധമായ 'ഹർ കി പൗഡി' അഥവാ ബ്രഹ്മകുണ്ഡ് . ഗംഗയിലെ ഈ സ്നാനഘട്ട് അതിപുരാതനവും പരിപാവനവുമാണ്. രാജാവിക്രമാദിത്യനാണ് ഈ സ്നാനഘട്ട് പുനർനിർമ്മാണം നടത്തിയതെന്നു പറയപ്പെടുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടേയും ആറ് വർഷത്തിലൊരിക്കൽ നടത്തുന്ന അർദ്ധ കുംഭമേളയുടേയും സ്നാനഘട്ടാണിത്. ഈ ബ്രഹ്മകുണ്ഡിൽ സ്നാനം നടത്തുവാൻ മാത്രം ഭാരതത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനസഹസ്രങ്ങൾ ഇവിടെ എത്താറുണ്ട്.


 ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭൂതി സൃഷ്ടിച്ച സ്നാനഘട്ടാണിത്. സ്നാന ഘട്ട് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ചാർധാം യാത്രയുടെ ഭാഗമായാണ് ഹരിദ്വാറിൽ എത്തിയത്. നേരേ 'ഹർ കി പൗഡി'യിലേക്ക് വന്നു. ഗംഗ ആദ്യമായി കാണുകയാണ്. മനസ്സിൽ പ്രാർത്ഥനകൾ മാത്രം. എല്ലാ ദിവസവും വൈകുന്നേരം നടത്താറുള്ള ഗംഗ ആരതി കാണുവാൻ വേണ്ടിയാണ് ഓടി എത്തിയത്. പക്ഷെ  ഈ ഗംഗയും സ്നാനഘട്ടും വൃത്തിയുള്ള പരിസരവും കണ്ടപ്പോൾ സഹിച്ചില്ല. വസ്ത്രം മാറി തോർത്തുമുടുത്ത് കൊണ്ട് വെള്ളത്തിലേക്ക് ചാടി, ഒരു നിമിഷം പോലും എടുത്തില്ല, ചാടിയത് പോലെ തിരിച്ച് കയറേണ്ടി വന്നു. നനഞ്ഞ ശരീരഭാഗങ്ങൾ മുഴുവൻ തണുത്ത് മരവിച്ച് പോയി. ഇതെല്ലാം കണ്ട് കൊണ്ടിരുന്ന മാർവാഡി പെണ്ണുങ്ങൾ ശരീരമാസകലമിളക്കി ചിരി തുടങ്ങിക്കഴിഞ്ഞിരുന്നു. നമ്മളിതൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ പടികളിൽ കയറി പല്ലുകളും കടിച്ച് പിടിച്ച്, ശരീരത്തിന്റെ വിറയൽ മാറ്റുവാനുള്ള വഴികളുമാലോചിച്ചിരുന്നു.


പത്തു മിനിട്ട് കഴിഞ്ഞു വീണ്ടും ഇറങ്ങിയപ്പോൾ അത്രയും തണുപ്പ് അനുഭവപ്പെട്ടില്ല. പക്ഷെ തിരിച്ചു കയറാൻ തോന്നിയില്ല. പിതൃശ്രാദ്ധ കർമ്മത്തിന് വേണ്ടി പാണ്ഡ വിളിച്ചപ്പോഴാണ് കരയിലേക്കു കയറിയത്. ശ്രാദ്ധത്തിന് ശേഷം വീണ്ടും സ്നാനഘട്ടിലിറങ്ങി പത്ത് മിനിട്ടോളം വെള്ളത്തിൽ കിടന്നു കാണും. ഗംഗാദേവിയും പരിവാരങ്ങളും വരുവാനുള്ള സമയമായതിനാൽ കുളിച്ച് കയറി, ആരതി കാണുവാൻ പറ്റിയ സൌകര്യ പ്രദമായ ഒരു സ്ഥലത്ത്,  ജീവിതത്തിൽ വളരെ അപൂർവമായി മാത്രം ലഭിക്കാറുള്ള ആ അസുലഭ മുഹൂർത്തത്തിനായി ഞങ്ങൾ കാത്തിരുന്നു.


എല്ലാദിവസവും വൈകുന്നേരം സൂര്യാസ്തമയത്തിനു ശേഷം ഹർ കി പൗഡിയിൽ നടക്കുന്ന പ്രധാന ചടങ്ങാണ് ഗംഗാ ആരതി. പതിനായിരങ്ങൾ സ്നാനഘട്ടിന്റെ ഇരു കരയിലും ഇത് കാണുവാൻ വേണ്ടി മാത്രം എത്താറുണ്ട്. ഗംഗാദേവിയുടെ മനോഹരമായ വിഗ്രഹത്തിന് മുന്നിലാണ് ആരതി അരങ്ങേറുക. കാശിയിലെ ദശാശ്വമേധഘട്ടിനെപ്പോലയോ, ഒരു പക്ഷേ അതിനു മേലയോ പ്രാധാന്യം ഈ സ്നാനഘട്ടിനു കൽപ്പിക്കുന്നുണ്ട്. പാലാഴിമഥനത്തിൽ നിന്ന് കിട്ടിയ അമൃത് ഒരു തുള്ളി ഇവിടെ വീണതായും മഹാവിഷ്ണുവും പരമേശ്വരനും ഈ ബ്രഹ്മകുണ്ഡ് സന്ദർശിച്ചതായും ഐതീഹ്യം വ്യക്തമാക്കുന്നുണ്ട് . മഹാവിഷ്ണുവിന്റെ പാദങ്ങൾ പതിഞ്ഞുവെന്ന് വിശ്വസിക്കുന്ന ഒരു പാറയും ഇവിടെ കാണാം. ഇവിടെ സ്നാനം ചെയ്യുന്നവർക്ക് ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുമെന്ന ഒരു വിശ്വാസവും ഉണ്ട്.


ഗംഗാ പൂജയും ഗംഗാ ആരതിയും തുടങ്ങിക്കഴിഞ്ഞു. നൂറു കണക്കിന് ദീപവുമായി ഗംഗാ ദേവിയെ ആരാധിക്കുന്ന ഈ കാഴ്ച അവർണ്ണനീയമാണ്. തെരുവ് വിളക്കുകൾ എല്ലാം കെടുത്തി കഴിഞ്ഞതിനാൽ ഈ സ്നാന ഘട്ട് ദീപങ്ങളുടെ പ്രഭയിൽ മുങ്ങി നില്ക്കുകയാണ്.


ഭക്തിനിർഭരമായിക്കഴിഞ്ഞു ഇരു കരകളും. ബാബാമാരും, പാണ്ഡകളും ഭക്തരും, കോളാമ്പിയിലൂടെ വരുന്ന ഗംഗാ സ്തുതികളും അന്തരീക്ഷത്തിലെ മണിയൊച്ചകളും മന്ത്രധ്വനികളും കത്തിയെരിയുന്ന പന്തങ്ങളും, ഗംഗയിലൂടെ ഒഴുക്കിവിട്ട മണ്‍ചിരാതിലെ ദീപങ്ങളും എല്ലാം ഒരു മായികാ പ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ മനോഹര കാഴ്ച വർഷങ്ങളോളം മനസ്സിൽ നിന്ന് മായുകയില്ല.

ഹരിദ്വാറിലും ഋഷികേശിലും കാശിയിലുമാണ് ഗംഗാ ആരതി നടക്കാറുള്ളത്. ഈ മൂന്നു ആരതികളും  വ്യത്യസ്തമാണ്. കാശിയിലെ ഗംഗാ ആരതിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഈ ഗംഗാപൂജയും ഗംഗാ ആരതിയുമാണ്.

ഒരുപാടു കാലം മനസിൽ സൂക്ഷിച്ച് വയ്ക്കുവാൻ ലഭിച്ച ഈ മനോഹര മുഹൂർത്തവുമായി, ഗംഗയുടെ ഭംഗി ആസ്വദിക്കുവാൻ വേണ്ടി, ആൾക്കൂട്ടത്തിലലിഞ്ഞ് , മറുകര ലക്ഷ്യമാക്കി ഞാൻ നടന്നു.

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പ് :


No comments:

Post a Comment