Friday, November 22, 2013

എന്റെ തീർത്ഥയാത്രകൾ - 8

കൂത്തനൂർ സരസ്വതി അമ്മൻ തിരുനടയിൽ .....

നവരാത്രിയല്ലേ.. ദേവിയെക്കുറിച്ച് എഴുതാം....

2010 ഓഗസ്റ്റ്‌ മാസം ഏഴാം തീയതിയാണ് ഞങ്ങൾ നാല് പേർ മുതുകുളത്ത് നിന്ന് കുംഭകോണത്തും പരിസര പ്രദേശങ്ങളിലുമുള്ള നവഗ്രഹ ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിച്ചത് . ആദ്യ ദിവസം ചന്ദ്രന്റെ 'തിങ്കളൂർ' ക്ഷേത്രം സന്ദർശിച്ച് ഭഗവാനെ വണങ്ങി വൈകിട്ട് 'കുംഭകോണത്ത് ' തങ്ങി. പിറ്റേന്ന് 'തിരുനല്ലാർ ശനീശ്വര' ക്ഷേത്രത്തിൽ നിന്നും വരുമ്പോഴാണ് സുഹൃത്ത് പത്മകുമാർ പ്രസിദ്ധമായ 'കൂത്തനൂർ സരസ്വതീ ' ക്ഷേത്രത്തെക്കുറിച്ച് പറയുന്നത് . കാർ ഉടനെതന്നെ അങ്ങോട്ട്‌ വിട്ടു. പതിനഞ്ച് നിമിഷം കൊണ്ട് വണ്ടി ക്ഷേത്ര സന്നിധിയിലെത്തി.

സമയം സന്ധ്യ കഴിഞ്ഞിരുന്നു , തിരക്കൊഴിഞ്ഞു, ക്ഷേത്ര സന്നിധി വിജനമാണ് , എങ്ങും നിശബ്ദത മാത്രം. ധ്യാനത്തിന് പറ്റിയ അന്തരീക്ഷം.

ഓറഞ്ച് ഡിസൈൻ ബോർഡറുള്ള തൂവെള്ള സാരിയും, മുഖം നിറയെ ചന്ദനവും, കുങ്കുമനിറത്തിലുള്ള ചുണ്ടുകളും, ആഴമുള്ള കറുത്ത കണ്ണുകളുമായി, താമരപ്പൂവിന്റെ മാല കഴുത്തിൽ അണിഞ്ഞു ദേവി അന്ന് കൂടുതൽ മനോഹരിയായിരുന്നു. ആ തേജസ് നോക്കിയിരുന്നു. ഒന്നുമറിഞ്ഞില്ല. സമയം കടന്നു പോയതും അറിഞ്ഞില്ല. ദീക്ഷ കിട്ടിയ മന്ത്രം മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു....

കൂത്തനൂർ ക്ഷേത്രം തമിഴ് നാട്ടിലെ ഒരേയൊരു സരസ്വതീ ക്ഷേത്രമാണെന്ന് തോന്നുന്നു. തിരുവാരൂർ ജില്ലയിൽ, കുംഭകോണത്ത് നിന്ന് 40 KM ദൂരത്ത് സ്ഥിതി ചെയ്യുന്നു. (മയിലാടുംതുറയിൽ നിന്ന് 21 KM ഉം തിരുവാരൂരിൽ നിന്നും 19 KM ഉം)

കൂത്തർ (Ottakoothar) എന്ന പ്രസിദ്ധ തമിഴ് കവിയുടെ നാമത്തിലാണ് കൂത്തനൂർ ഗ്രാമം അറിയപ്പെടുന്നത് . സരസ്വതീ ദേവി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ച കവി ശ്രേഷ്ഠനാണു അദ്ദേഹം.

കാവേരി നദിയുടെ ചെറിയ ഒരു കൈവഴിയായ ഹരിസോൾ (Harisol) നദിയിൽ കൂത്തർ(Ottakoothar) കുളിക്കുകയും, ദേവീ പ്രസാദത്തിനായി ദേവിയെ ധ്യാനിച്ച്, ദിവസവും പൂക്കൾ നദിയിൽ അർപ്പിക്കുകയും ചെയ്ത്കൊണ്ടിരുന്നു. ഇതിൽ സന്തുഷ്ടയായ ദേവി മനോഹരമായ ഒരു വള്ളത്തിൽ, അതിസുന്ദരിയായി വന്നു ഇദ്ദേഹത്തെ അനുഗ്രഹിച്ചതായി ഐതീഹ്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ലക്ഷ്മീ, പാർവതി ദേവിമാരും അനുഗമിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട് .

വാഗ് ദേവതയുടെ അനുഗ്രഹത്താൽ കൂത്തരുടെ പ്രസിദ്ധി നാൾക്ക് നാൾ വർദ്ധിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ രാജാ വിക്രമ ചോളൻ രാജസദസ്സിലേക്ക് വിളിച്ച് വരുത്തി കവിത ചൊല്ലിച്ചിരുന്നു. പിന്നീട് രാജാ വിക്രമ ചോളന്റെ ചെറുമകനായ രാജ രാജ ചോളൻ കവിക്ക്‌ സമ്മാനിച്ചതാണ്‌ ഈ സ്ഥലം. അങ്ങനെ ഈ ഗ്രാമം കൂത്തനൂർ ആയി. കവിയും ചെറുമകനും കൂടി നിർമ്മിച്ചതാണീ ക്ഷേത്രം എന്ന് കരുതപ്പെടുന്നു.

തപസ്സ് അനുഷ്ടിക്കുന്ന, മനോഹരമായ മൂന്ന് കണ്ണുകളുള്ള, യോഗാസനത്തിലിരിക്കുന്ന, ദേവിയുടെ രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ.

തേൻ, പാൽ, എണ്ണ, മഞ്ഞൾ ജലം, തൈര് , നെയ്യ് , പഴച്ച്ചാർ എന്നിവകൊണ്ടാണ് പ്രധാനമായും അഭിഷേകം നടത്തുന്നത്.

ശ്രീ ശങ്കരാചാര്യരുടെ സൌന്ദര്യ ലഹരിയിൽ ഈ ദേവിയെക്കുറിച്ച്  പ്രതിപാദിക്കുന്നുണ്ട്. ശ്ളോകം 15, 16,17 -ൽ

സൌന്ദര്യ ലഹരി , ശ്ളോകം 15- ഡോ . ബി. സി. ബാലകൃഷ്ണന്റെ വ്യാഖ്യാനം :-

അല്ലയോ അമ്മേ ! ശരത്കാലത്തിലെ ചന്ദ്രിക പോലെ ശുഭ്രവർണ്ണയും ചന്ദ്രക്കല ചേർന്ന ജടാജൂടവും കിരീടവും അണിഞ്ഞവളും വരദമുദ്ര, അഭയമുദ്ര, സ്ഫടികം കൊണ്ടുള്ള ജപമാല , പുസ്തകം എന്നിവ നാല് കയ്യിൽ ധരിച്ചിട്ടുള്ളവളും ആയ നിന്തിരുവടിയെ ഒരു പ്രാവശ്യം നമസ്ക്കരിക്കുന്ന സജ്ജനങ്ങൾ തേൻ, പാൽ, ദ്രാക്ഷാ തുടങ്ങിയവയുടെ മധുരിമയെ വഹിക്കുന്ന വാക്കുകളുടെ സാന്നിദ്ധ്യത്തെ എങ്ങനെ പ്രാപിക്കാതിരിക്കും?

നിങ്ങൾ  തീർച്ചയായും പോകേണ്ട ഒരു ക്ഷേത്രമാണിത്. 

ദേവീം കുന്ദേന്ദു ഗൌരാമമ്രത കരകലാ-
സ്മേരകോടിരബന്ധാം
മുദ്രാംഭോജാക്ഷമാലാഭയവരകലിതാം
പുസ്തകാക്രാന്തഹസ്താം

ശുഭ്രാകല്പ്പാം ത്രിനേത്രാം ത്രിഭുവനനാമിതാ-
മക്ഷരാധീനമൂർത്തീം
വന്ദേ വാഗ്ദേവതാം താം ജഗദഭയകരീം
മാതൃകാം വിശ്വയോനീം

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:

[https://www.facebook.com/groups/ChengannurTemple/permalink/10151963145971241/]





No comments:

Post a Comment