Wednesday, December 11, 2013

ഉത്തരകാശി

ഹിമാലയത്തിലെ ഏറ്റവും മനോഹരമായ പട്ടണങ്ങളിൽ ഒന്നായ ഉത്തരകാശി, ഋഷികേശിൽ നിന്നും 154 KM ദൂരത്ത്, ഋഷികേശ് - ഗംഗോത്രി മെയിൻ റോഡിൽ, സമുദ്ര നിരപ്പിൽ നിന്ന് 1352 മീറ്റർ ഉയരത്തിൽ, സ്ഥിതിചെയ്യുന്നു. കാശിയെപ്പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു പുണ്യസ്ഥലമാണ് ഉത്തരകാശി. ഗംഗയുടെ തീരത്ത് തന്നെയാണ് രണ്ട് കാശിയും സ്ഥിതി ചെയ്യുന്നത്. വരുണാ, അസി നദികൾ ഇത് വഴിയും ഒഴുകുന്നുണ്ട്. കാശിയിലെപ്പോലെ മണികർണികഘട്ട് ഉത്തരകാശിയിലും കാണപ്പെടുന്നു. രണ്ട് കാശിയിലും വിശ്വനാഥക്ഷേത്രവും ഉണ്ട്.

ഉത്തരകാശിയിൽ ഗംഗ ഭാഗീരഥിയാണ്
യമുനോത്രി ദർശനം കഴിഞ്ഞു ഗംഗോത്രിയിലേക്കുള്ള യാത്രയിലാണ് ഉത്തരകാശിയിൽ എത്തിയത്. ചാർധാം യാത്ര പ്ളാൻ ചെയ്തപ്പോഴേ രണ്ട് ദിവസം ഇവിടെ താമസിക്കണം എന്ന് തീരുമാനിച്ചിരുന്നു. ബാർക്കോട്ടിൽ നിന്നാണ് രാവിലെ യാത്ര തിരിച്ചത്, വൈകുന്നേരം നാല് മണി ആയപ്പോൾ ഉത്തരകാശിയിൽ എത്തി. ഇവിടെ  എത്തിയപ്പോൾ തന്നെ നന്നേ ക്ഷീണിച്ചു പോയി. സൂര്യൻ കത്തി ജ്വലിക്കുകയാണ്. മുറിയിലേയ്ക്കു കയറാൻ വയ്യ,  ചുട്ടുപൊള്ളുന്ന അവസ്ഥയാണ്. ഹരിദ്വാർ കഴിഞ്ഞാൽ എസി മുറികൾ ഇല്ലെന്നു തന്നെ പറയാം. വളരെ അപൂർവമായി ശ്രീനഗർ പോലുള്ള പട്ടണങ്ങളിൽ മാത്രം എസി ഫിക്സ് ചെയ്ത മുറികൾ കാണപ്പെടുന്നു.

പൈൻ, ഓക്ക്, ദേവദാരു മരങ്ങൾ നിറഞ്ഞ കാടുകൾ, ഒരു മഴ പെയ്താൽ ഇടിയുന്ന ഉറപ്പിലാത്ത മലനിരകൾ, തക്കാളി, കോളിഫ്ളവർ, കാബേജ്, തുടങ്ങിയ പച്ചക്കറികൾ നിറഞ്ഞ കൃഷിയിടങ്ങൾ, നദികൾ, ആശ്രമങ്ങൾ, ധർമ്മശാലകൾ, ക്ഷേത്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് ഈ പട്ടണം.

ഉത്തരകാശി - ഒരു വിദൂര ദൃശ്യം 
ഹോട്ടലിലെ മുറിയിൽ നിന്ന് നോക്കിയാൽ ഗംഗയെ കാണാം. ഗംഗ ഇവിടെ ഭാഗീരഥിയാണ്. മോക്ഷ പ്രദായിനിയാണ്. ഗംഗോത്രിയിൽ നിന്ന് ഒഴുകി വരുന്ന ഗംഗ ഉത്തരകാശിയിലെത്തുമ്പോൾ ദിശ മാറി തിരിച്ച് ഒഴുകുന്നു. ഗംഗയിൽ നിന്ന് വരുന്ന കാറ്റ് ശരീരത്തിനേയും മനസ്സിനേയും ഒട്ടും തണുപ്പിക്കുന്നില്ല. ഇരുവശവും അംബരചുംബികളായ പർവതനിരകളുടെ ഇടയിലൂടെയാണ് ഭാഗീരഥിയുടെ ഈ വരവ്. കളിമണ്ണും പാറക്കഷണങ്ങളും ചേർന്നുണ്ടായ മലനിരകളാണ്‌ ഇവയെല്ലാം, ഒട്ടും ഉറപ്പില്ല. അതിനാൽ മലയിടിച്ചിലുകൾ സാധാരണമാണ്.  ആർത്തലച്ച് വരുന്ന ഭാഗീരഥിയുടെ ശബ്ദം ഉത്തരകാശിയിൽ എവിടെ നിന്നാലും കേൾക്കാം.

ഭാഗീരഥി
ഗംഗോത്രിയിലേക്കുള്ള യാത്രാമദ്ധ്യേയായതിനാൽ ധാരാളം സഞ്ചാരികൾ ഉത്തരകാശിയിൽ  എത്താറുണ്ട്. അഞ്ചുമണി കഴിഞ്ഞപ്പോൾ കുളിച്ച് ഫ്രഷ്‌ ആയി വിശ്വനാഥക്ഷേത്രത്തിലേക്ക് നടന്നു. അതിപുരാതനമായ ഒരു ക്ഷേത്രമാണ്  ഉത്തരകാശിയിലെ വിശ്വനാഥ ക്ഷേത്രം. സ്വയംഭൂശിവലിംഗമാണ്‌  ഇവിടുള്ളതെന്ന് പറയപ്പെടുന്നു. ശിവലിംഗത്തിന് 60 cm  ഉയരവും
90 cm ചുറ്റളവും ഉണ്ട്.

വിശ്വനാഥ ക്ഷേത്രം
ഇവിടെ വിശ്വനാഥന് സമാധാനം കിട്ടുന്നുണ്ട്‌. വാരണാസിയിലേത്  പോലെ ജനങ്ങളുടെ ഉന്തും തള്ളുമില്ല, പാണ്ഡകളുടെ പിടിച്ച്പറിയില്ല, അഭിഷേകത്തിനും അർച്ചനകൾക്കും തിരക്കില്ല, മറ്റ് യാതൊരു ബഹളങ്ങളുമില്ല... ഭഗവാൻ സസുഖം ധ്യാനത്തിൽ കഴിയുന്നു. വന്ദ്യവയോധികനായ ഒരു ബ്രാഹ്മണൻ മാത്രം പൂജകൾ ചെയ്യുന്നു. അതിന്റെ ഐശ്വര്യം ആ ശിവലിംഗത്തിൽ കാണുവാനുണ്ട് . ചൈതന്യം നിറഞ്ഞു തുളുമ്പുകയാണ്. ആ സന്നിധിയിൽ നിന്ന് മാറുവാനോ അവിടം വിട്ടു പോരുവാനോ തോന്നുകയില്ല. ആ അഭൗമതേജസ്സ് മനസ്സിൽ നിന്നും ഒരിയ്ക്കലും മാഞ്ഞു പോകുകയില്ല.

വിശ്വനാഥ ക്ഷേത്രം
വിശ്വനാഥനെ അങ്ങനെ തൊഴുതു നിന്നപ്പോൾ  ശ്രീശങ്കരാചാര്യരുടെ ഒരു ശ്ളോകം മനസ്സിലേക്കോടിയെത്തി.

പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുഞ്ജയ
സ്തോത്രോധ്യാനനതിപ്രദക്ഷിണസപര്യാലോകനാകർണനേ
ജിഹ് വാചിത്തശിരോfങ്ഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാർഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹൂർമാമേവ മാ മേfവച:

മൃത്യുഞ്ജയനായ ഭഗവാനേ, അപ്രതീക്ഷിത വിപത്തുകളിൽ നിന്നും മോചനവും
ഭവത് സാമീപ്യമാകുന്ന ഐശ്വര്യവും ലക്ഷ്യമാക്കുന്ന ഞാൻ, എന്റെ നാവിനാൽ സ്തോത്ര പാരായണം, ചിത്തത്താൽ ധ്യാനം, ശിരസ്സിനാൽ നമസ്കാരം, പാദയുഗ്മത്താൽ പ്രദക്ഷിണം, കരയുഗ്മത്താൽ അർച്ചന, അന്തർനേത്രത്താൽ ഭാവത്സ്വരൂപ ദർശനം, ശ്രോത്രങ്ങളാൽ
ഭഗവത്ചരിത്രാകർണനം  എന്നിവ മാത്രം പ്രതീക്ഷിച്ചു കൊണ്ട് നിൽക്കുന്ന എന്റെ ഈ സ്ഥിതി നിശ്ചയം ചെയ്യപ്പെട്ടാലും. ഇടതടവില്ലാതെ ഭവത് സേവയെ പ്രേരിപ്പിക്കുന്ന ആജ്ഞകൾ എന്നിലേക്കയച്ചാലും. എന്നോടായിട്ട് ആജ്ഞാപിക്കാത്ത അവസ്ഥ അങ്ങിൽ നിന്നും ഒരിക്കലും ഉണ്ടാകരുതേ...!
വിശ്വനാഥലിംഗം
വിശ്വനാഥക്ഷേത്രത്തിന്റെ എതിർവശത്ത്  ശക്തിക്ഷേത്രം സ്ഥിതി ചെയ്യുന്നു. വളരെ വലിയ ഒരു ത്രിശൂലം ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ത്രിശൂലത്തിന്റെ മുകൾഭാഗം ഇരുമ്പ് കൊണ്ടും അടിഭാഗം ചെമ്പുകൊണ്ടും നിർമ്മിച്ചിരിക്കുന്നു. ഏകദേശം 7.8 മീറ്റർ ഉയരം ഈ ത്രിശൂലത്തിന് കണക്കാക്കുന്നു.

ത്രിശൂലത്തിന്റെ അടിഭാഗം
ഈ ത്രിശൂലം ദേവാസുരയുദ്ധത്തിന് ശേഷം കാളീമാതാ സ്ഥാപിച്ചതാണെന്നും വാകാസുര നിഗ്രഹത്തിന് ശേഷം പരമേശ്വരൻ സ്ഥാപിച്ചതാണെന്നും രണ്ട് അഭിപ്രായം ഇവിടെ കേൾക്കുന്നുണ്ട്. ഭൂമികുലുക്കത്തിൽ ശക്തി ക്ഷേത്രം തകർന്ന് പോയപ്പോഴും ത്രിശൂലത്തിന് മാത്രം യാതൊരു കുഴപ്പവും സംഭവിച്ചില്ലെന്ന് തദ്ദേശവാസികൾ പറയുന്നു.

ത്രിശൂലത്തിന്റെ മുകൾഭാഗം
മഹർഷിമാരുടേയും സിദ്ധന്മാരുടെയും സന്യാസിമാരുടെയും തപസ്ഥലമാണ് ഉത്തരകാശി. തപോവന സ്വാമികളുടെ തപോവനാശ്രമം തൊട്ടടുത്ത്‌ തന്നെ. ശിവാനന്ദാശ്രമം, കൈലാസാശ്രമം, ചിന്മയാനന്ദാശ്രമം തുടങ്ങി ധാരാളം ആശ്രമങ്ങൾ ഭാഗീരഥി നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.

പരശുരാമക്ഷേത്രം, ഭൈരവക്ഷേത്രം, അന്നപൂർണക്ഷേത്രം തുടങ്ങി ധാരാളം ക്ഷേത്രങ്ങൾ ഉത്തരകാശിയിലുണ്ട് . മകരസംക്രാന്തിദിനങ്ങളോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ഒരാഴ്ച നീണ്ടു നില്ക്കുന്ന 'മാഘമേള'യാണ്  ഉത്തരകാശിയിലെ പ്രധാന ഉത്സവം.

വിശ്വനാഥ ക്ഷേത്രം
ഗണപതി ഭഗവാന്റെ ജനനവുമായ് ബന്ധപ്പെട്ട 'ഡോഡി ശുദ്ധജല തടാകം' ഉത്തരകാശിയിൽ നിന്ന്  32 KM ദൂരത്തായി, സമുദ്ര നിരപ്പിൽ നിന്ന്  3024 മീറ്റർ ഉയരത്തിൽ കാണപ്പെടുന്നു. കേദാർനാഥ്  ക്ഷേത്ര താഴ്വരയിലുള്ള ഗൌരികുണ്ഡ്  എന്ന സ്ഥലത്തിനും  ഗണപതിയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട  കഥ തന്നെയാണ് പറയുവാനുള്ളത്. ഉത്തരകാശിയിലെ വാലഖില്യ പർവതങ്ങളിൽ നചികേതസ്സിന്റെ നാമത്തിൽ അറിയപ്പെടുന്ന 'നചികേത തടാകം' സ്ഥിതി ചെയ്യുന്നു. കൈലാസ താഴ്വരയിലുള്ള യമദ്വാറിൽ എത്തി യമദേവനിൽ നിന്ന്  'ബ്രഹ്മവിദ്യ' മനസിലാക്കിയ നചികേതസ്സ് എന്ന പുണ്യാത്മാവിന്റെ തപസ്ഥലം കൂടിയാണിത്.

മതിയാവോളം 'വിശ്വനാഥനെ' ദർശിച്ച്, അതിരാവിലെ തന്നെ ഉത്തരകാശിയിൽനിന്ന് 'ഗംഗോത്രി ' ലക്ഷ്യമാക്കി, ഞങ്ങളുടെ കാർ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങി...

റഫറൻസ് - ശിവാനന്ദലഹരി [ഭാഷ്യം - ഡോ.സുരേന്ദ്രൻ]

Sunday, December 8, 2013

ഹർ കി പൗഡി

ഹരിദ്വാറിലെ പ്രസിദ്ധമായ 'ഹർ കി പൗഡി' അഥവാ ബ്രഹ്മകുണ്ഡ് . ഗംഗയിലെ ഈ സ്നാനഘട്ട് അതിപുരാതനവും പരിപാവനവുമാണ്. രാജാവിക്രമാദിത്യനാണ് ഈ സ്നാനഘട്ട് പുനർനിർമ്മാണം നടത്തിയതെന്നു പറയപ്പെടുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടേയും ആറ് വർഷത്തിലൊരിക്കൽ നടത്തുന്ന അർദ്ധ കുംഭമേളയുടേയും സ്നാനഘട്ടാണിത്. ഈ ബ്രഹ്മകുണ്ഡിൽ സ്നാനം നടത്തുവാൻ മാത്രം ഭാരതത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനസഹസ്രങ്ങൾ ഇവിടെ എത്താറുണ്ട്.


 ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭൂതി സൃഷ്ടിച്ച സ്നാനഘട്ടാണിത്. സ്നാന ഘട്ട് വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. ചാർധാം യാത്രയുടെ ഭാഗമായാണ് ഹരിദ്വാറിൽ എത്തിയത്. നേരേ 'ഹർ കി പൗഡി'യിലേക്ക് വന്നു. ഗംഗ ആദ്യമായി കാണുകയാണ്. മനസ്സിൽ പ്രാർത്ഥനകൾ മാത്രം. എല്ലാ ദിവസവും വൈകുന്നേരം നടത്താറുള്ള ഗംഗ ആരതി കാണുവാൻ വേണ്ടിയാണ് ഓടി എത്തിയത്. പക്ഷെ  ഈ ഗംഗയും സ്നാനഘട്ടും വൃത്തിയുള്ള പരിസരവും കണ്ടപ്പോൾ സഹിച്ചില്ല. വസ്ത്രം മാറി തോർത്തുമുടുത്ത് കൊണ്ട് വെള്ളത്തിലേക്ക് ചാടി, ഒരു നിമിഷം പോലും എടുത്തില്ല, ചാടിയത് പോലെ തിരിച്ച് കയറേണ്ടി വന്നു. നനഞ്ഞ ശരീരഭാഗങ്ങൾ മുഴുവൻ തണുത്ത് മരവിച്ച് പോയി. ഇതെല്ലാം കണ്ട് കൊണ്ടിരുന്ന മാർവാഡി പെണ്ണുങ്ങൾ ശരീരമാസകലമിളക്കി ചിരി തുടങ്ങിക്കഴിഞ്ഞിരുന്നു. നമ്മളിതൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ പടികളിൽ കയറി പല്ലുകളും കടിച്ച് പിടിച്ച്, ശരീരത്തിന്റെ വിറയൽ മാറ്റുവാനുള്ള വഴികളുമാലോചിച്ചിരുന്നു.


പത്തു മിനിട്ട് കഴിഞ്ഞു വീണ്ടും ഇറങ്ങിയപ്പോൾ അത്രയും തണുപ്പ് അനുഭവപ്പെട്ടില്ല. പക്ഷെ തിരിച്ചു കയറാൻ തോന്നിയില്ല. പിതൃശ്രാദ്ധ കർമ്മത്തിന് വേണ്ടി പാണ്ഡ വിളിച്ചപ്പോഴാണ് കരയിലേക്കു കയറിയത്. ശ്രാദ്ധത്തിന് ശേഷം വീണ്ടും സ്നാനഘട്ടിലിറങ്ങി പത്ത് മിനിട്ടോളം വെള്ളത്തിൽ കിടന്നു കാണും. ഗംഗാദേവിയും പരിവാരങ്ങളും വരുവാനുള്ള സമയമായതിനാൽ കുളിച്ച് കയറി, ആരതി കാണുവാൻ പറ്റിയ സൌകര്യ പ്രദമായ ഒരു സ്ഥലത്ത്,  ജീവിതത്തിൽ വളരെ അപൂർവമായി മാത്രം ലഭിക്കാറുള്ള ആ അസുലഭ മുഹൂർത്തത്തിനായി ഞങ്ങൾ കാത്തിരുന്നു.


എല്ലാദിവസവും വൈകുന്നേരം സൂര്യാസ്തമയത്തിനു ശേഷം ഹർ കി പൗഡിയിൽ നടക്കുന്ന പ്രധാന ചടങ്ങാണ് ഗംഗാ ആരതി. പതിനായിരങ്ങൾ സ്നാനഘട്ടിന്റെ ഇരു കരയിലും ഇത് കാണുവാൻ വേണ്ടി മാത്രം എത്താറുണ്ട്. ഗംഗാദേവിയുടെ മനോഹരമായ വിഗ്രഹത്തിന് മുന്നിലാണ് ആരതി അരങ്ങേറുക. കാശിയിലെ ദശാശ്വമേധഘട്ടിനെപ്പോലയോ, ഒരു പക്ഷേ അതിനു മേലയോ പ്രാധാന്യം ഈ സ്നാനഘട്ടിനു കൽപ്പിക്കുന്നുണ്ട്. പാലാഴിമഥനത്തിൽ നിന്ന് കിട്ടിയ അമൃത് ഒരു തുള്ളി ഇവിടെ വീണതായും മഹാവിഷ്ണുവും പരമേശ്വരനും ഈ ബ്രഹ്മകുണ്ഡ് സന്ദർശിച്ചതായും ഐതീഹ്യം വ്യക്തമാക്കുന്നുണ്ട് . മഹാവിഷ്ണുവിന്റെ പാദങ്ങൾ പതിഞ്ഞുവെന്ന് വിശ്വസിക്കുന്ന ഒരു പാറയും ഇവിടെ കാണാം. ഇവിടെ സ്നാനം ചെയ്യുന്നവർക്ക് ത്രിമൂർത്തികളുടെ അനുഗ്രഹം ലഭിക്കുമെന്ന ഒരു വിശ്വാസവും ഉണ്ട്.


ഗംഗാ പൂജയും ഗംഗാ ആരതിയും തുടങ്ങിക്കഴിഞ്ഞു. നൂറു കണക്കിന് ദീപവുമായി ഗംഗാ ദേവിയെ ആരാധിക്കുന്ന ഈ കാഴ്ച അവർണ്ണനീയമാണ്. തെരുവ് വിളക്കുകൾ എല്ലാം കെടുത്തി കഴിഞ്ഞതിനാൽ ഈ സ്നാന ഘട്ട് ദീപങ്ങളുടെ പ്രഭയിൽ മുങ്ങി നില്ക്കുകയാണ്.


ഭക്തിനിർഭരമായിക്കഴിഞ്ഞു ഇരു കരകളും. ബാബാമാരും, പാണ്ഡകളും ഭക്തരും, കോളാമ്പിയിലൂടെ വരുന്ന ഗംഗാ സ്തുതികളും അന്തരീക്ഷത്തിലെ മണിയൊച്ചകളും മന്ത്രധ്വനികളും കത്തിയെരിയുന്ന പന്തങ്ങളും, ഗംഗയിലൂടെ ഒഴുക്കിവിട്ട മണ്‍ചിരാതിലെ ദീപങ്ങളും എല്ലാം ഒരു മായികാ പ്രപഞ്ചം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ഈ മനോഹര കാഴ്ച വർഷങ്ങളോളം മനസ്സിൽ നിന്ന് മായുകയില്ല.

ഹരിദ്വാറിലും ഋഷികേശിലും കാശിയിലുമാണ് ഗംഗാ ആരതി നടക്കാറുള്ളത്. ഈ മൂന്നു ആരതികളും  വ്യത്യസ്തമാണ്. കാശിയിലെ ഗംഗാ ആരതിയെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ഈ ഗംഗാപൂജയും ഗംഗാ ആരതിയുമാണ്.

ഒരുപാടു കാലം മനസിൽ സൂക്ഷിച്ച് വയ്ക്കുവാൻ ലഭിച്ച ഈ മനോഹര മുഹൂർത്തവുമായി, ഗംഗയുടെ ഭംഗി ആസ്വദിക്കുവാൻ വേണ്ടി, ആൾക്കൂട്ടത്തിലലിഞ്ഞ് , മറുകര ലക്ഷ്യമാക്കി ഞാൻ നടന്നു.

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പ് :


Wednesday, December 4, 2013

മംഗള ഗൌരി ക്ഷേത്രം, ഗയ

പതിനെട്ടു ശക്തിപീഠങ്ങളിൽ ഒന്നായ മംഗള ഗൌരി ക്ഷേത്രം ഗയ നഗരത്തിന് സമീപം, ഫാൽഗുനി നദിക്കരയിൽ, കുന്നിൻ മുകളിലായി സ്ഥിതി ചെയ്യുന്നു. ശ്രീശങ്കരാചാര്യരുടെ അഷ്ടദശ ശക്തിപീഠങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, പത്മപുരാണം, വായുപുരാണം, അഗ്നിപുരാണം എന്നിവയിൽ പരാമർശിക്കുന്നുണ്ട്.


ഈ ക്ഷേത്രം പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണെന്ന് പറയപ്പെടുന്നു. സതീദേവിയുടെ വക്ഷസ്സ്  വീണ സ്ഥലമാണിതെന്ന് കരുതുന്നു. അതിന്റെ സൂചകമെന്നോണം രണ്ട് ഉരുണ്ട കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്. 'പാലനപീഠം' എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. ഏകദേശം 200 പടികൾ കയറി വേണം ക്ഷേത്രത്തിലെത്തുവാൻ.


പതിനെട്ടു ശക്തിപീഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ശക്തിപീഠങ്ങളിൽ ഒന്നാണിത്. കാമാഖ്യയിലെ കാമരൂപിണി [സൃഷ്ടി], ഗയയിലെ മംഗള ഗൌരി [സ്ഥിതി] , ഉജ്ജയിനിലെ മഹാകാളി [സംഹാരം] എന്നിവയാണ് ആ  മൂന്നു ശക്തിപീഠങ്ങൾ.



ചെറിയ ഒരു ക്ഷേത്രമാണിത്. ഒരേ സമയം മൂന്ന് നാല്  ഭക്തർക്ക്‌ മാത്രമേ അകത്ത് പ്രവേശിക്കാൻ കഴിയുകയുള്ളൂ. അതിശക്തമായ ഊർജ്ജ പ്രഭാവം ഇവിടെ അനുഭവിക്കാൻ കഴിയും.

ക്ഷേത്രത്തിലെ ജനാർദ്ദന സന്നിധിയിൽ, ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി ശ്രാദ്ധം ചെയ്യുവാൻ കഴിയും. തന്റെ മരണശേഷം ശ്രാദ്ധം ചെയ്യുവാൻ ആരും ഇല്ലാതിരിക്കുന്നവർക്കു ഇത്
ഗുണപ്രദമാണ്.  ശിവൻ, ഗണപതി, കാളിമാതാ സന്നിധികളും ഇവിടെയുണ്ട്.




മാധവേശ്വരി ക്ഷേത്രം, പ്രയാഗ്

പതിനെട്ടു ശക്തിപീഠങ്ങളിൽ ഒന്നായ ആലോപി മാതാ ക്ഷേത്രം പ്രയാഗിലെ ത്രിവേണി സംഗമത്തിനടുത്തായി നിലകൊള്ളുന്നു. ആലോപി മാതാ, മാധവേശ്വരി എന്ന പേരിലും
അറിയപ്പെടുന്നുണ്ട്. സതീദേവിയുടെ കൈവിരലുകൾ വീണ സ്ഥലമാണിതെന്ന് കരുതുന്നു.


ദേവിയുടെ ശരീരത്തിന്റെ അവസാന ഭാഗം ഇവിടെ വീഴുകയും ആ ശരീരം ഭൂമിയിൽ നിന്ന്
അപ്രത്യക്ഷമായത് ഇവിടായതുകൊണ്ടും ഈ സ്ഥലത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.


ഇവിടെ ദേവിയുടെ പ്രതിഷ്ഠയില്ല. പകരം സമചതുരത്തിലുള്ള ഒരു പീഠത്തിന് മേലെ, തടി കൊണ്ടുള്ള ഒരു തൊട്ടിൽ തൂക്കിയിട്ടിരിക്കുന്നു. ഭക്തർ ഈ തൊട്ടിലിനെയാണ് ഇവിടെ ആരാധിക്കുന്നത്. പക്ഷേ പീഠത്തിനുള്ളിൽ അതിശക്തമായ ശ്രീചക്രം പ്രതിഷ്ഠിച്ചിട്ടുണ്ട്.


നവരാത്രി ദിവസങ്ങളിൽ അഭൂതപൂർവമായ ഭക്തജന തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്. തേങ്ങയും ചുവന്ന വസ്ത്രവുമാണ് ദേവിയ്ക്ക് ഭക്തർ വഴിപാടായി സമർപ്പിക്കുന്നത്. ശ്രീശങ്കരാചാര്യരുടെ അഷ്ടദശ ശക്തിപീഠങ്ങളിൽ ഒന്നാണീ ക്ഷേത്രം.


Monday, December 2, 2013

അപൂർവ ഹനുമാൻ ക്ഷേത്രങ്ങൾ

ഭാരതത്തിലെ മൂന്ന് പ്രധാനപ്പെട്ട ഹനുമാൻ ക്ഷേത്രങ്ങൾ പ്രയാഗിലും അയോദ്ധ്യയിലും നൈമിശാരണ്യത്തിലുമായി സ്ഥിതി ചെയ്യുന്നു. ഈ മൂന്ന് ക്ഷേത്രങ്ങളിലെത്തി ഹനുമാനെ ദർശിക്കുന്നത് പുണ്യമായി  കരുതുന്നു. ഇക്കഴിഞ്ഞ ജൂണ്‍ മാസം നടത്തിയ യാത്രയിൽ നിന്നുള്ള ചില വിവരങ്ങൾ.

പ്രയാഗിലെ കിടക്കുന്ന ഹനുമാൻ [Resting Position ]

പ്രയാഗിലെ [അലഹബാദ് ] ഹനുമാൻ ക്ഷേത്രം വളരെ പ്രസിദ്ധമാണ്. കിടക്കുന്ന രൂപത്തിലുള്ള ഹനുമാൻ പ്രതിഷ്ഠയാണ്  ഇവിടുള്ളത്. ലങ്കാദഹനത്തിന് ശേഷം ഉള്ള വരവാണ്. രാവണ നിഗ്രഹത്തിന് ശേഷം ശ്രീരാമനോടൊപ്പം, അയോദ്ധ്യയിലേക്കുള്ള മടക്കയാത്രയിൽ, വിശ്രമിക്കാനായി ഹനുമാൻ തിരഞ്ഞെടുത്ത സ്ഥലമാണിത്. ശരീരമാസകലമുള്ള മുറിവുകളുമായി, ത്രിവേണി സംഗമത്തിലെ മാസ്മരികമായ അന്തരീക്ഷത്തിൽ, വിശ്രമത്തിലാണ് ഈ മൂർത്തി. പ്രയാഗിന്റെ കാവല്ക്കാരനായി  ഈ ഹനുമാൻ അറിയപ്പെടുന്നു.

പ്രയാഗിലെ കിടക്കുന്ന ഹനുമാൻ
അയോദ്ധ്യയിലെ ഇരിക്കുന്ന ഹനുമാൻ  [Sitting Position ]

അയോദ്ധ്യയിലെ ഹനുമാൻ നഗരമദ്ധ്യത്തിൽ തന്നെ സ്ഥിതി ചെയ്യുന്നു. 76 പടികൾ കയറി വേണം ക്ഷേത്രത്തിലെത്തുവാൻ. ഇത് ഒരു ഗുഹാ ക്ഷേത്രമാണ് . അയോദ്ധ്യയുടെ കാവൽക്കാരനായി, ഇരിക്കുന്ന രൂപത്തിലുള്ള ഹനുമാൻ പ്രതിഷ്ഠയാണ്  ഇവിടുള്ളത്. അയോദ്ധ്യയിലെത്തുന്നവർ ആദ്യം ഇവിടെ വന്ന് ഹനുമാൻജിയെ ദർശിച്ചതിന് ശേഷമാണ് മറ്റ് ക്ഷേത്രങ്ങളിലേയ്ക്ക് പോകുന്നത്. അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രം പോലെ പ്രസിദ്ധമാണ്  ഈ ഹനുമാൻ ക്ഷേത്രവും.

അയോദ്ധ്യയിലെ ഇരിക്കുന്ന ഹനുമാൻ  

നൈമിശാരണ്യത്തിലെ നില്ക്കുന്ന ഹനുമാൻ [ Standing Position ]

നൈമിശാരണ്യത്തിലെ ഹനുമാൻ, 18 അടി ഉയരത്തിൽ , രാമലക്ഷ്മണൻമാരെ, തോളിൽ വഹിച്ചു കൊണ്ട്, നില്ക്കുന്ന രൂപത്തിലുള്ള ഒരു പ്രതിഷ്ഠയാണ് ഇവിടുള്ളത്. ഇത് ഒരു സ്വയംഭൂ ഹനുമാൻ ബിംബമാണെന്ന് കരുതുന്നു. രാവണന്റെ പിടിയിൽ നിന്ന് രാമലക്ഷ്മണൻമാരെ മോചിപ്പിച്ചു കൊണ്ടുള്ള ഒരു വരവാണിതെന്ന് പറയെപ്പെടുന്നു. തെക്ക് ദിക്കിലേക്ക് നോക്കി നിൽക്കുന്നതിനാൽ ദക്ഷിണേശ്വര ഹനുമാൻ എന്നും അറിയപ്പെടുന്നു.

നൈമിശാരണ്യത്തിലെ നില്ക്കുന്ന ഹനുമാൻ


Wednesday, November 27, 2013

ദ്വാദശ ജ്യോതിർലിംഗ ദർശനം

കായംകുളം G D M  ആഡിറ്റോറിയത്തിൽ പ്രജാപിത ബ്രഹ്മകുമാരീസ്  ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദ്വാദശ ജ്യോതിർലിംഗ ദിവ്യദർശനം' വളരെ നല്ല അനുഭവമായിരുന്നു.

ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, അവയുടെ യഥാർത്ഥ
രൂപത്തിലുള്ള പ്രതിഷ്ഠകളും, ഒരുമിച്ച് ഒരു സ്ഥലത്ത് ഒരുക്കിയിരുന്നത്, നിർവൃതിദായകമായിരുന്നു.

ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളും യഥാർത്ഥ സ്ഥലങ്ങളിൽ പോയി ദർശനം നടത്തുവാൻ കഴിയാത്തവർക്ക് ഇതൊരു അനുഗ്രഹമായിരുന്നു. പ്രസ്തുത ജ്യോതിർലിംഗ ദർശനത്തിന്റെ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

ഗുജറാത്ത്  [സോമനാഥൻ, നാഗേശ്വരൻ]
ആന്ധ്രാപ്രദേശ്  [മല്ലികാർജുനൻ]
മദ്ധ്യപ്രദേശ്  [മഹാകാലേശ്വരൻ, ഓംകാരേശ്വരൻ]
മഹാരാഷ്ട്ര  [ഭീമാശങ്കരൻ, ഘർണേശ്വരൻ, ത്രയംബകേശ്വരൻ]
ഉത്തരാഖണ്ഡ്  [കേദാർനാഥൻ]
ഉത്തർപ്രദേശ്  [കാശി വിശ്വനാഥൻ]
തമിഴ് നാട്  [രാമേശ്വരൻ ]
ജാർഖണ്ഡ്  [വൈദ്യനാഥൻ]
എന്നീ സംസ്ഥാനങ്ങളിൽ ആയി ഇവ സ്ഥിതി ചെയ്യുന്നു.

ശിവപുരാണത്തിൽ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ച്  ഇങ്ങനെ പറയുന്നുണ്ട്.

സൌരാഷ്ട്രേ സോമനാഥം ച
ശ്രീശൈലേ മല്ലികാർജ്ജുനം
ഉജ്ജയിന്യാം മഹാകാലം
ഓംകാരേ മാമലേശ്വരം.

ഹിമാലയേതു കേദാരം
ഡാകിന്യാം ഭീമശങ്കരം
വാരണാസ്യം ച വിശ്വേശം
ത്രയംബകം  ഗോമതീ തടേ

വൈദ്യനാഥം ച ചിത് ഭൂമോ
നാഗേശം ദാരുകാവനേ
സേതു ബന്ധേതു രാമേശം
ഘർണേശാം ച ശിവാലയേ.

ആദിശങ്കരനാണ്  ഈ ജ്യോതിർലിംഗങ്ങൾ കണ്ടെത്തിയതെന്ന് വിശ്വസിക്കുന്നു. പ്രാണേശ്വരനും വിശ്വേശ്വരനുമായ പരമേശ്വരനെ, ആ ജ്യോതിസ്വരൂപനെ, ജ്യോതിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട പന്ത്രണ്ട് സ്ഥലങ്ങളിൽ, ജ്യോതിയുടെ പ്രതീകമായി ഈ ജ്യോതിർലിംഗങ്ങളിൽ ആരാധിക്കുന്നു.

സോമനാഥൻ

ഗുജറാത്തിൽ അഹമ്മദാബാദിൽ നിന്നും 406 km ദൂരത്ത്, അറബിക്കടലിന്റെ തീരത്ത് സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചന്ദ്രൻ ശാപമോക്ഷത്തിന് വേണ്ടി തപസ്സ് ചെയ്ത സ്ഥലമാണിത്. അന്തർവാഹിനയായ സരസ്വതീ നദി കടലിൽ ചേരുന്നത് ഇവിടെയാണെന്ന് വിശ്വസിക്കുന്നു. പുരാതന കാലം മുതലേ പിതൃതർപ്പണത്തിനു പ്രസിദ്ധമാണിവിടം. ദ്വാരക തൊട്ടടുത്ത്‌ തന്നെയുണ്ട്‌.


സോമനാഥൻ
മല്ലികാർജുനൻ

ആന്ധ്രാപ്രദേശിൽ, ഹൈദരാബാദിൽ നിന്നും 245 km ദൂരെ, കൃഷ്ണാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ജ്യോതിർലിംഗംത്തെക്കുറിച്ച്  ലിംഗപുരാണം, മത്സ്യപുരാണം, അഗ്നിപുരാണം, സ്കന്ദ പുരാണം, മഹാഭാരതം എന്നിവയിൽ പരാമർശിക്കുന്നുണ്ട് . 18 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രത്തിലെ ബ്രഹ്മാംബാപീഠം. ധാരാളം യോഗികളുടേയും സിദ്ധൻമാരുടെയും ആവാസ കേന്ദ്രമായിരുന്നു ശ്രീശൈല പർവതം.


മല്ലികാർജുനൻ
മഹാകാലേശ്വരൻ

മദ്ധ്യപ്രദേശിൽ, ഉജ്ജയിനിയിൽ [പഴയ നാമം അവന്തികാപുരി] ക്ഷിപ്രാ നദിക്കരയിലാണ് ഈ ജ്യോതിർലിംഗം കാണപ്പെടുന്നത്. ത്രിപുരാസുരനുമായി ബന്ധപെട്ട ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന് പറയുവാനുള്ളത് . മൂന്ന് നിലകളുള്ള ശ്രീ കോവിലിൽ മഹാകാലലിംഗം, ഓംകാരേശ്വരലിംഗം , നാഗചന്ദ്രേശ്വരലിംഗം എന്നീ പ്രതിഷ്ഠകൾ കാണപ്പെടുന്നു.  


മഹാകാലേശ്വരൻ
 ഓംകാരേശ്വരൻ

മദ്ധ്യപ്രദേശിൽ, നർമ്മദാ നദീ തീരത്ത്,  ഇൻഡോറിൽ നിന്ന് 77 km ദൂരെ, ഈ ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നു. വിന്ധ്യൻ തപസ്സ് ചെയ്ത് പരമേശ്വരനെ പ്രത്യക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് ഐതീഹ്യം.നർമ്മദ നദിയിലെ ഒരു ദ്വീപിലാണ് ക്ഷേത്രം നില നില്ക്കുന്നത്. ആദി ശങ്കരൻ ഉപനിഷത്തിനു ഭാഷ്യം രചിച്ചതെന്നു പറയപ്പെടുന്ന ഒരു ഗുഹ ഇവിടെയുണ്ട് .


ഓംകാരേശ്വരൻ
കേദാർനാഥൻ

ഉത്തരാഖണ്ഡിൽ, ഹരിദ്വാറിൽ നിന്നും 241 KM അകലെ, ഗർവാൾ ഹിമാലയൻ ശ്രംഖലയിൽ, മന്ദാകിനി നദീ തീരത്ത് , സമുദ്ര നിരപ്പിൽ നിന്നും 3,583 മീറ്റർ ഉയരത്തിൽ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു .

കാളയുടെ മുതുകിന്റെ രൂപത്തിൽ, സ്വയംഭൂലിംഗ പ്രതിഷ്ഠയുള്ള ശിവസന്നിധി . പഞ്ച പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം പുതുക്കി പണിതത് ശ്രീ ശങ്കരാചാര്യർ ആണെന്നു കരുതുന്നു . വടക്കൻ ഹിമാലയത്തിലെ ചതുർ ധാമങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രം.


കേദാർനാഥൻ
ഭീമാശങ്കരൻ

മഹാരാഷ്ട്രയിലെ പൂനയിൽ നിന്നും 125 KM ദൂരെ, സഹ്യാദ്രി മലയിൽ, ഭീമാനദിയുടെ ഉത്ഭവ സ്ഥാനത്ത്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ത്രിപുരാസുരനെ, ഭീമന്റെ രൂപത്തിൽ, എത്തി പരമേശ്വരൻ വധിച്ച സ്ഥലമാണിതെന്ന് കരുതുന്നു. അസുര നിഗ്രഹത്തിന് ശേഷം പരമേശ്വരൻ ഭക്തരുടെ ആവശ്യ പ്രകാരം ഇവിടെ വസിക്കുവാൻ തുടങ്ങി എന്ന് ഐതീഹ്യം.

ഭീമാശങ്കരൻ

കാശി വിശ്വനാഥൻ

ഡൽഹിയിൽ നിന്ന് 792 KM ദൂരത്ത് , ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക് നൗവിൽ നിന്ന് 315 KM ദൂരെ, ഗംഗയുടെ തീരത്ത് , നദികളായ വരുണയുടേയും അസിയുടേയും സംഗമ സ്ഥാനമായ വാരണാസിയിൽ  കാശി വിശ്വനാഥൻ സ്ഥിതി ചെയ്യുന്നു. 

കാശി വിശ്വനാഥൻ
ത്രയംബകേശ്വരൻ

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും 29 KM അകലെ സഹ്യാദ്രി മലയിൽ, ഗോദാവരി നദിയുടെ ഉത്ഭവ സ്ഥാനത്ത്  ഈ ക്ഷേത്രം നില കൊള്ളുന്നു. ഗൌതമ മഹർഷിയുടെ തപസ്സുമായി ബന്ധപ്പെട്ട, ഗോഹത്യാ പാപം തീർക്കുവാൻ ഗംഗയെ ഭൂമിയിലേക്ക്‌ വരുത്തിയ ഐതീഹ്യമാണ് ഇവിടെ പറയുന്നത്  .

ത്രയംബകേശ്വരൻ
വൈദ്യനാഥൻ

യഥാർത്ഥ വൈദ്യനാഥ ക്ഷേത്രത്തെക്കുറിച്ച് തർക്കങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ ജനം എത്തുന്നത്  ജാർഖണ്ഡിലെ ദിയോഗർ [ദേവ് ഗർ] ക്ഷേത്രത്തിലാണ്. ഐതീഹ്യം ഗോകർണ ക്ഷേത്രത്തിന്റേത് തന്നെ. വൈദ്യനാഥ ഭാവത്തിലെ ശിവനാണ് ഇവിടുള്ളത്.

വൈദ്യനാഥൻ
നാഗേശ്വരൻ

വൈദ്യനാഥ ക്ഷേത്രത്തെപ്പോലെ തന്നെ യഥാർത്ഥ ക്ഷേത്രത്തെക്കുറിച്ച് തർക്കങ്ങൾ തുടരുകയാണ്. അതിലൊന്നാണ് ദ്വാരക നാഗേശ്വർ ക്ഷേത്രം. ദ്വാരകയിൽ നിന്നും 16 KM ദൂരത്ത് ഈ ജ്യോതിർ ലിംഗം സ്ഥിതി ചെയ്യുന്നു. 
നാഗേശ്വരൻ
രാമേശ്വരൻ

ഹിന്ദുക്കളുടെ ഏറ്റവും പരിപാവനമായ പുണ്യ സ്ഥലമാണ് രാമേശ്വരം. തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിൽ, മധുരയിൽ നിന്നും 200 KM ദൂരത്ത്, രാമേശ്വരം ക്ഷേത്രം നില കൊള്ളുന്നു. ചതുർ ധാമങ്ങളിൽ ഒന്നായ രാമേശ്വരം ക്ഷേത്രം ശൈവ, വൈഷ്ണവരുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണ് . ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ രാമനാഥ സ്വാമി, ഹനുമാൻ കൈലാസത്തിൽ നിന്നുകൊണ്ടുവന്ന വിശ്വലിംഗം, പർവതവർത്തിനി ദേവി എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ.

രാമേശ്വരൻ
ഘർണേശ്വരൻ

മഹാരാഷ്ട്രയിലെ ഔറംഗാബാദിന് സമീപം, 30 KM ദൂരെ, എല്ലോറ ഗുഹകൾക്കടുത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സഹ്യാദ്രി മലയിൽ എലാ ഗംഗാനദിക്കരയിലാണ് ഈ ക്ഷേത്രം. ഇപ്പോഴത്തെ ക്ഷേത്രം റാണി അഹല്യാ ഭായി നിർമ്മിച്ചതാണ്. 

ഘർണേശ്വരൻ
ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ വിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:


Friday, November 22, 2013

എന്റെ തീർത്ഥയാത്രകൾ - 7

മൃത്യുഞ്ജയ സന്നിധിയിൽ .....

മലപ്പുറം തിരൂരിൽ, തിരുനാവായിൽ നിന്ന് 4 KM ദൂരത്ത്, തൃപ്രങ്ങോട്ട് ഗ്രാമത്തിലാണ് 'തൃപ്രങ്ങോട്ട് ശിവക്ഷേത്രം'. അതിപുരാതനവും പരിപാവനുമായ ഈ ക്ഷേത്രം ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ 'ത്രപ്പദംകോട് ' പിന്നീട് 'തൃപ്രങ്ങോട്ട് ' ആയി എന്ന് ഒരു അഭിപ്രായം ഉണ്ട്. കോഴിക്കോട് സാമൂതിരി രാജ വക ക്ഷേത്രമാണിത്.


തിരുനാവായ മണൽപ്പുറത്ത് വച്ച് നടന്നിരുന്ന 'മാമാങ്കത്തിന് ' ശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനു മുൻപ് സാമൂതിരിപ്പാട് പരിവാര സമേതം ഘോഷയാത്രയായി വന്നു ഈ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നു നിർബന്ധമായിരുന്നു.

ഈ ക്ഷേത്രം എന്നിലുളവാക്കിയ വികാരം ഭയം ആണ്. അതിനു കാരണം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം തന്നെ. പരമശിവൻ ക്രൂദ്ധനായി യമരാജനെ ത്രിശൂലത്തിൽ കോർത്തെറിഞ്ഞു വധിച്ച കഥ.

ഞാനും എൻറെ 'ക്രിയാ യോഗ' ദീക്ഷ ഗുരുവുമായ സ്വാമികൃഷ്ണാനന്ദഗിരിയുമായിട്ടാണ് ആദ്യമായി ഈ ക്ഷേത്രത്തിൽ പോകുന്നത്. അദ്ദേഹമാണ് എനിക്ക് അറിവില്ലാതിരുന്ന ക്ഷേത്ര ചരിത്രം പറഞ്ഞുതന്നത് .


മകണ്ഡു മഹർഷി ദമ്പതിമാരുടെ പുത്രനായ, പരമശിവന്റെ അനുഗ്രഹത്താൽ ജനിച്ച, പതിനാറു വയസ്സ് മാത്രം ആയുസ്സുള്ള മാർക്കണ്ഡേയ കുമാരന്റെ കഥ. പതിനാറാം ജന്മദിനത്തിൽ തന്റെ മരണവിവരം അമ്മയിൽ നിന്നും അറിഞ്ഞ് രക്ഷക്ക് വേണ്ടി തൊട്ടടുത്തുള്ള 'നാവാമുകുന്ദ ക്ഷേത്രത്തിലേക്കോടി' ഭഗവാന്റെ തൃപ്പാദങ്ങളിൽ അഭയം പ്രാപിച്ചു. 

മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്‌, 'സംഹാരം പരമശിവന്റെ ധർമ്മം ആയതിനാൽ അദ്ദേഹത്തെ അഭയം പ്രാപിക്കൂ അതുവരെ ഞാൻ കാത്തു കൊള്ളാം' എന്ന് അരുളിചെയ്തിട്ടു പന്ത്രണ്ടു കല്ലുകൾ കയ്യിൽ കൊടുത്തു. 'യമരാജൻ അടുത്തു വരുമ്പോൾ ഒരു കല്ല്‌ എറിയണം അപ്പോൾ കുറച്ചു സമയത്തേക്ക് യമൻ തരിച്ചു നില്ക്കും, അപ്പോൾ ഓടുക'.

കുമാരൻ ശിവക്ഷേത്രം ലക്ഷ്യമാക്കി ഓടിത്തുടങ്ങി, കൂടെ യമരാജനും. തൊടാറാകുമ്പോൾ കല്ല് എറിഞ്ഞ് എറിഞ്ഞ് കുമാരൻ ക്ഷേത്ര നടയിലെത്തി. വഴി മറച്ചു കൊണ്ട് മുൻപിൽ വലിയ ഒരു ആൽ മരം നില്ക്കുന്നു. അത് ചുറ്റിയോടിയാൽ യമൻ പിടിക്കും, അതിനാൽ 'നാവാ മുകുന്ദനെ ' മനസിൽ സ്മരിച്ച് ആലിന്റെ നേർക്ക്‌ ഓടിയപ്പോൾ ആൽ മരം രണ്ടായി പിളർന്നു വഴി തെളിഞ്ഞു.

ബാക്കി കയ്യിലുണ്ടായിരുന്ന ഒരു കല്ല് യമന്റെ നേർക്കെറിഞ്ഞിട്ടു കുമാരൻ ക്ഷേത്രത്തിലേക്കോടിക്കയറി ശിവലിംഗത്തിൽ കെട്ടിപിടിച്ച് പഞ്ചാക്ഷര മന്ത്രം ജപിച്ചു തുടങ്ങി. കോപാകുലനായ യമരാജൻ കയർ അകത്തേക്കെറിഞ്ഞു. കയർ ചെന്ന് വീണത് കുമാരന്റെയും ശിവലിംഗത്തിന്റേയും മേലാണ്. ക്രൂദ്ധനായി പരമശിവൻ പ്രത്യക്ഷപ്പെട്ട് തെക്കുഭാഗത്തേക്ക്‌ മൂന്ന് ചുവട് നടന്ന് ത്രിശൂലത്തിൽ യമരാജനെ കോർത്തെറിഞ്ഞു. യമരാജൻ മരണപ്പെട്ടതായി കഥ. 

'എന്നും നിനക്ക് പതിനാറ് വയസ്സായിരിക്കട്ടെ' എന്നനുഗ്രഹിച്ച്  ഭഗവാൻ തെക്ക് പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളത്തിലേക്കു പോയി. കുളത്തിൽ ശൂലം കഴുകിയപ്പോൾ ജലം രക്ത നിറമായി. അതിനുശേഷം ഭഗവാൻ ചെന്നിരുന്ന സ്ഥലത്ത് ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു ഒപ്പം പാർവതി ദേവിയും. അവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്രം നിലനില്ക്കുന്നത് .

കുമാരൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം മൂലസ്ഥാനമായി ' കാരണത്തിൽ ശിവൻ ' എന്ന പേരിൽ തുടരുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ മൂന്ന് സ്ഥലങ്ങളിൽ മൂന്ന് ശിവലിംഗങ്ങൾ കാണപ്പെടുന്നു. 


മൂർത്തീ സങ്കൽപ്പത്തിലുള്ള നന്ദികേശ്വരൻ നമസ്കാര മണ്ഡപത്തിലുണ്ട്. കിഴക്കേ നടയിൽ മുൻപുണ്ടായിരുന്ന നടു പിളർന്ന ആൽ മരം ഇപ്പോഴില്ല . അതിന്റെ ഒരു പഴയ ചിത്രം ഇവിടെ കൊടുത്തിട്ടുണ്ട് . ശിവരാത്രിയാണു ഇവിടുത്തെ ഏറ്റവും പ്രധാനപെട്ട ഉത്സവം. മൂന്ന് ദിവസമായി ഇത് ആഘോഷിക്കുന്നു.


മൃത്യുഞ്ജയ സന്നിധിയായത് കൊണ്ട് ദീർഘായുസ്സിനു വേണ്ടിയുള്ള വഴിപാടുകൾ ആണ് കൂടുതലും നടക്കുന്നത് .

ഇത്രയും ഇവിടെ ക്കുറിച്ച് കഴിഞ്ഞപ്പോൾ ആ സന്നിധിയിൽ ഒന്ന് കൂടി പോകുവാൻ ഒരാഗ്രഹം.. . 

ഓം ശിവായ നമ:

[റഫറൻസ് - ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പല പുസ്തകങ്ങൾ]

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:

[https://www.facebook.com/groups/ChengannurTemple/permalink/10151961001376241/]






എന്റെ തീർത്ഥയാത്രകൾ - 8

കൂത്തനൂർ സരസ്വതി അമ്മൻ തിരുനടയിൽ .....

നവരാത്രിയല്ലേ.. ദേവിയെക്കുറിച്ച് എഴുതാം....

2010 ഓഗസ്റ്റ്‌ മാസം ഏഴാം തീയതിയാണ് ഞങ്ങൾ നാല് പേർ മുതുകുളത്ത് നിന്ന് കുംഭകോണത്തും പരിസര പ്രദേശങ്ങളിലുമുള്ള നവഗ്രഹ ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിച്ചത് . ആദ്യ ദിവസം ചന്ദ്രന്റെ 'തിങ്കളൂർ' ക്ഷേത്രം സന്ദർശിച്ച് ഭഗവാനെ വണങ്ങി വൈകിട്ട് 'കുംഭകോണത്ത് ' തങ്ങി. പിറ്റേന്ന് 'തിരുനല്ലാർ ശനീശ്വര' ക്ഷേത്രത്തിൽ നിന്നും വരുമ്പോഴാണ് സുഹൃത്ത് പത്മകുമാർ പ്രസിദ്ധമായ 'കൂത്തനൂർ സരസ്വതീ ' ക്ഷേത്രത്തെക്കുറിച്ച് പറയുന്നത് . കാർ ഉടനെതന്നെ അങ്ങോട്ട്‌ വിട്ടു. പതിനഞ്ച് നിമിഷം കൊണ്ട് വണ്ടി ക്ഷേത്ര സന്നിധിയിലെത്തി.

സമയം സന്ധ്യ കഴിഞ്ഞിരുന്നു , തിരക്കൊഴിഞ്ഞു, ക്ഷേത്ര സന്നിധി വിജനമാണ് , എങ്ങും നിശബ്ദത മാത്രം. ധ്യാനത്തിന് പറ്റിയ അന്തരീക്ഷം.

ഓറഞ്ച് ഡിസൈൻ ബോർഡറുള്ള തൂവെള്ള സാരിയും, മുഖം നിറയെ ചന്ദനവും, കുങ്കുമനിറത്തിലുള്ള ചുണ്ടുകളും, ആഴമുള്ള കറുത്ത കണ്ണുകളുമായി, താമരപ്പൂവിന്റെ മാല കഴുത്തിൽ അണിഞ്ഞു ദേവി അന്ന് കൂടുതൽ മനോഹരിയായിരുന്നു. ആ തേജസ് നോക്കിയിരുന്നു. ഒന്നുമറിഞ്ഞില്ല. സമയം കടന്നു പോയതും അറിഞ്ഞില്ല. ദീക്ഷ കിട്ടിയ മന്ത്രം മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു....

കൂത്തനൂർ ക്ഷേത്രം തമിഴ് നാട്ടിലെ ഒരേയൊരു സരസ്വതീ ക്ഷേത്രമാണെന്ന് തോന്നുന്നു. തിരുവാരൂർ ജില്ലയിൽ, കുംഭകോണത്ത് നിന്ന് 40 KM ദൂരത്ത് സ്ഥിതി ചെയ്യുന്നു. (മയിലാടുംതുറയിൽ നിന്ന് 21 KM ഉം തിരുവാരൂരിൽ നിന്നും 19 KM ഉം)

കൂത്തർ (Ottakoothar) എന്ന പ്രസിദ്ധ തമിഴ് കവിയുടെ നാമത്തിലാണ് കൂത്തനൂർ ഗ്രാമം അറിയപ്പെടുന്നത് . സരസ്വതീ ദേവി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ച കവി ശ്രേഷ്ഠനാണു അദ്ദേഹം.

കാവേരി നദിയുടെ ചെറിയ ഒരു കൈവഴിയായ ഹരിസോൾ (Harisol) നദിയിൽ കൂത്തർ(Ottakoothar) കുളിക്കുകയും, ദേവീ പ്രസാദത്തിനായി ദേവിയെ ധ്യാനിച്ച്, ദിവസവും പൂക്കൾ നദിയിൽ അർപ്പിക്കുകയും ചെയ്ത്കൊണ്ടിരുന്നു. ഇതിൽ സന്തുഷ്ടയായ ദേവി മനോഹരമായ ഒരു വള്ളത്തിൽ, അതിസുന്ദരിയായി വന്നു ഇദ്ദേഹത്തെ അനുഗ്രഹിച്ചതായി ഐതീഹ്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ലക്ഷ്മീ, പാർവതി ദേവിമാരും അനുഗമിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട് .

വാഗ് ദേവതയുടെ അനുഗ്രഹത്താൽ കൂത്തരുടെ പ്രസിദ്ധി നാൾക്ക് നാൾ വർദ്ധിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ രാജാ വിക്രമ ചോളൻ രാജസദസ്സിലേക്ക് വിളിച്ച് വരുത്തി കവിത ചൊല്ലിച്ചിരുന്നു. പിന്നീട് രാജാ വിക്രമ ചോളന്റെ ചെറുമകനായ രാജ രാജ ചോളൻ കവിക്ക്‌ സമ്മാനിച്ചതാണ്‌ ഈ സ്ഥലം. അങ്ങനെ ഈ ഗ്രാമം കൂത്തനൂർ ആയി. കവിയും ചെറുമകനും കൂടി നിർമ്മിച്ചതാണീ ക്ഷേത്രം എന്ന് കരുതപ്പെടുന്നു.

തപസ്സ് അനുഷ്ടിക്കുന്ന, മനോഹരമായ മൂന്ന് കണ്ണുകളുള്ള, യോഗാസനത്തിലിരിക്കുന്ന, ദേവിയുടെ രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ.

തേൻ, പാൽ, എണ്ണ, മഞ്ഞൾ ജലം, തൈര് , നെയ്യ് , പഴച്ച്ചാർ എന്നിവകൊണ്ടാണ് പ്രധാനമായും അഭിഷേകം നടത്തുന്നത്.

ശ്രീ ശങ്കരാചാര്യരുടെ സൌന്ദര്യ ലഹരിയിൽ ഈ ദേവിയെക്കുറിച്ച്  പ്രതിപാദിക്കുന്നുണ്ട്. ശ്ളോകം 15, 16,17 -ൽ

സൌന്ദര്യ ലഹരി , ശ്ളോകം 15- ഡോ . ബി. സി. ബാലകൃഷ്ണന്റെ വ്യാഖ്യാനം :-

അല്ലയോ അമ്മേ ! ശരത്കാലത്തിലെ ചന്ദ്രിക പോലെ ശുഭ്രവർണ്ണയും ചന്ദ്രക്കല ചേർന്ന ജടാജൂടവും കിരീടവും അണിഞ്ഞവളും വരദമുദ്ര, അഭയമുദ്ര, സ്ഫടികം കൊണ്ടുള്ള ജപമാല , പുസ്തകം എന്നിവ നാല് കയ്യിൽ ധരിച്ചിട്ടുള്ളവളും ആയ നിന്തിരുവടിയെ ഒരു പ്രാവശ്യം നമസ്ക്കരിക്കുന്ന സജ്ജനങ്ങൾ തേൻ, പാൽ, ദ്രാക്ഷാ തുടങ്ങിയവയുടെ മധുരിമയെ വഹിക്കുന്ന വാക്കുകളുടെ സാന്നിദ്ധ്യത്തെ എങ്ങനെ പ്രാപിക്കാതിരിക്കും?

നിങ്ങൾ  തീർച്ചയായും പോകേണ്ട ഒരു ക്ഷേത്രമാണിത്. 

ദേവീം കുന്ദേന്ദു ഗൌരാമമ്രത കരകലാ-
സ്മേരകോടിരബന്ധാം
മുദ്രാംഭോജാക്ഷമാലാഭയവരകലിതാം
പുസ്തകാക്രാന്തഹസ്താം

ശുഭ്രാകല്പ്പാം ത്രിനേത്രാം ത്രിഭുവനനാമിതാ-
മക്ഷരാധീനമൂർത്തീം
വന്ദേ വാഗ്ദേവതാം താം ജഗദഭയകരീം
മാതൃകാം വിശ്വയോനീം

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:

[https://www.facebook.com/groups/ChengannurTemple/permalink/10151963145971241/]