Friday, November 22, 2013

എന്റെ തീർത്ഥയാത്രകൾ - 7

മൃത്യുഞ്ജയ സന്നിധിയിൽ .....

മലപ്പുറം തിരൂരിൽ, തിരുനാവായിൽ നിന്ന് 4 KM ദൂരത്ത്, തൃപ്രങ്ങോട്ട് ഗ്രാമത്തിലാണ് 'തൃപ്രങ്ങോട്ട് ശിവക്ഷേത്രം'. അതിപുരാതനവും പരിപാവനുമായ ഈ ക്ഷേത്രം ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ 'ത്രപ്പദംകോട് ' പിന്നീട് 'തൃപ്രങ്ങോട്ട് ' ആയി എന്ന് ഒരു അഭിപ്രായം ഉണ്ട്. കോഴിക്കോട് സാമൂതിരി രാജ വക ക്ഷേത്രമാണിത്.


തിരുനാവായ മണൽപ്പുറത്ത് വച്ച് നടന്നിരുന്ന 'മാമാങ്കത്തിന് ' ശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനു മുൻപ് സാമൂതിരിപ്പാട് പരിവാര സമേതം ഘോഷയാത്രയായി വന്നു ഈ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നു നിർബന്ധമായിരുന്നു.

ഈ ക്ഷേത്രം എന്നിലുളവാക്കിയ വികാരം ഭയം ആണ്. അതിനു കാരണം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം തന്നെ. പരമശിവൻ ക്രൂദ്ധനായി യമരാജനെ ത്രിശൂലത്തിൽ കോർത്തെറിഞ്ഞു വധിച്ച കഥ.

ഞാനും എൻറെ 'ക്രിയാ യോഗ' ദീക്ഷ ഗുരുവുമായ സ്വാമികൃഷ്ണാനന്ദഗിരിയുമായിട്ടാണ് ആദ്യമായി ഈ ക്ഷേത്രത്തിൽ പോകുന്നത്. അദ്ദേഹമാണ് എനിക്ക് അറിവില്ലാതിരുന്ന ക്ഷേത്ര ചരിത്രം പറഞ്ഞുതന്നത് .


മകണ്ഡു മഹർഷി ദമ്പതിമാരുടെ പുത്രനായ, പരമശിവന്റെ അനുഗ്രഹത്താൽ ജനിച്ച, പതിനാറു വയസ്സ് മാത്രം ആയുസ്സുള്ള മാർക്കണ്ഡേയ കുമാരന്റെ കഥ. പതിനാറാം ജന്മദിനത്തിൽ തന്റെ മരണവിവരം അമ്മയിൽ നിന്നും അറിഞ്ഞ് രക്ഷക്ക് വേണ്ടി തൊട്ടടുത്തുള്ള 'നാവാമുകുന്ദ ക്ഷേത്രത്തിലേക്കോടി' ഭഗവാന്റെ തൃപ്പാദങ്ങളിൽ അഭയം പ്രാപിച്ചു. 

മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്‌, 'സംഹാരം പരമശിവന്റെ ധർമ്മം ആയതിനാൽ അദ്ദേഹത്തെ അഭയം പ്രാപിക്കൂ അതുവരെ ഞാൻ കാത്തു കൊള്ളാം' എന്ന് അരുളിചെയ്തിട്ടു പന്ത്രണ്ടു കല്ലുകൾ കയ്യിൽ കൊടുത്തു. 'യമരാജൻ അടുത്തു വരുമ്പോൾ ഒരു കല്ല്‌ എറിയണം അപ്പോൾ കുറച്ചു സമയത്തേക്ക് യമൻ തരിച്ചു നില്ക്കും, അപ്പോൾ ഓടുക'.

കുമാരൻ ശിവക്ഷേത്രം ലക്ഷ്യമാക്കി ഓടിത്തുടങ്ങി, കൂടെ യമരാജനും. തൊടാറാകുമ്പോൾ കല്ല് എറിഞ്ഞ് എറിഞ്ഞ് കുമാരൻ ക്ഷേത്ര നടയിലെത്തി. വഴി മറച്ചു കൊണ്ട് മുൻപിൽ വലിയ ഒരു ആൽ മരം നില്ക്കുന്നു. അത് ചുറ്റിയോടിയാൽ യമൻ പിടിക്കും, അതിനാൽ 'നാവാ മുകുന്ദനെ ' മനസിൽ സ്മരിച്ച് ആലിന്റെ നേർക്ക്‌ ഓടിയപ്പോൾ ആൽ മരം രണ്ടായി പിളർന്നു വഴി തെളിഞ്ഞു.

ബാക്കി കയ്യിലുണ്ടായിരുന്ന ഒരു കല്ല് യമന്റെ നേർക്കെറിഞ്ഞിട്ടു കുമാരൻ ക്ഷേത്രത്തിലേക്കോടിക്കയറി ശിവലിംഗത്തിൽ കെട്ടിപിടിച്ച് പഞ്ചാക്ഷര മന്ത്രം ജപിച്ചു തുടങ്ങി. കോപാകുലനായ യമരാജൻ കയർ അകത്തേക്കെറിഞ്ഞു. കയർ ചെന്ന് വീണത് കുമാരന്റെയും ശിവലിംഗത്തിന്റേയും മേലാണ്. ക്രൂദ്ധനായി പരമശിവൻ പ്രത്യക്ഷപ്പെട്ട് തെക്കുഭാഗത്തേക്ക്‌ മൂന്ന് ചുവട് നടന്ന് ത്രിശൂലത്തിൽ യമരാജനെ കോർത്തെറിഞ്ഞു. യമരാജൻ മരണപ്പെട്ടതായി കഥ. 

'എന്നും നിനക്ക് പതിനാറ് വയസ്സായിരിക്കട്ടെ' എന്നനുഗ്രഹിച്ച്  ഭഗവാൻ തെക്ക് പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളത്തിലേക്കു പോയി. കുളത്തിൽ ശൂലം കഴുകിയപ്പോൾ ജലം രക്ത നിറമായി. അതിനുശേഷം ഭഗവാൻ ചെന്നിരുന്ന സ്ഥലത്ത് ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു ഒപ്പം പാർവതി ദേവിയും. അവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്രം നിലനില്ക്കുന്നത് .

കുമാരൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം മൂലസ്ഥാനമായി ' കാരണത്തിൽ ശിവൻ ' എന്ന പേരിൽ തുടരുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ മൂന്ന് സ്ഥലങ്ങളിൽ മൂന്ന് ശിവലിംഗങ്ങൾ കാണപ്പെടുന്നു. 


മൂർത്തീ സങ്കൽപ്പത്തിലുള്ള നന്ദികേശ്വരൻ നമസ്കാര മണ്ഡപത്തിലുണ്ട്. കിഴക്കേ നടയിൽ മുൻപുണ്ടായിരുന്ന നടു പിളർന്ന ആൽ മരം ഇപ്പോഴില്ല . അതിന്റെ ഒരു പഴയ ചിത്രം ഇവിടെ കൊടുത്തിട്ടുണ്ട് . ശിവരാത്രിയാണു ഇവിടുത്തെ ഏറ്റവും പ്രധാനപെട്ട ഉത്സവം. മൂന്ന് ദിവസമായി ഇത് ആഘോഷിക്കുന്നു.


മൃത്യുഞ്ജയ സന്നിധിയായത് കൊണ്ട് ദീർഘായുസ്സിനു വേണ്ടിയുള്ള വഴിപാടുകൾ ആണ് കൂടുതലും നടക്കുന്നത് .

ഇത്രയും ഇവിടെ ക്കുറിച്ച് കഴിഞ്ഞപ്പോൾ ആ സന്നിധിയിൽ ഒന്ന് കൂടി പോകുവാൻ ഒരാഗ്രഹം.. . 

ഓം ശിവായ നമ:

[റഫറൻസ് - ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പല പുസ്തകങ്ങൾ]

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:

[https://www.facebook.com/groups/ChengannurTemple/permalink/10151961001376241/]






No comments:

Post a Comment