Wednesday, November 27, 2013

ദ്വാദശ ജ്യോതിർലിംഗ ദർശനം

കായംകുളം G D M  ആഡിറ്റോറിയത്തിൽ പ്രജാപിത ബ്രഹ്മകുമാരീസ്  ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദ്വാദശ ജ്യോതിർലിംഗ ദിവ്യദർശനം' വളരെ നല്ല അനുഭവമായിരുന്നു.

ഭാരതത്തിലെ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും, അവയുടെ യഥാർത്ഥ
രൂപത്തിലുള്ള പ്രതിഷ്ഠകളും, ഒരുമിച്ച് ഒരു സ്ഥലത്ത് ഒരുക്കിയിരുന്നത്, നിർവൃതിദായകമായിരുന്നു.

ഈ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളും യഥാർത്ഥ സ്ഥലങ്ങളിൽ പോയി ദർശനം നടത്തുവാൻ കഴിയാത്തവർക്ക് ഇതൊരു അനുഗ്രഹമായിരുന്നു. പ്രസ്തുത ജ്യോതിർലിംഗ ദർശനത്തിന്റെ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നു.

ഗുജറാത്ത്  [സോമനാഥൻ, നാഗേശ്വരൻ]
ആന്ധ്രാപ്രദേശ്  [മല്ലികാർജുനൻ]
മദ്ധ്യപ്രദേശ്  [മഹാകാലേശ്വരൻ, ഓംകാരേശ്വരൻ]
മഹാരാഷ്ട്ര  [ഭീമാശങ്കരൻ, ഘർണേശ്വരൻ, ത്രയംബകേശ്വരൻ]
ഉത്തരാഖണ്ഡ്  [കേദാർനാഥൻ]
ഉത്തർപ്രദേശ്  [കാശി വിശ്വനാഥൻ]
തമിഴ് നാട്  [രാമേശ്വരൻ ]
ജാർഖണ്ഡ്  [വൈദ്യനാഥൻ]
എന്നീ സംസ്ഥാനങ്ങളിൽ ആയി ഇവ സ്ഥിതി ചെയ്യുന്നു.

ശിവപുരാണത്തിൽ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ച്  ഇങ്ങനെ പറയുന്നുണ്ട്.

സൌരാഷ്ട്രേ സോമനാഥം ച
ശ്രീശൈലേ മല്ലികാർജ്ജുനം
ഉജ്ജയിന്യാം മഹാകാലം
ഓംകാരേ മാമലേശ്വരം.

ഹിമാലയേതു കേദാരം
ഡാകിന്യാം ഭീമശങ്കരം
വാരണാസ്യം ച വിശ്വേശം
ത്രയംബകം  ഗോമതീ തടേ

വൈദ്യനാഥം ച ചിത് ഭൂമോ
നാഗേശം ദാരുകാവനേ
സേതു ബന്ധേതു രാമേശം
ഘർണേശാം ച ശിവാലയേ.

ആദിശങ്കരനാണ്  ഈ ജ്യോതിർലിംഗങ്ങൾ കണ്ടെത്തിയതെന്ന് വിശ്വസിക്കുന്നു. പ്രാണേശ്വരനും വിശ്വേശ്വരനുമായ പരമേശ്വരനെ, ആ ജ്യോതിസ്വരൂപനെ, ജ്യോതിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട പന്ത്രണ്ട് സ്ഥലങ്ങളിൽ, ജ്യോതിയുടെ പ്രതീകമായി ഈ ജ്യോതിർലിംഗങ്ങളിൽ ആരാധിക്കുന്നു.

സോമനാഥൻ

ഗുജറാത്തിൽ അഹമ്മദാബാദിൽ നിന്നും 406 km ദൂരത്ത്, അറബിക്കടലിന്റെ തീരത്ത് സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചന്ദ്രൻ ശാപമോക്ഷത്തിന് വേണ്ടി തപസ്സ് ചെയ്ത സ്ഥലമാണിത്. അന്തർവാഹിനയായ സരസ്വതീ നദി കടലിൽ ചേരുന്നത് ഇവിടെയാണെന്ന് വിശ്വസിക്കുന്നു. പുരാതന കാലം മുതലേ പിതൃതർപ്പണത്തിനു പ്രസിദ്ധമാണിവിടം. ദ്വാരക തൊട്ടടുത്ത്‌ തന്നെയുണ്ട്‌.


സോമനാഥൻ
മല്ലികാർജുനൻ

ആന്ധ്രാപ്രദേശിൽ, ഹൈദരാബാദിൽ നിന്നും 245 km ദൂരെ, കൃഷ്ണാനദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഈ ജ്യോതിർലിംഗംത്തെക്കുറിച്ച്  ലിംഗപുരാണം, മത്സ്യപുരാണം, അഗ്നിപുരാണം, സ്കന്ദ പുരാണം, മഹാഭാരതം എന്നിവയിൽ പരാമർശിക്കുന്നുണ്ട് . 18 ശക്തി പീഠങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രത്തിലെ ബ്രഹ്മാംബാപീഠം. ധാരാളം യോഗികളുടേയും സിദ്ധൻമാരുടെയും ആവാസ കേന്ദ്രമായിരുന്നു ശ്രീശൈല പർവതം.


മല്ലികാർജുനൻ
മഹാകാലേശ്വരൻ

മദ്ധ്യപ്രദേശിൽ, ഉജ്ജയിനിയിൽ [പഴയ നാമം അവന്തികാപുരി] ക്ഷിപ്രാ നദിക്കരയിലാണ് ഈ ജ്യോതിർലിംഗം കാണപ്പെടുന്നത്. ത്രിപുരാസുരനുമായി ബന്ധപെട്ട ഐതീഹ്യമാണ് ഈ ക്ഷേത്രത്തിന് പറയുവാനുള്ളത് . മൂന്ന് നിലകളുള്ള ശ്രീ കോവിലിൽ മഹാകാലലിംഗം, ഓംകാരേശ്വരലിംഗം , നാഗചന്ദ്രേശ്വരലിംഗം എന്നീ പ്രതിഷ്ഠകൾ കാണപ്പെടുന്നു.  


മഹാകാലേശ്വരൻ
 ഓംകാരേശ്വരൻ

മദ്ധ്യപ്രദേശിൽ, നർമ്മദാ നദീ തീരത്ത്,  ഇൻഡോറിൽ നിന്ന് 77 km ദൂരെ, ഈ ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നു. വിന്ധ്യൻ തപസ്സ് ചെയ്ത് പരമേശ്വരനെ പ്രത്യക്ഷപ്പെടുത്തിയതുമായി ബന്ധപ്പെട്ടതാണ് ഐതീഹ്യം.നർമ്മദ നദിയിലെ ഒരു ദ്വീപിലാണ് ക്ഷേത്രം നില നില്ക്കുന്നത്. ആദി ശങ്കരൻ ഉപനിഷത്തിനു ഭാഷ്യം രചിച്ചതെന്നു പറയപ്പെടുന്ന ഒരു ഗുഹ ഇവിടെയുണ്ട് .


ഓംകാരേശ്വരൻ
കേദാർനാഥൻ

ഉത്തരാഖണ്ഡിൽ, ഹരിദ്വാറിൽ നിന്നും 241 KM അകലെ, ഗർവാൾ ഹിമാലയൻ ശ്രംഖലയിൽ, മന്ദാകിനി നദീ തീരത്ത് , സമുദ്ര നിരപ്പിൽ നിന്നും 3,583 മീറ്റർ ഉയരത്തിൽ കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു .

കാളയുടെ മുതുകിന്റെ രൂപത്തിൽ, സ്വയംഭൂലിംഗ പ്രതിഷ്ഠയുള്ള ശിവസന്നിധി . പഞ്ച പാണ്ഡവർ നിർമ്മിച്ച ക്ഷേത്രം പുതുക്കി പണിതത് ശ്രീ ശങ്കരാചാര്യർ ആണെന്നു കരുതുന്നു . വടക്കൻ ഹിമാലയത്തിലെ ചതുർ ധാമങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രം.


കേദാർനാഥൻ
ഭീമാശങ്കരൻ

മഹാരാഷ്ട്രയിലെ പൂനയിൽ നിന്നും 125 KM ദൂരെ, സഹ്യാദ്രി മലയിൽ, ഭീമാനദിയുടെ ഉത്ഭവ സ്ഥാനത്ത്  ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ത്രിപുരാസുരനെ, ഭീമന്റെ രൂപത്തിൽ, എത്തി പരമേശ്വരൻ വധിച്ച സ്ഥലമാണിതെന്ന് കരുതുന്നു. അസുര നിഗ്രഹത്തിന് ശേഷം പരമേശ്വരൻ ഭക്തരുടെ ആവശ്യ പ്രകാരം ഇവിടെ വസിക്കുവാൻ തുടങ്ങി എന്ന് ഐതീഹ്യം.

ഭീമാശങ്കരൻ

കാശി വിശ്വനാഥൻ

ഡൽഹിയിൽ നിന്ന് 792 KM ദൂരത്ത് , ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലക് നൗവിൽ നിന്ന് 315 KM ദൂരെ, ഗംഗയുടെ തീരത്ത് , നദികളായ വരുണയുടേയും അസിയുടേയും സംഗമ സ്ഥാനമായ വാരണാസിയിൽ  കാശി വിശ്വനാഥൻ സ്ഥിതി ചെയ്യുന്നു. 

കാശി വിശ്വനാഥൻ
ത്രയംബകേശ്വരൻ

മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും 29 KM അകലെ സഹ്യാദ്രി മലയിൽ, ഗോദാവരി നദിയുടെ ഉത്ഭവ സ്ഥാനത്ത്  ഈ ക്ഷേത്രം നില കൊള്ളുന്നു. ഗൌതമ മഹർഷിയുടെ തപസ്സുമായി ബന്ധപ്പെട്ട, ഗോഹത്യാ പാപം തീർക്കുവാൻ ഗംഗയെ ഭൂമിയിലേക്ക്‌ വരുത്തിയ ഐതീഹ്യമാണ് ഇവിടെ പറയുന്നത്  .

ത്രയംബകേശ്വരൻ
വൈദ്യനാഥൻ

യഥാർത്ഥ വൈദ്യനാഥ ക്ഷേത്രത്തെക്കുറിച്ച് തർക്കങ്ങൾ ഉണ്ട്. ഏറ്റവും കൂടുതൽ ജനം എത്തുന്നത്  ജാർഖണ്ഡിലെ ദിയോഗർ [ദേവ് ഗർ] ക്ഷേത്രത്തിലാണ്. ഐതീഹ്യം ഗോകർണ ക്ഷേത്രത്തിന്റേത് തന്നെ. വൈദ്യനാഥ ഭാവത്തിലെ ശിവനാണ് ഇവിടുള്ളത്.

വൈദ്യനാഥൻ
നാഗേശ്വരൻ

വൈദ്യനാഥ ക്ഷേത്രത്തെപ്പോലെ തന്നെ യഥാർത്ഥ ക്ഷേത്രത്തെക്കുറിച്ച് തർക്കങ്ങൾ തുടരുകയാണ്. അതിലൊന്നാണ് ദ്വാരക നാഗേശ്വർ ക്ഷേത്രം. ദ്വാരകയിൽ നിന്നും 16 KM ദൂരത്ത് ഈ ജ്യോതിർ ലിംഗം സ്ഥിതി ചെയ്യുന്നു. 
നാഗേശ്വരൻ
രാമേശ്വരൻ

ഹിന്ദുക്കളുടെ ഏറ്റവും പരിപാവനമായ പുണ്യ സ്ഥലമാണ് രാമേശ്വരം. തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിൽ, മധുരയിൽ നിന്നും 200 KM ദൂരത്ത്, രാമേശ്വരം ക്ഷേത്രം നില കൊള്ളുന്നു. ചതുർ ധാമങ്ങളിൽ ഒന്നായ രാമേശ്വരം ക്ഷേത്രം ശൈവ, വൈഷ്ണവരുടെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രം കൂടിയാണ് . ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ രാമനാഥ സ്വാമി, ഹനുമാൻ കൈലാസത്തിൽ നിന്നുകൊണ്ടുവന്ന വിശ്വലിംഗം, പർവതവർത്തിനി ദേവി എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ.

രാമേശ്വരൻ
ഘർണേശ്വരൻ

മഹാരാഷ്ട്രയിലെ ഔറംഗാബാദിന് സമീപം, 30 KM ദൂരെ, എല്ലോറ ഗുഹകൾക്കടുത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സഹ്യാദ്രി മലയിൽ എലാ ഗംഗാനദിക്കരയിലാണ് ഈ ക്ഷേത്രം. ഇപ്പോഴത്തെ ക്ഷേത്രം റാണി അഹല്യാ ഭായി നിർമ്മിച്ചതാണ്. 

ഘർണേശ്വരൻ
ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ വിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:


Friday, November 22, 2013

എന്റെ തീർത്ഥയാത്രകൾ - 7

മൃത്യുഞ്ജയ സന്നിധിയിൽ .....

മലപ്പുറം തിരൂരിൽ, തിരുനാവായിൽ നിന്ന് 4 KM ദൂരത്ത്, തൃപ്രങ്ങോട്ട് ഗ്രാമത്തിലാണ് 'തൃപ്രങ്ങോട്ട് ശിവക്ഷേത്രം'. അതിപുരാതനവും പരിപാവനുമായ ഈ ക്ഷേത്രം ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ 'ത്രപ്പദംകോട് ' പിന്നീട് 'തൃപ്രങ്ങോട്ട് ' ആയി എന്ന് ഒരു അഭിപ്രായം ഉണ്ട്. കോഴിക്കോട് സാമൂതിരി രാജ വക ക്ഷേത്രമാണിത്.


തിരുനാവായ മണൽപ്പുറത്ത് വച്ച് നടന്നിരുന്ന 'മാമാങ്കത്തിന് ' ശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനു മുൻപ് സാമൂതിരിപ്പാട് പരിവാര സമേതം ഘോഷയാത്രയായി വന്നു ഈ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നു നിർബന്ധമായിരുന്നു.

ഈ ക്ഷേത്രം എന്നിലുളവാക്കിയ വികാരം ഭയം ആണ്. അതിനു കാരണം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതീഹ്യം തന്നെ. പരമശിവൻ ക്രൂദ്ധനായി യമരാജനെ ത്രിശൂലത്തിൽ കോർത്തെറിഞ്ഞു വധിച്ച കഥ.

ഞാനും എൻറെ 'ക്രിയാ യോഗ' ദീക്ഷ ഗുരുവുമായ സ്വാമികൃഷ്ണാനന്ദഗിരിയുമായിട്ടാണ് ആദ്യമായി ഈ ക്ഷേത്രത്തിൽ പോകുന്നത്. അദ്ദേഹമാണ് എനിക്ക് അറിവില്ലാതിരുന്ന ക്ഷേത്ര ചരിത്രം പറഞ്ഞുതന്നത് .


മകണ്ഡു മഹർഷി ദമ്പതിമാരുടെ പുത്രനായ, പരമശിവന്റെ അനുഗ്രഹത്താൽ ജനിച്ച, പതിനാറു വയസ്സ് മാത്രം ആയുസ്സുള്ള മാർക്കണ്ഡേയ കുമാരന്റെ കഥ. പതിനാറാം ജന്മദിനത്തിൽ തന്റെ മരണവിവരം അമ്മയിൽ നിന്നും അറിഞ്ഞ് രക്ഷക്ക് വേണ്ടി തൊട്ടടുത്തുള്ള 'നാവാമുകുന്ദ ക്ഷേത്രത്തിലേക്കോടി' ഭഗവാന്റെ തൃപ്പാദങ്ങളിൽ അഭയം പ്രാപിച്ചു. 

മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട്‌, 'സംഹാരം പരമശിവന്റെ ധർമ്മം ആയതിനാൽ അദ്ദേഹത്തെ അഭയം പ്രാപിക്കൂ അതുവരെ ഞാൻ കാത്തു കൊള്ളാം' എന്ന് അരുളിചെയ്തിട്ടു പന്ത്രണ്ടു കല്ലുകൾ കയ്യിൽ കൊടുത്തു. 'യമരാജൻ അടുത്തു വരുമ്പോൾ ഒരു കല്ല്‌ എറിയണം അപ്പോൾ കുറച്ചു സമയത്തേക്ക് യമൻ തരിച്ചു നില്ക്കും, അപ്പോൾ ഓടുക'.

കുമാരൻ ശിവക്ഷേത്രം ലക്ഷ്യമാക്കി ഓടിത്തുടങ്ങി, കൂടെ യമരാജനും. തൊടാറാകുമ്പോൾ കല്ല് എറിഞ്ഞ് എറിഞ്ഞ് കുമാരൻ ക്ഷേത്ര നടയിലെത്തി. വഴി മറച്ചു കൊണ്ട് മുൻപിൽ വലിയ ഒരു ആൽ മരം നില്ക്കുന്നു. അത് ചുറ്റിയോടിയാൽ യമൻ പിടിക്കും, അതിനാൽ 'നാവാ മുകുന്ദനെ ' മനസിൽ സ്മരിച്ച് ആലിന്റെ നേർക്ക്‌ ഓടിയപ്പോൾ ആൽ മരം രണ്ടായി പിളർന്നു വഴി തെളിഞ്ഞു.

ബാക്കി കയ്യിലുണ്ടായിരുന്ന ഒരു കല്ല് യമന്റെ നേർക്കെറിഞ്ഞിട്ടു കുമാരൻ ക്ഷേത്രത്തിലേക്കോടിക്കയറി ശിവലിംഗത്തിൽ കെട്ടിപിടിച്ച് പഞ്ചാക്ഷര മന്ത്രം ജപിച്ചു തുടങ്ങി. കോപാകുലനായ യമരാജൻ കയർ അകത്തേക്കെറിഞ്ഞു. കയർ ചെന്ന് വീണത് കുമാരന്റെയും ശിവലിംഗത്തിന്റേയും മേലാണ്. ക്രൂദ്ധനായി പരമശിവൻ പ്രത്യക്ഷപ്പെട്ട് തെക്കുഭാഗത്തേക്ക്‌ മൂന്ന് ചുവട് നടന്ന് ത്രിശൂലത്തിൽ യമരാജനെ കോർത്തെറിഞ്ഞു. യമരാജൻ മരണപ്പെട്ടതായി കഥ. 

'എന്നും നിനക്ക് പതിനാറ് വയസ്സായിരിക്കട്ടെ' എന്നനുഗ്രഹിച്ച്  ഭഗവാൻ തെക്ക് പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ക്ഷേത്രക്കുളത്തിലേക്കു പോയി. കുളത്തിൽ ശൂലം കഴുകിയപ്പോൾ ജലം രക്ത നിറമായി. അതിനുശേഷം ഭഗവാൻ ചെന്നിരുന്ന സ്ഥലത്ത് ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു ഒപ്പം പാർവതി ദേവിയും. അവിടെയാണ് ഇന്ന് കാണുന്ന ക്ഷേത്രം നിലനില്ക്കുന്നത് .

കുമാരൻ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം മൂലസ്ഥാനമായി ' കാരണത്തിൽ ശിവൻ ' എന്ന പേരിൽ തുടരുന്നു. ഭഗവാന്റെ പാദങ്ങൾ പതിഞ്ഞ മൂന്ന് സ്ഥലങ്ങളിൽ മൂന്ന് ശിവലിംഗങ്ങൾ കാണപ്പെടുന്നു. 


മൂർത്തീ സങ്കൽപ്പത്തിലുള്ള നന്ദികേശ്വരൻ നമസ്കാര മണ്ഡപത്തിലുണ്ട്. കിഴക്കേ നടയിൽ മുൻപുണ്ടായിരുന്ന നടു പിളർന്ന ആൽ മരം ഇപ്പോഴില്ല . അതിന്റെ ഒരു പഴയ ചിത്രം ഇവിടെ കൊടുത്തിട്ടുണ്ട് . ശിവരാത്രിയാണു ഇവിടുത്തെ ഏറ്റവും പ്രധാനപെട്ട ഉത്സവം. മൂന്ന് ദിവസമായി ഇത് ആഘോഷിക്കുന്നു.


മൃത്യുഞ്ജയ സന്നിധിയായത് കൊണ്ട് ദീർഘായുസ്സിനു വേണ്ടിയുള്ള വഴിപാടുകൾ ആണ് കൂടുതലും നടക്കുന്നത് .

ഇത്രയും ഇവിടെ ക്കുറിച്ച് കഴിഞ്ഞപ്പോൾ ആ സന്നിധിയിൽ ഒന്ന് കൂടി പോകുവാൻ ഒരാഗ്രഹം.. . 

ഓം ശിവായ നമ:

[റഫറൻസ് - ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പല പുസ്തകങ്ങൾ]

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:

[https://www.facebook.com/groups/ChengannurTemple/permalink/10151961001376241/]






എന്റെ തീർത്ഥയാത്രകൾ - 8

കൂത്തനൂർ സരസ്വതി അമ്മൻ തിരുനടയിൽ .....

നവരാത്രിയല്ലേ.. ദേവിയെക്കുറിച്ച് എഴുതാം....

2010 ഓഗസ്റ്റ്‌ മാസം ഏഴാം തീയതിയാണ് ഞങ്ങൾ നാല് പേർ മുതുകുളത്ത് നിന്ന് കുംഭകോണത്തും പരിസര പ്രദേശങ്ങളിലുമുള്ള നവഗ്രഹ ക്ഷേത്രങ്ങളിലേക്ക് യാത്ര തിരിച്ചത് . ആദ്യ ദിവസം ചന്ദ്രന്റെ 'തിങ്കളൂർ' ക്ഷേത്രം സന്ദർശിച്ച് ഭഗവാനെ വണങ്ങി വൈകിട്ട് 'കുംഭകോണത്ത് ' തങ്ങി. പിറ്റേന്ന് 'തിരുനല്ലാർ ശനീശ്വര' ക്ഷേത്രത്തിൽ നിന്നും വരുമ്പോഴാണ് സുഹൃത്ത് പത്മകുമാർ പ്രസിദ്ധമായ 'കൂത്തനൂർ സരസ്വതീ ' ക്ഷേത്രത്തെക്കുറിച്ച് പറയുന്നത് . കാർ ഉടനെതന്നെ അങ്ങോട്ട്‌ വിട്ടു. പതിനഞ്ച് നിമിഷം കൊണ്ട് വണ്ടി ക്ഷേത്ര സന്നിധിയിലെത്തി.

സമയം സന്ധ്യ കഴിഞ്ഞിരുന്നു , തിരക്കൊഴിഞ്ഞു, ക്ഷേത്ര സന്നിധി വിജനമാണ് , എങ്ങും നിശബ്ദത മാത്രം. ധ്യാനത്തിന് പറ്റിയ അന്തരീക്ഷം.

ഓറഞ്ച് ഡിസൈൻ ബോർഡറുള്ള തൂവെള്ള സാരിയും, മുഖം നിറയെ ചന്ദനവും, കുങ്കുമനിറത്തിലുള്ള ചുണ്ടുകളും, ആഴമുള്ള കറുത്ത കണ്ണുകളുമായി, താമരപ്പൂവിന്റെ മാല കഴുത്തിൽ അണിഞ്ഞു ദേവി അന്ന് കൂടുതൽ മനോഹരിയായിരുന്നു. ആ തേജസ് നോക്കിയിരുന്നു. ഒന്നുമറിഞ്ഞില്ല. സമയം കടന്നു പോയതും അറിഞ്ഞില്ല. ദീക്ഷ കിട്ടിയ മന്ത്രം മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു....

കൂത്തനൂർ ക്ഷേത്രം തമിഴ് നാട്ടിലെ ഒരേയൊരു സരസ്വതീ ക്ഷേത്രമാണെന്ന് തോന്നുന്നു. തിരുവാരൂർ ജില്ലയിൽ, കുംഭകോണത്ത് നിന്ന് 40 KM ദൂരത്ത് സ്ഥിതി ചെയ്യുന്നു. (മയിലാടുംതുറയിൽ നിന്ന് 21 KM ഉം തിരുവാരൂരിൽ നിന്നും 19 KM ഉം)

കൂത്തർ (Ottakoothar) എന്ന പ്രസിദ്ധ തമിഴ് കവിയുടെ നാമത്തിലാണ് കൂത്തനൂർ ഗ്രാമം അറിയപ്പെടുന്നത് . സരസ്വതീ ദേവി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ച കവി ശ്രേഷ്ഠനാണു അദ്ദേഹം.

കാവേരി നദിയുടെ ചെറിയ ഒരു കൈവഴിയായ ഹരിസോൾ (Harisol) നദിയിൽ കൂത്തർ(Ottakoothar) കുളിക്കുകയും, ദേവീ പ്രസാദത്തിനായി ദേവിയെ ധ്യാനിച്ച്, ദിവസവും പൂക്കൾ നദിയിൽ അർപ്പിക്കുകയും ചെയ്ത്കൊണ്ടിരുന്നു. ഇതിൽ സന്തുഷ്ടയായ ദേവി മനോഹരമായ ഒരു വള്ളത്തിൽ, അതിസുന്ദരിയായി വന്നു ഇദ്ദേഹത്തെ അനുഗ്രഹിച്ചതായി ഐതീഹ്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ ലക്ഷ്മീ, പാർവതി ദേവിമാരും അനുഗമിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട് .

വാഗ് ദേവതയുടെ അനുഗ്രഹത്താൽ കൂത്തരുടെ പ്രസിദ്ധി നാൾക്ക് നാൾ വർദ്ധിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തെ രാജാ വിക്രമ ചോളൻ രാജസദസ്സിലേക്ക് വിളിച്ച് വരുത്തി കവിത ചൊല്ലിച്ചിരുന്നു. പിന്നീട് രാജാ വിക്രമ ചോളന്റെ ചെറുമകനായ രാജ രാജ ചോളൻ കവിക്ക്‌ സമ്മാനിച്ചതാണ്‌ ഈ സ്ഥലം. അങ്ങനെ ഈ ഗ്രാമം കൂത്തനൂർ ആയി. കവിയും ചെറുമകനും കൂടി നിർമ്മിച്ചതാണീ ക്ഷേത്രം എന്ന് കരുതപ്പെടുന്നു.

തപസ്സ് അനുഷ്ടിക്കുന്ന, മനോഹരമായ മൂന്ന് കണ്ണുകളുള്ള, യോഗാസനത്തിലിരിക്കുന്ന, ദേവിയുടെ രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ.

തേൻ, പാൽ, എണ്ണ, മഞ്ഞൾ ജലം, തൈര് , നെയ്യ് , പഴച്ച്ചാർ എന്നിവകൊണ്ടാണ് പ്രധാനമായും അഭിഷേകം നടത്തുന്നത്.

ശ്രീ ശങ്കരാചാര്യരുടെ സൌന്ദര്യ ലഹരിയിൽ ഈ ദേവിയെക്കുറിച്ച്  പ്രതിപാദിക്കുന്നുണ്ട്. ശ്ളോകം 15, 16,17 -ൽ

സൌന്ദര്യ ലഹരി , ശ്ളോകം 15- ഡോ . ബി. സി. ബാലകൃഷ്ണന്റെ വ്യാഖ്യാനം :-

അല്ലയോ അമ്മേ ! ശരത്കാലത്തിലെ ചന്ദ്രിക പോലെ ശുഭ്രവർണ്ണയും ചന്ദ്രക്കല ചേർന്ന ജടാജൂടവും കിരീടവും അണിഞ്ഞവളും വരദമുദ്ര, അഭയമുദ്ര, സ്ഫടികം കൊണ്ടുള്ള ജപമാല , പുസ്തകം എന്നിവ നാല് കയ്യിൽ ധരിച്ചിട്ടുള്ളവളും ആയ നിന്തിരുവടിയെ ഒരു പ്രാവശ്യം നമസ്ക്കരിക്കുന്ന സജ്ജനങ്ങൾ തേൻ, പാൽ, ദ്രാക്ഷാ തുടങ്ങിയവയുടെ മധുരിമയെ വഹിക്കുന്ന വാക്കുകളുടെ സാന്നിദ്ധ്യത്തെ എങ്ങനെ പ്രാപിക്കാതിരിക്കും?

നിങ്ങൾ  തീർച്ചയായും പോകേണ്ട ഒരു ക്ഷേത്രമാണിത്. 

ദേവീം കുന്ദേന്ദു ഗൌരാമമ്രത കരകലാ-
സ്മേരകോടിരബന്ധാം
മുദ്രാംഭോജാക്ഷമാലാഭയവരകലിതാം
പുസ്തകാക്രാന്തഹസ്താം

ശുഭ്രാകല്പ്പാം ത്രിനേത്രാം ത്രിഭുവനനാമിതാ-
മക്ഷരാധീനമൂർത്തീം
വന്ദേ വാഗ്ദേവതാം താം ജഗദഭയകരീം
മാതൃകാം വിശ്വയോനീം

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ:

[https://www.facebook.com/groups/ChengannurTemple/permalink/10151963145971241/]





എന്റെ തീർത്ഥയാത്രകൾ - 9



                                                 ഗോകർണ മഹാബലേശ്വരക്ഷേത്രം


മംഗലാപുരത്ത് നിന്നും 247 KM ദൂരത്ത് , ഉത്തര കന്നഡ ജില്ലയിൽ , അറബിക്കടലിന്റെ തീരത്താണ് ഗോകർണം. വശ്യ മനോഹരമായ ബീച്ചുകൾ ഈ തീരത്തിന്റെ മാത്രം പ്രത്യേകതയാണ്.

2011 നവംബർ മാസത്തിലാണ് ആദ്യമായി ഗോകർണത്തിലെത്തുന്നത്. ആത്മലിംഗമുള്ള ഒരേയൊരു ശിവ തീർത്ഥാടന കേന്ദ്രമാണ് 'ഗോകർണ മഹാബലേശ്വരക്ഷേത്രം'. ഏകദേശം 1500 വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നു കരുതുന്നു. രാവണൻ കൈലാസത്തിൽ നിന്നും കൊണ്ടുവന്നതാണീ ശിവലിംഗമെന്നു കരുതപ്പെടുന്നു. ദ്രാവിഡ ശിൽപ്പകലാ വൈദഗ്ദ്ധ്യത്തിനു ഉത്തമോദാഹരണമാണ് ഈ ക്ഷേത്രം.


സമചതുരത്തിലുള്ള സാളഗ്രാമ പീഠത്തിനുള്ളിലാണു ആത്മലിംഗം. സാളഗ്രാമത്തിന്റെ മദ്ധ്യത്തിലുള്ള ദ്വാരത്തിൽക്കൂടി നമുക്ക് ശിവലിംഗം സ്പർശിക്കാൻ സാധിക്കും. സ്വയം അഭിഷേകവും നടത്താം.

40 വർഷത്തിലൊരിക്കൽ, 'അഷ്ടബന്ധന കുംഭാഭിഷേകം' നടക്കുമ്പോൾ, ഈ ആത്മ ലിംഗം അഥവാ പ്രാണലിംഗം പുറത്തെടുക്കും.

നമുക്ക് ഐതീഹ്യത്തിലേക്കു ഒന്ന് കടന്നു ചെല്ലാം ..

ലങ്കാധിപതി രാവണന്റെ മാതാവ് ഒരു തികഞ്ഞ ശിവ ഭക്ത ആയിരുന്നു. സ്വന്തം പുത്രന്റെ ഐശ്വര്യത്തിനു വേണ്ടി ദിവസവും ശിവലിംഗത്തിൽ പൂജ നടത്തിയിരുന്നു. ഈ ആരാധനയിൽ അസൂയ പൂണ്ട ദേവേന്ദ്രൻ പ്രസ്തുത ശിവലിംഗം മോഷ്ടിച്ച് കടലിൽ എറിഞ്ഞു. 

തന്റെ ശിവ പൂജ മുടങ്ങിയതിൽ ദു:ഖിതയായ മാതാവ് ജലപാനം പോലുമില്ലാതെ നാളുകൾ കഴിച്ച് കൂട്ടി. മാതൃദു:ഖം കണ്ടു മനംനൊന്ത അസുരരാജാവ് മാതാവിനെ സമാധാനിപ്പിച്ചു. ' മാതേ.. ഞാൻ കൈലാസത്തിൽ പോയി അവിടുത്തേക്ക്‌ ഭഗവാന്റെ ആത്മലിംഗം തന്നെ കൊണ്ട് വന്നു തരാം, എന്നെ പോകാനായി അനുവദിക്കൂ.' അങ്ങനെ മാതാവിന്റെ അനുഗ്രഹാശിസ്സുകൾ നേടി ലങ്കാധിപതി കൈലാസത്തിലേക്ക് തിരിച്ചു.

കൈലാസ താഴ്‌വരയിൽ ലങ്കാരാജൻ കൊടും തപസ്സ് ആരംഭിച്ചു. തന്റെ മധുരതരമായ ശബ്ദത്തിൽ ഭഗവാനെ സ്തുതിക്കാൻ തുടങ്ങി, അവസാനം 'ശിവതാണ്ഡവ സ്തോത്രവും' ചൊല്ലാൻ തുടങ്ങി. അതിനു ശേഷം ഭഗവത് പ്രീതിയ്ക്കു വേണ്ടി ഓരോരോ തലകൾ അറുത്ത് ഭഗവാന് സമർപ്പിച്ചു കൊണ്ടിരുന്നു. അവസാനത്തെ തലയും വെട്ടാൻ തുടങ്ങിയപ്പോൾ, രാവണന്റെ ഭക്തിയിൽ സന്തുഷ്ടനായ, മഹാദേവൻ പ്രത്യക്ഷപ്പെട്ട് വരം ചോദിച്ചു കൊള്ളുവാൻ പറഞ്ഞു. അസുര രാജാവ് ഭഗവാന്റെ 'ആത്മ ലിംഗം' തരുവാൻ അപേക്ഷിച്ചു. ഒപ്പം ഉമാദേവിയെപ്പോലെ സുന്ദരിയായ ഒരു ഭാര്യയേയും.

മഹാദേവൻ സ്വന്തം ഹൃദയത്തിൽ നിന്ന്, സൂര്യനെ പോലെ പ്രകാശിക്കുന്ന, 'ആത്മ ലിംഗം' പുറത്തെടുത്ത് രാവണനു നൽകിയിട്ട് പറഞ്ഞു ' പ്രതിഷ്ഠ നടത്തുവാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് അല്ലാതെ വേറെ എങ്ങും ഈ ആത്മലിംഗം വെയ്ക്കരുത് '.

ഉമാദേവിയെപ്പോലെ മറ്റൊരു സ്ത്രീ ഈ ലോകത്ത് ഇല്ലാത്തതിനാൽ മഹാദേവൻ ഉമാദേവിയെത്തന്നെ രാവണനു നല്കി. ദേവിയുടെ സൌന്ദര്യത്തിൽ മയങ്ങിപ്പോയ, മതിഭ്രമം മൂലം അന്ധനായിത്തീർന്ന, രാക്ഷസ രാജാവ് ദേവിയെ ചുമലിലേറ്റി 'ആത്മ ലിംഗവുമായി' ലങ്ക ലക്ഷ്യമാക്കി കൈലാസത്തിൽ നിന്ന് യാത്ര തിരിച്ചു.

ഇന്ദ്രലോകം നടുങ്ങി. ദേവീദേവൻമാരെല്ലാം പെട്ടെന്നുണ്ടായ ഈ സംഭവത്തിൽ ഭയ ചകിതരായി, പ്രത്യേകിച്ചും ശിവ പാർവതീ പുത്രൻമാരായ ഗണേശൻ, സുബ്രമഹ്ണ്യൻ , വീരഭദ്രൻ തുടങ്ങിയവർ. നിരാശരായ ഇവരെല്ലാവരും നന്ദികേശ്വരനേയും കൂട്ടി മഹാദേവനെ ചെന്ന് കണ്ടു. 'പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല, എല്ലാം മഹാവിഷ്ണു നോക്കിക്കൊള്ളും', മഹാദേവൻ അവരെ ആശ്വസിപ്പിച്ചു.

ഉമാദേവി മഹാവിഷ്ണുവിനോട്‌ സഹായം അഭ്യർത്ഥിച്ചു. മഹാവിഷ്ണു ഉടനടി ഒരു പ്രായം ചെന്ന ബ്രാഹ്മണന്റെ വേഷത്തിൽ, ഗോകർണത്ത് വച്ച് രാവണന്റെ മുൻപിൽ എത്തുകയും ചെയ്തു. 

'ഈ സുന്ദരിയേയും തോളിൽ വഹിച്ചു കൊണ്ട് അങ്ങ് എങ്ങോട്ടാണ് പോകുന്നത് മഹാരാജാവേ..?' ബ്രാഹ്മണൻ രാവണനോടു ചോദ്യമെറിഞ്ഞു. 'കൈലാസാധിപതിയാണു ഈ സുന്ദരിയെ തനിക്കു നല്കിയതെന്നു' രാവണൻ ബ്രാഹ്മണനോട് പറഞ്ഞു. 

കൗശലക്കരനായ ബ്രാഹ്മണന്റെ പുകഴ്ത്തലിൽ മയങ്ങിയ അസുരരാജാവ് തന്റെ സുന്ദരിയുടെ മനോഹര വദനം ബ്രാഹ്മണനെ കാണിക്കുവാനായി താഴേയ്ക്ക് ഇറങ്ങി വന്നു. ആ അഭിശപ്തനിമിഷം രാവണന്റെ മനോരാജ്യങ്ങൾ എല്ലാം തകർന്ന് തരിപ്പണമായി.

മഹാവിഷ്ണുവിന്റെ അത്ഭുതകരമായ, സമയോചിതമായ, ഇടപെടൽ മൂലം ദേവിയെ അദ്ദേഹം ഏറ്റവും വികൃതമായ, എല്ലും തോലുമായ, ബീഭത്സമായ ഒരു രൂപമാക്കി മാറ്റിയിരുന്നു. തിരിഞ്ഞു നോക്കി തന്റെ സുന്ദരിയെ ദർശിച്ച അസുര രാജാവ് ഞെട്ടിത്തരിച്ച്ചുപോയി. ബ്രാഹ്മണന്റെ കളിയാക്കലുകൾ സഹിക്കവയ്യാതെ രാവണൻ ദേവിയെ അവിടെ ഉപേക്ഷിച്ചു പോയതായി ചരിത്രം. മഹാവിഷ്ണുവിന്റെ അഭ്യർത്ഥനയെ തുടർന്നു ദേവി ഗോകർണത്ത് ഭദ്രകാളിയായി ഇപ്പോഴും തുടരുന്നുവെന്ന് ഐതീഹ്യം. 

ആത്മലിംഗവുമായി പോയ രാവണൻ, ദേവേന്ദ്രന്റെ നിർദ്ദേശപ്രകാരം ബ്രാഹ്മണകുട്ടിയായി വേഷമിട്ട ഗണേശനെ കണ്ടുമുട്ടുന്നു. സന്ധ്യാവന്ദനത്തിനു സമയമായതിനാൽ, ആത്മലിംഗം കുട്ടിയെ ഏല്പ്പിച്ച് 'താൻ തിരിച്ചു വരുന്നതുവരെ, എന്ത് സംഭവിച്ചാലും ഈ ലിംഗം ഭൂമിയിൽ സ്പർശിപ്പിക്കരുതെന്നു' പറഞ്ഞിട്ട് സന്ധ്യാവന്ദനത്തിനു പോയി.

രാവണൻ പറഞ്ഞിരുന്ന സമയം കഴിഞ്ഞിട്ടും വരാതിരുന്നതിനാൽ, ഗണേശൻ മൂന്ന് പ്രാവശ്യം രാവണന്റെ പേര് ഉച്ചത്തിൽ വിളിച്ച് പറഞ്ഞിട്ട്, ആ 'ആത്മലിംഗം' ഭൂമിയിൽ ഉറപ്പിച്ചിട്ട് അപ്രത്യക്ഷമായി.

രാവണൻ തിരിച്ചു വന്നു, ഭൂമിയിൽ ഉറച്ചു പോയ ആത്മലിംഗം ഉയർത്താൻ ശ്രമിച്ചു. ആത്മലിംഗം അനങ്ങിയില്ല. വീണ്ടും വീണ്ടും ഉയർത്താൻ ശ്രമിച്ച് അവസാനം ബോധരഹിതനായി. അങ്ങനെ രാവണനാണു ആദ്യമായി ആത്മലിംഗത്തെ 'മഹാബലേശ്വരൻ' എന്ന് വിളിച്ചത്.

ഇതിനു വേറൊരു ഭാഷ്യം കൂടിയുണ്ട്.... 

ഗണേശൻ ഗോപാലകനായി വേഷമെടുത്തുവെന്നും ആത്മലിംഗം ഭൂമിയിൽ ഉറപ്പിച്ചിട്ട് തന്റെ പശുക്കളുമായി അപ്രത്യക്ഷനായി എന്നും സന്ധ്യാവന്ദനത്തിനു പോയ രാവണൻ തിരിച്ചു വന്നപ്പോൾ ഗോപാലകനെ കാണാതെ അവിടെയെല്ലാം അന്വേഷിച്ച് നടന്നുവെന്നും , ഒടുവിൽ ഭൂമി പിളർന്ന് അന്തർദ്ധാനം ചെയ്തു കൊണ്ടിരുന്ന ഒരു പശുവിനെ മാത്രം കാണുകയും ഓടിചെന്നപ്പോൾ പശുവിന്റെ ചെവിയിൽ പിടി കിട്ടിയെന്നും ബാക്കിയുള്ള പശുവിന്റെ ശരീരം അപ്രത്യക്ഷമായെന്നും ചരിത്രം. ഒടുവിൽ പശുവിന്റെ ചെവി കയ്യിൽ പിടിച്ചു കൊണ്ട് രാവണൻ നില്ക്കുന്ന ഒരു 'ക്ളോസപ്പോടു' കൂടി ഐതീഹ്യം അവസാനിക്കുകയാണ്.

പശുവിന്റെ ചെവി = ഗോ + കർണാ, അങ്ങനെ പുതിയ ഒരു പേരും ഉണ്ടായി 'ഗോകർണം'.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 275 ശിവക്ഷേത്രങ്ങളിലൊന്നാണ് 'ഗോകർണം മഹാബലേശ്വര ക്ഷേത്രം'. (275 Holy Abodes of Lord Siva revered in the verses of Saiva Nayanars).


പഞ്ചഭൂത ക്ഷേത്രങ്ങളിൽ 'കാഞ്ചിപുരം ഏകാമ്രേശ്വര ' ക്ഷേത്രത്തോടൊപ്പം 'ഗോകർണ മഹാബലേശ്വര' ക്ഷേത്രവും 'ഭൂമി' തത്വത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഒരഭിപ്രായം ഉണ്ട്.


കർണാടകയിലെ ഏഴ് മുക്തി ക്ഷേത്രങ്ങളിൽ (പരശുരാമ ക്ഷേത്രങ്ങൾ) ഒന്നാണ് 'ഗോകർണം മഹാബലേശ്വര ക്ഷേത്രം'. ശിവരാത്രിയാണു ഇവിടുത്തെ പ്രധാനപെട്ട ഉത്സവം. ശിവരാത്രി ഉത്സവത്തിനു നടത്താറുള്ള 'രഥ യാത്ര' വളരെ പ്രസിദ്ധമാണ്. പിതൃതർപ്പണത്തിനു ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രം കൂടിയാണിത്.


ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ: 

[https://www.facebook.com/groups/ChengannurTemple/permalink/10151965432276241/]








എന്റെ തീർത്ഥയാത്രകൾ -10

വിന്ധ്യാചലത്തിൽ വിന്ധ്യാവാസിനി ! 

'ഹേ! ദുഷ്ടനായ കംസാ ! സ്ത്രീകളോടാണോ നിന്റെ പരാക്രമം കാണിക്കേണ്ടത് ? ഞാൻ നിന്നോടെന്ത് അപരാധം ചെയ്തിട്ടാണ്, എന്നെ കൊല്ലാൻ ഒരുങ്ങിയത് ? ഹേ ജളപ്രഭോ! മരണത്തിൽ നിന്നും രക്ഷപെടാൻ, നീ എന്തു ചെയ്താലും പ്രയോജനമില്ല. നിന്നെ വധിക്കാനുള്ള പൈതൽ എന്നോടൊപ്പം ഭൂമിയിൽ ജനിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ കാലുപിടിച്ചത് കൊണ്ട് നിന്നെ ഞാൻ ഹനിക്കുന്നില്ല'. ഇത്രയും പറഞ്ഞു ദേവി അന്തർദ്ധാനം ചെയ്തു.

പുണ്യഭൂമിയായ വിന്ധ്യാചലിലെ പ്രശസ്തമായ 'വിന്ധ്യാവാസിനി ദേവീ ക്ഷേത്രം'. 2013 ജൂണ്‍ മാസം നടത്തിയ യാത്രയിലാണ് ആദ്യമായി ക്ഷേത്രത്തിലെത്തുന്നത്.

'ജ്യേഷ്ഠസഹോദരാ ! എന്റെ ആറു കുഞ്ഞുങ്ങളെ കൊന്നത് പോലെ ഇതിനെ ജ്യേഷ്ഠൻ കൊല്ലരുത്. ഇതിനെക്കൊണ്ട് യാതൊരുപദ്രവും ജ്യേഷ്ഠനുണ്ടാകുന്നതല്ല. ഞാൻ കാലുപിടിച്ചപേക്ഷിക്കുന്നു. ജ്യേഷ്ഠനു ദയവു തോന്നി ഈ കുഞ്ഞിനെയെങ്കിലും എനിക്ക് തരണം'. ദേവകി ആ ചോരക്കുഞ്ഞിനെ മാറോടടുപ്പിച്ചു കൊണ്ട് കരഞ്ഞപേക്ഷിച്ചു.

മഹാഭാഗവതത്തിലെ ശ്രീകൃഷ്ണാവതാരത്തിൽ നിന്നുള്ള ഒരു സന്ദർഭമാണ് ഇവിടെ സൂചിപ്പിച്ചത് .

അനുജത്തിയുടെ അനുകമ്പാർദ്രമായ ദയനീയ വാക്കുകൾ കേട്ടിട്ടും കംസന് യാതൊരു അലിവും തോന്നിയില്ല. നിർദ്ദയനായ ആ രാക്ഷസൻ ആ പിഞ്ചു ശിശുവിനെ അതിന്റെ മാതാവിന്റെ കയ്യിൽ നിന്നും വലിച്ചെടുത്ത് രണ്ടു പാദങ്ങളേയും കൂട്ടിപ്പിടിച്ച് തല കീഴായി തൂക്കിക്കൊണ്ട് പാറയുടെ അടുത്ത് വന്ന്, അതിൻ മേൽ അടിച്ച് കൊല്ലാനായി മേൽപ്പോട്ടുയർത്തി .

രാക്ഷസന്റെ കയ്യിൽനിന്നും വഴുതി ആ ശിശു ആകാശത്തിലേക്കുയർന്നു. കംസൻ ആകാശത്തിലേക്കു നോക്കിയപ്പോൾ കണ്ടത് 'കാളമേഘവർണ്ണംപൂണ്ട്, ഖട്ഗം, ചാപം, ബാണം, ശൂലം തുടങ്ങിയ ആയുധങ്ങൾ ധരിച്ച, എട്ടു കൈകളോടും, ദിവ്യപ്രകാശത്തോടും, കനക കുണ്ഡലദ്വയങ്ങളോടും, നീണ്ടഴിഞ്ഞ കരിമുകിലൊത്ത കബരിയോടും കൂടിയ ഒരു അത്ഭുത രൂപിണിയായ' ദേവിയെയാണ്.

ആ ദേവി കംസനെ നോക്കി പറഞ്ഞു..

'ഹേ! ദുഷ്ടനായ കംസാ ! സ്ത്രീകളോടാണോ നിന്റെ പരാക്രമം കാണിക്കേണ്ടത് ? ഞാൻ നിന്നോടെന്ത് അപരാധം ചെയ്തിട്ടാണ് , എന്നെ കൊല്ലാൻ ഒരുങ്ങിയത് ? ഹേ ജളപ്രഭോ! മരണത്തിൽ നിന്നും രക്ഷപെടാൻ, നീ എന്തു ചെയ്താലും പ്രയോജനമില്ല. നിന്നെ വധിക്കാനുള്ള പൈതൽ എന്നോടൊപ്പം ഭൂമിയിൽ ജനിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ കാലു പിടിച്ചത് കൊണ്ട് നിന്നെ ഞാൻ ഹനിക്കുന്നില്ല'. ഇത്രയും പറഞ്ഞു ദേവി അന്തർദ്ധാനം ചെയ്തു.

ആ ദേവി അവിടെ നിന്നും നേരെ വന്നത് വിന്ധ്യാചലത്തിലേക്ക് ആണെന്നു ചരിത്രം.

വിന്ധ്യാചലിലെ പ്രശസ്തമായ വിന്ധ്യാവാസിനി ദേവി ക്ഷേത്രം, 'വിന്ധ്യാചൽ ധാം' എന്ന പേരിൽ ഉത്തർപ്രദേശിൽ, മിർസാപ്പൂരിൽ (Mirzapur)നിന്നും 8 KM അകലെ, ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. കാശിയിൽ നിന്നും 70 KM സഞ്ചരിച്ചാൽ വിന്ധ്യാചലത്തിൽ എത്താം. 


മഹാലക്ഷ്മിയും മഹാകാളിയും മഹാസരസ്വതിയും വസിക്കുന്ന പുണ്യസ്ഥലം. പാർവതി ദേവിയുടെ തപസ്ഥലം. ശ്രീരാമൻ പിതൃക്കൾക്ക് വേണ്ടി തർപ്പണം നടത്തിയ സ്ഥലം. പർവതങ്ങളാൽ ചുറ്റപ്പെട്ട, ശക്തിസ്ഥലമായ, ധാരാളം ക്ഷേത്രങ്ങളും കുളങ്ങളും ഗുഹകളും ഉള്ള വിന്ധ്യാചലം, ഋഷീശ്വരൻമാരുടെ പ്രിയപ്പെട്ട സ്ഥലമാണ്.

നാരദപുരാണമനുസരിച്ചു ഇത്രയും പുണ്യമായ ഭൂമി വേറെയെങ്ങുമില്ല. മാർക്കണ്ഡേയപുരാണത്തിൽ ശുംഭ നിശുംഭൻമാരെ വധിക്കാൻ വേണ്ടിയാണ് ദേവി അവതാരം എടുത്തതെന്നും നൂറ്റാണ്ടുകൾക്കു മുൻപ് മഹിഷാസുരവധം നടത്തിയതും ഈ ദേവി തന്നെയാണെന്നും പറയ പ്പെടുന്നു. 108 ശക്തിപീഠങ്ങളിൽ ഒന്നാണിത്. സിദ്ധിപീഠം, മണിദ്വീപ്‌ എന്നീ പേരുകളിലും പുരാണങ്ങളിൽ വിന്ധ്യാചലം അറിയപ്പെട്ടിരുന്നു. 

വിന്ധ്യാവാസിനി ദേവി
ക്ഷേത്രത്തിൽ കുറഞ്ഞത് ഒരു ആയിരം പേരെങ്കിലും ദർശനത്തിനായിട്ടു വന്നിട്ടുണ്ട് . ഗൈഡിന്റെ മിടുക്കുകൊണ്ടു എങ്ങനെയോ ക്യൂവിൽ കയറിപ്പറ്റി. പ്രതിഷ്ഠയ്ക്ക് നേരേ ദർശനം അനുവദിക്കുന്നില്ല. വശങ്ങളിൽക്കൂടി ദേവിയെ കണ്ട്, തൊഴുതു മടങ്ങാം. പൂജാരിമാർ ദക്ഷിണ കിട്ടിയതു, എണ്ണി നോക്കുന്ന തിരക്കിലായതിനാൽ, പ്രസാദം കിട്ടാൻ അല്പ്പം വൈകി. ചൊവ്വാഴ്ചയും ശനിയാഴ്ചയും ഭക്തരുടെ അതിഭയങ്കര തിരക്ക് ആയിരിക്കും. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിനു ഭക്തജനങ്ങൾ വർഷം തോറും ഇവിടെ വരുന്നുണ്ട്. ഒൻപതു ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി ആഘോഷമാണ് പ്രധാനം.
വിന്ധ്യാവാസിനി ദേവി ക്ഷേത്രം
ദേവി പാർവതി തന്റെ ഇരുണ്ട രൂപം മാറ്റി സ്വർണ നിറമാക്കിയപ്പോൾ ഉപേക്ഷിച്ച രൂപമാണു 'കൗശികി' എന്ന ദേവിയെന്നും, ആ ദേവി ഉടനെതന്നെ വിന്ധ്യാചലത്തിലേക്ക് പോയി ചാർജെടുത്തു എന്നും മറ്റൊരു ചരിത്രം തദ്ദേശവാസികൾ പറയുന്നുണ്ട്. ഈ വിവരങ്ങൾ മാർക്കണ്ഡേയ പുരാണത്തിലും കാണാം. പക്ഷേ നൂറ്റാണ്ടുകളുടെ വ്യത്യാസം ഉണ്ടെന്നു മാത്രം. ഗവേഷകർക്ക് പരിശോധിക്കാവുന്നതേയുള്ളൂ ..

'കാളിഖോഹ് ' എന്ന അതിപുരാതനമായ ഗുഹാക്ഷേത്രം വിന്ധ്യാവാസിനി ക്ഷേത്രത്തിൽ നിന്ന് 2 KM ദൂരത്തിലാണ് . റോഡിൽ നിന്നും കുറച്ച് പടികൾ കയറി വേണം ഗുഹാക്ഷേത്രത്തിലെത്തുവാൻ. നല്ലവണ്ണം കുനിഞ്ഞും ഇഴഞ്ഞും ഒക്കെ വേണം ഈ ഗുഹയിലേക്ക് ഇറങ്ങേണ്ടത്. കാളി മാതായുടെ ഒരു പ്രതിഷ്ഠയാണു ഇവിടെയുള്ളത്. ഞങ്ങൾ ചെന്നപ്പോൾ പൂജാരി അതിനകത്ത് ഒരു ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു. അദ്ദേഹത്തെ വിളിച്ചുണർത്തി പൂജ കഴിച്ചശേഷം, മാതയെ വണങ്ങി കുനിഞ്ഞു കുനിഞ്ഞു പുറത്തിറങ്ങി. ഈ ക്ഷേത്രത്തിനു പുറകിലായി ഭൈരവന്റെ ഒരു ക്ഷേത്രം കൂടിയുണ്ട്.

'അഷ്ടഭുജക്ഷേത്രം' വിന്ധ്യാചലിൽ നിന്ന് 3 KM ദൂരത്തിൽ, കുന്നിൻ മുകളിൽ ഒരു ഗുഹയിൽ സ്ഥിതി ചെയ്യുന്നു. താഴെ നിന്ന് 222 പടികൾ കയറി വേണം ക്ഷേത്രത്തിലെത്തുവാൻ. കയറ്റം അല്പ്പം കഠിനം തന്നെ. മുകളിൽ എത്തിയപ്പോൾ ക്ഷീണിച്ചു പോയി. അവിടെ നിന്ന് നോക്കുമ്പോൾ താഴ്വരയുടേയും ഗംഗയുടേയും മനോഹരമായ ദൃശ്യങ്ങൾ കാണാം. മഹാസരസ്വതീ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ. 
കാളി മാതാ - 'കാളിഖോഹ് ' എന്ന അതിപുരാതനമായ ഗുഹാക്ഷേത്രം
ഇവിടെ കാണിക്ക ഇട്ടില്ലെങ്കിൽ പൂജാരിമാർ കഴുത്തിനു പിടിക്കും. കാണിക്ക കുറഞ്ഞു പോയതിനു സുഹൃത്തിന്റെ കോളറിൽ പിടിക്കുന്നത് കണ്ടു. അതിനാൽ പെട്ടെന്ന് തൊഴുത് കാണിക്ക ഇടാതെ, പൂജാരി കാണാതെ വെളിയിലിറങ്ങി. ശ്രീകൃഷ്ണന്റെ സഹോദരിയായ ദേവിയാണ് ഇവിടെയുള്ളതെന്ന് മറ്റൊരു വ്യാഖ്യാനവും തദ്ദേശവാസികൾക്കുണ്ട്.

ഈ മൂന്ന് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതിനെ 'ത്രികോണപരിക്രമണം' എന്ന് പറയപ്പെടുന്നു. ത്രികോണ പരിക്രമണം നടത്താതെ വിന്ധ്യാചൽ ദർശനം പൂർത്തിയാവില്ല.

സീതാകുണ്ഡ് തൊട്ടടുത്ത് തന്നെ. വനവാസ കാലത്ത് ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി തുടങ്ങിയവർ ഇത് വഴി പോയപ്പോൾ, ദാഹം മൂലം വലഞ്ഞ സീതാദേവിക്ക് വേണ്ടി ലക്ഷ്മണൻ ഭൂമിയിലേക്ക് അമ്പെയ്ത് ജലം പ്രവഹിപ്പിച്ചതാണ് സീതാകുണ്ഡ് . ഇപ്പോൾ ചെറിയ ഒരു ക്ഷേത്രവും ഒരിക്കലും വറ്റാത്ത ഒരു നീരുറവയും ഇവിടെയുണ്ട്.

ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ലൈൻ (IST Line) വിന്ധ്യാചൽ റയിൽവേ സ്റ്റേഷനിൽ ക്കൂടിയാണ് കടന്നു പോകുന്നത്.

മതിയാവോളം 'വിന്ധ്യാവാസിനി' ദേവിയെ ദർശിച്ച്, 'ത്രികോണപരിക്രമണവും' പൂർത്തിയാക്കി, വിന്ധ്യാചലത്തിൽ നിന്ന് 'പ്രയാഗിലെ ത്രിവേണി സംഗമം' ലക്ഷ്യമാക്കി, ഞങ്ങളുടെ ഇന്നോവ കുതിച്ചു പാഞ്ഞു...

ഓം വിന്ധ്യാചലനിവാസിന്യൈ നമ:

(ഗ്രന്ഥ സൂചി - മഹാഭാഗവതം (ഡോ.പി.എസ്.നായർ), 18 പുരാണങ്ങൾ (ഇന്റർനാഷണൽ ഗീതാ സൊസൈറ്റി), ലളിതാസഹസ്രനാമം (കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ)

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ : 

[https://www.facebook.com/groups/ChengannurTemple/permalink/10151969034091241/]







ക്ഷേത്രങ്ങളിലെ വസ്ത്രാചാര രീതികൾ..


കേരളത്തിലെ ക്ഷേത്രങ്ങളിൽ തന്ത്രത്തിനാണ്  പ്രാധാന്യം. ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ ബിംബത്തിൽ പരിപൂർണമായ ചൈതന്യം നിലനിർത്തുക എന്നതാണ് തന്ത്രക്രിയയുടെ ഉദ്ദേശം.

താന്ത്രിക വിധി അനുസരിച്ച് ഹൃദയ കമലത്തിന് കൂടുതൽ പ്രാധാന്യം ഉണ്ട് . അതുകൊണ്ടാണ് പൂജാസമയത്ത് പ്രണവം ചൊല്ലി ഒരു പൂവ് ഹൃദയത്തിൽ ആരാധിച്ച് ഭഗവാന് അർപ്പിക്കുന്നത്. കുണ്ഡലിനി ശക്തിയെ ഉണർത്തി കൈകളിലേക്കാവാഹിച്ചാ
ണ്  ദ്രവ്യം ഭഗവാന് സമർപ്പിക്കേണ്ടത്.

ഹൃദയകമലം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ എട്ട് ചക്രങ്ങളിലൊന്നായ അനാഹത ചക്രമാണ് . അനാഹത ചക്രം നെഞ്ചിനുള്ളിൽ സ്ഥിതി ചെയ്യുന്നു. ഭഗവാന്റെ ദിവ്യ ചൈതന്യം പുരുഷന്മാരായ ഭക്തരിലേക്ക് പ്രവേശിക്കുന്നത് നെഞ്ചിനുള്ളിലെ അനാഹത ചക്രത്തിലൂടെയാ
ണ് . അതുകൊണ്ടാണ് പുരുഷന്മാർ മേൽ വസ്ത്രം ധരിക്കരുതെന്ന് പറയുന്നത്.
                               അനാഹത ചക്രം 
സ്ത്രീകളിൽ ഭഗവാന്റെ ദിവ്യ ചൈതന്യം പ്രവേശിക്കുന്നത് ആഞ്ജാ ചക്രത്തിലൂടെയാണ് . ആഞ്ജാ ചക്രം പുരിക മദ്ധ്യത്തിൽ തലക്കുള്ളിൽ സ്ഥിതി ചെയ്യുന്നു. അതിനാൽ അവർ മേൽ വസ്ത്രം മാറ്റേണ്ട ആവശ്യമില്ല.

കാലം കഴിഞ്ഞപ്പോൾ കേരളത്തിൽ ഇത് ഒരു ക്ഷേത്ര ആചാരത്തിന്റെ ഭാഗമായി. മേൽ വസ്ത്രം ധരിച്ച് ക്ഷേത്രത്തിനകത്ത് കയറിയാൽ ചൈതന്യം മുഴുവൻ നമുക്ക് കിട്ടില്ല . തടസ്സം നേരിടും എന്ന് മാത്രം.

തമിഴ് നാട്ടിലും മറ്റു സ്ഥലങ്ങളിലും Yogic Concepts ആ
ണ് കണ്ടു വരുന്നത്. അവിടെ അനാഹത ചക്രത്തിനല്ല, അഞ്ജാ ചക്രത്തിന് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നു. അതിനാൽ അവിടെ ദിവ്യ ചൈതന്യം പുരുഷനിലും സ്ത്രീയിലും പ്രവേശിക്കുന്നതു 'ആഞ്ജാ' ചക്രത്തിലൂടെയാണ് .
                                    ആഞ്ജാ ചക്രം
'ആഞ്ജാ ചക്രം' ഭ്രൂമദ്ധ്യത്തായതിനാൽ ആ ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം ധരിച്ച് കൊണ്ട് അകത്ത് കയറാം.