Thursday, November 21, 2013

എന്റെ തീർത്ഥയാത്രകൾ - 13

പൃഥ്വിലിംഗ സന്നിധിയിൽ !

ഓം പരമേശ്വരായ വിദ്മഹേ
പരതത്ത്വായ ധീ മഹീ
തന്നോ ബ്രഹ്മ പ്രചോദയാത്

(ഞങ്ങൾ പരമേശ്വരനെ സദാ ധ്യാനിക്കുന്നു. ബ്രഹ്മതത്വത്തെ സദാ ധ്യാനിക്കുന്നു. പരബ്രഹ്മം ഞങ്ങൾക്ക് ധർമ്മാർത്ഥമോക്ഷങ്ങൾ നൽകുമാറാകട്ടെ ! )

ഞാൻ ക്ഷേത്രങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര പോകുകയാണ് . ആയിരം ക്ഷേത്രങ്ങളുള്ള ഒരു നാട്ടിലേക്ക് !

The City of Thousand Temples !

ഏകാമ്രേശ്വര ക്ഷേത്രം, വരദരാജപെരുമാൾ ക്ഷേത്രം, കാമാക്ഷി അമ്മൻ ക്ഷേത്രം, കൈലാസനാഥർ ക്ഷേത്രം, വൈകുണ്ഡപെരുമാൾ ക്ഷേത്രം തുടങ്ങി പുകൾ പെറ്റ ധാരാളം ക്ഷേത്രങ്ങളുള്ള ഒരു നഗരത്തിലേയ്ക്ക്, ശൈവരുടേയും വൈഷ്ണവരുടേയും പ്രിയ തീർത്ഥാടന പുരത്തിലേയ്ക്ക്, 108 ദിവ്യദേശം ക്ഷേത്രങ്ങളിലെ 15 ക്ഷേത്രങ്ങളും നിലനില്ക്കുന്ന പുരാതനമായ ഒരു പുണ്യസ്ഥലത്തേയ്ക്ക്, മോക്ഷപ്രദായകമായ ഒരു നഗരിയിലേയ്ക്ക് , ആദിശങ്കരന്റെ കാമകോടി പീഠം സ്ഥിതി ചെയ്യുന്ന ആസ്ഥാനപുരിയിലേയ്ക്ക്, ഒരു യാത്ര പോകുകയാണ്. . .

കൂടുന്നുണ്ടോ നിങ്ങളും.. ?

കാഞ്ചിപുരമാണ് ആ ക്ഷേത്രനഗരി.! ഈ മണ്ണിലൊന്നു കാലുകുത്തുവാൻ കഴിയുന്നത്‌ തന്നെ പുണ്യമാണ്..! മുജ്ജന്മസുകൃതമാണ്‌..! മുക്തി പ്രദായകമാണ്..!

2010 ഒക്ടോബറിലെ ഒരു വെളുപ്പാൻ കാലം. എന്റെ തീർത്ഥയാത്രകളിലെ സ്ഥിരം അംഗങ്ങളായ ഡോക്ടറും (ഡോക്ടർ രാധാകൃഷ്ണൻ), ഗോപാൽജിയും, പിന്നെ പപ്പനും ഒരുമിച്ച് വീണ്ടും ഒരു യാത്ര കൂടി...

കെ പി റോഡിലൂടെ ആര്യൻകാവ് ലക്ഷ്യമാക്കി 'ഫോർഡ് ഫിയസ്റ്റ' കുതിച്ചു തുടങ്ങി. നേരം പുലർന്നു വരുന്നതേയുള്ളൂ. രാവിലെ ചായ കുടിക്കുവാൻ വരുന്നവർ ചായക്കടകൾക്ക് മുൻപിൽ കൂട്ടം കൂടി നിന്ന് പത്രവാർത്തകൾ ചർച്ച ചെയ്യുന്നത് കാണാമായിരുന്നു. അടൂരും, പറക്കോടും, ഏഴംകുളവും, പത്തനാപുരവും താണ്ടി പുനലൂരെത്താറായി .

പുനലൂർ റെയിൽവേ മേൽപ്പാലം കഴിഞ്ഞപ്പോൾ തന്നെ, ഫിയസ്റ്റ റോഡിന്റെ ഇടതുവശം ചേർന്നു ഓടിത്തുടങ്ങി. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം എന്റെ കാറിനു അറിയാം. എലാവരുടെയും മുഖത്ത് ഒരു സന്തോഷം കണ്ടു. കാറ് അടഞ്ഞു കിടന്ന ഒരു വർക്ക് ഷോപ്പിന്റെ മുൻപിൽ ഒതുക്കി നിർത്തി. വർക്ക് ഷോപ്പിന്റെ മുറ്റത്ത് പഴയ അംബാസഡറും, ഫിയറ്റുമെല്ലാം ബോണറ്റും തുറന്നു വച്ച് മേസ്തിരിയെ കാത്ത് കിടപ്പുണ്ട്, കൂടെയൊരു മോറീസ് മൈനറും..

ചെറിയ പപ്പടത്തിന്റെ വലിപ്പമുള്ള, നിറയെ ദ്വാരങ്ങളുള്ള, ഓരോ ദ്വാരത്തിൽ നിന്നും ആവി പറന്നുയരുന്ന, വായിലിട്ടാൽ അലിഞ്ഞലിഞ്ഞിറങ്ങുന്ന നല്ല ചൂട് ദോശ ! പൂർണ ചന്ദ്രനെ ഓർമ്മപ്പെടുത്തും ഇവയോരോന്നും ! ദോശയുടെ കൂടെ, ഉഴുന്ന് പരിപ്പ്, കടല പരിപ്പ് , കുരുമുളക് , കായം, ചുവന്ന മുളക് എന്നിവ വറുത്ത് നനുനനേ പൊടിച്ച്, പാകത്തിന് ഉപ്പും ചേർത്ത്, അതിനു മേലേ അല്പ്പം വെളിച്ചണ്ണ തൂകിയ, സ്വാദിഷ്ടമായ ചട്ണി പൊടി ! ഒപ്പം ചൂട് സാമ്പാറും, പച്ചമുളക് വച്ചരച്ച തേങ്ങാ ചമ്മന്തിയും. ഹാവൂ !!!

ദോശകൾ ചുട്ടു ചുട്ടു കടക്കാരൻ നന്നേ വിഷമിച്ചു. ചുട്ട ദോശകൾ എല്ലാം തീർന്നു കഴിഞ്ഞു. ' ഇനി ദോശയില്ല, പതിവ്കാർക്കുള്ള ദോശയുടെ മാവ് മാത്രമേ കാണുകയുള്ളൂ' എന്നറിഞ്ഞപ്പോൾ കൈ കഴുകാനായി എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ദോശകൾ എത്രയെണ്ണം വീതം അകത്തായി എന്നറിയില്ല, പക്ഷേ എല്ലാം കടക്കാരൻ അറിയുന്നുണ്ടായിരുന്നു. ബില്ല് വന്നപ്പോൾ ഞങ്ങളും അത് അറിഞ്ഞു.

തെന്മല, ആര്യൻകാവ് വഴിയുള്ള ഈ യാത്ര ഒരു അനുഭവമാണ്. കൊടുംവളവുകളും നിബിഡ വനങ്ങളും, ഇടതിങ്ങി വളരുന്ന തേക്കും, മഹാഗണിയും, ചന്ദനവും, പിന്നെ പേരറിയാത്ത ഒരുപാട് വൻവൃക്ഷങ്ങളും, സഹ്യമലനിരകളും, താഴ്വരയിലൂടെ പതഞ്ഞ് ഒഴുകുന്ന കൊച്ചരുവികളും, അരുവിയിൽ നിന്ന് മീൻ കൊത്തി പറക്കുന്ന ചെറിയ കൊറ്റികളും, എല്ലാം എല്ലാം കണ്ണിനു കുളിർമ്മയും മനസ്സിന് ആനന്ദവും നല്കുന്നു.

തെങ്കാശി കഴിഞ്ഞു, മധുര റൂട്ടിൽ ഫിയസ്റ്റ കുതിച്ച് കൊണ്ടിരുന്നു. ശ്രീ ശങ്കരാചാര്യരുടെ പ്രശസ്തമായ ആ വരികൾ, ദാസേട്ടന്റെ ശബ്ദത്തിൽ മ്യൂസിക് സിസ്റ്റത്തിലൂടെ ഒഴുകി വരുന്നൂ ...

ബാലസ്താവത് ക്രീഡാസക്ത-
സ്തരുണസ്താവത് തരുണീസക്ത:
വൃദ്ധസ്താവത് ചിന്താമഗ്ന:
പരമേ ബ്രഹ്മണി കോപി ന സക്ത:

ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഡമതേ

(ഒരുവൻ ബാല്യത്തിൽ കളികളിൽ മുഴുകി ജീവിക്കുന്നു. യൌവ്വനത്തിൽ യുവതികളിൽ ആസക്തനായിരിക്കുന്നു. വാർദ്ധക്യത്തിൽ ചിന്തകളിൽ മുഴുകി കഴിയുന്നു. എന്നാൽ പരബ്രഹ്മത്തിൽ മാത്രം ആരും തന്നെ ആസക്തരാകുന്നില്ല. ഗോവിന്ദനെ ഭജിക്കൂ, ഗോവിന്ദനെ ഭജിക്കൂ, ഹേ മൂഡാ ! നീ ഗോവിന്ദനെ ഭജിക്കൂ )

ഡോക്ടർ ഇതൊന്നുമറിയാതെ, ശ്രദ്ധിക്കാതെ, ചെങ്കോട്ടയിൽ നിന്നും വാങ്ങിയ പേരയ്ക്കയിൽ ഉപ്പും മുളകും പുരട്ടുന്നതിന്റെ തിരക്കിൽ ആയിരുന്നു.

ഫിയസ്റ്റ, മധുര സിറ്റിയിലേക്ക് കയറാതെ തിരുമംഗലത്ത് നിന്ന് വലത്തോട്ടു തിരിഞ്ഞു ട്രിച്ചി ബൈപാസ് റോഡിലേക്ക് കയറി. ടോൾ ബൂത്ത്‌ കഴിഞ്ഞു, ഓവർ ബ്രിഡ്ജ് ഇറങ്ങി, വലതുവശത്തു കാണുന്ന 'ഹോട്ടൽ ടെമ്പിൾ സിറ്റി' ഈ വഴിയിലെ ഞങ്ങളുടെ പ്രിയ സസ്യാഹാര ഭക്ഷണശാലയാണ്. സമയം ഒരു മണി കഴിഞ്ഞതിനാൽ ഭക്ഷണം കഴിക്കുവാനായി ടെമ്പിൾ സിറ്റിയിലേയ്ക്ക് കയറി.

ഭക്ഷണത്തിനും അല്പ്പം വിശ്രമത്തിനും ശേഷം ഫിയസ്റ്റ വീണ്ടും ടോപ്‌ ഗിയറിലായി. NH 45 - ലൂടെയുള്ള ഈ യാത്ര സുഖകരമാണ്. പകൽ സമയം പൊതുവെ ട്രാഫിക് കുറവാണ്. നല്ല സ്പീഡിൽ ഫിയസ്റ്റ കുതിച്ചു കൊണ്ടിരുന്നു. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു TVS 50 യിൽ പുറകിലും മുൻപിലുമായി ആറ് വാഴക്കുലയും നടുക്ക് അഞ്ച് കെട്ട് വാഴയിലയുമായി, ഒരു അദ്ധ്വാനി കാറിന് സൈഡ് തരാതെ പായുന്നുണ്ടായിരുന്നു. അദ്ദേഹത്തെ ഓവർ ടേക്ക് ചെയ്യുവാൻ ഒരൽപം ബുദ്ധിമുട്ടി.

ട്രിച്ചി, തിണ്ടിവനം, വില്ലുപുരം, മദുരാന്തകം, ചെങ്കൽപെട്ട് വഴി രാത്രി 8.30 ആയപ്പോൾ കാഞ്ചിപുരത്ത് എത്തി ചേർന്നു. പഴയ റെയിൽവേ സ്റ്റേഷനു സമീപം കാമാക്ഷി അമ്മൻ സന്നിധി തെരുവിലുള്ള 'ഹോട്ടൽ തമിഴ് നാടി 'ൽ ആയിരുന്നു താമസം ഏർപ്പെടുത്തിയിരുന്നത് .

15 മണിക്കൂർ നേരത്തെ തുടർച്ചയായ ഡ്രൈവിംഗ് നല്ല ക്ഷീണമുണ്ടാക്കി, കൂടെ കഴിഞ്ഞ ദിവസം രാത്രിയിൽ തുടങ്ങിയ കഴുത്തിന്റെ വേദന അസഹ്യമാകുകയും ചെയ്തു. കുളിച്ച് ഒന്ന് ഫ്രഷ്‌ ആയി ഒരു 'പ്ളെയിൻ റോസ്റ്റും', ഡോക്ടർ തന്ന വേദനസംഹാരിയും കഴിച്ച് കട്ടിലിൽ കയറി കിടന്നു. ഓർമ്മകൾ ഒന്നിന് പുറകേ ഒന്നായി ഒരു ചലച്ചിത്രത്തിലെന്ന പോലെ മനസ്സിൽ മാറി മാറി വന്നു കൊണ്ടിരുന്നു.

എപ്പോഴാണ് ഉറങ്ങിയതെന്നു അറിയില്ല. ഏസി യുടെ നനുത്ത തണുപ്പിൽ, ഉറക്കം സുഖകരമായിരുന്നു. കമ്പിളിയ്കൂള്ളിൽ കയറിയത് മാത്രം ഓർമ്മയുണ്ട്.

കൌസല്ല്യ സുപ്രജാ രാമ പൂർവ്വാ സന്ധ്യാ പ്രവർത്തതേ
ഉത്തിഷ്ഠ നരശാർദൂല കർത്തവ്യം ദൈവമാഹ്നികം

ആ ശബ്ദമാധുരി എവിടെനിന്നോ ഒഴുകി വരുന്നുണ്ടായിരുന്നു. എല്ലാവരും ഉണർന്നു കഴിഞ്ഞു. മൊബൈലിനു റെയിഞ്ച് ഇല്ലാത്തതിന്റെ വിഷമത്തിൽ പപ്പൻ രാവിലെ തന്നെയിരുന്ന് പിറുപിറുക്കുന്നത് കണ്ടു. ഗൈഡ് എത്തിക്കഴിഞ്ഞു. ഫിയസ്റ്റയ്ക്കു വിശ്രമം അനുവദിച്ച് ഒരു ടാക്സിയിൽ നേരേ ഏകാമ്രേശ്വര ക്ഷേത്രത്തിലേക്ക്...

ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിൽ, കാകൻമാർ കൂട്ടത്തോടെ റോഡിൽ പറന്നിറങ്ങുകയും അതുപോലെ തന്നെ തിരിച്ച് പറക്കുന്നതും കണ്ടു. കറുപ്പിൽ വെളുത്ത പുള്ളികൾ ഉള്ള രണ്ട് ആട്ടിൻ കുട്ടികൾ മത്സരിച്ചു ഓടി റോഡിന്റെ നടുവിലേക്ക് വരികയും വണ്ടികൾ അടുത്ത് വരുമ്പോൾ ഓടി അകലുകയും ചെയ്യുന്നത് കൌതുകത്തോടെ നോക്കിയിരുന്നു.

'സിൽക്ക് സിറ്റി' എന്നറിയപ്പെടുന്ന കാഞ്ചിപുരം നഗരം, ചെന്നൈയിൽ നിന്നും 75 KM ദൂരത്ത്, വേഗവതി നദീക്കരയിൽ സ്ഥിതി ചെയ്യുന്നു. അയോദ്ധ്യ, മഥുര, ഹരിദ്വാർ, കാശി, ദ്വാരക, ഉജ്ജയിൻ എന്നിവയോടൊപ്പം കാഞ്ചിപുരവും ഇന്ത്യയിലെ ഏഴു മുക്തി സ്ഥലങ്ങളിൽ ഒന്നാണ്.

കാഞ്ചിപുരം സിൽക്ക് സാരികളുടെ ഖ്യാതി ലോകമെങ്ങും പ്രസിദ്ധമാണ്. ആയിരക്കണക്കിനു കൈത്തറിയൂണിറ്റുകളും, നൂറു കണക്കിന് വിദഗ്ദ്ധ തൊഴിലാളികളും, ചേർന്ന് രാജ്യത്തെ ഏറ്റവും മികച്ച സിൽക്ക് സാരികൾ ഇവിടെ ഉത്പാദിപ്പിക്കുന്നു. ജനസംഖ്യയുടെ എഴുപത്തിഅഞ്ച് ശതമാനം ആളുകളും നേരിട്ടും അല്ലാതെയും ഈ വ്യവസായവുമായി ബന്ധപ്പെട്ടു കഴിയുന്നു.

275 പാടൽ പെട്ര സ്ഥലങ്ങളിൽ [275 Holy Abodes of Lord Siva revered in the verses of Saiva Nayanars], അഞ്ച് ക്ഷേത്രങ്ങൾ ഇവിടെതന്നെയുണ്ട്. അതിൽ ഒന്നാണ് ഏകാമ്രേശ്വര ക്ഷേത്രം. ഞങ്ങൾ ക്ഷേത്രനടയിൽ എത്തിക്കഴിഞ്ഞു...


23 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ക്ഷേത്ര സമുച്ചയം, 59 മീറ്റർ ഉയരമുള്ള, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രാജഗോപുരം, ആയിരം കാൽ മണ്ഡപം, ഇടനാഴിയിലെ 1008 ശിവലിംഗങ്ങൾ, കമ്പൈതീർത്ഥം എന്ന മനോഹരമായ ക്ഷേത്രക്കുളത്തിനു ഏതോ ഒരു പരിപാവനമായ അന്തർവ്വാഹിനിയുമായി ബന്ധം. എല്ലാം സവിശേഷത തന്നെ.


പരമേശ്വരൻ ധ്യാനത്തിൽ വ്യാപൃതനായിരിക്കുന്ന ഒരു ദിവസം അപ്രതീക്ഷിതമായി ദേവി പാർവതി ഒരു കുസൃതി കാട്ടുകയും പിന്നീട് അത് ഒരു ദുരന്തമായി മാറുകയും ചെയ്ത ഒരു കഥ ഈ ക്ഷേത്ര ചരിത്രത്തിനു പിന്നിലുണ്ട്.

ധ്യാനത്തിലിരുന്ന മഹാദേവനെ, പാർവതിദേവി പുറകിൽ കൂടി ചെന്ന് രണ്ട് കണ്ണുകൾ പൊത്തുകയും, ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലായെന്നും രോഷാകുലനായ ഭഗവാൻ ദേവിയെ ശപിക്കുകയും വീണ്ടും ഭൂമിയിൽ ജനിയ്ക്കാൻ ഇടവരുത്തുകയും ചെയ്തതായി ഒരു കഥയുണ്ട്.

ഭൂമിയിലെത്തിയ ദേവി, പരമേശ്വരനെ പതിയായി ലഭിക്കുവാൻ വേണ്ടി, വേഗവതി നദീക്കരയിൽ, അതികഠിനമായ തപസ്സിലേർപ്പെട്ടു. നദിക്കരയിലെ ഒരു മാവിൻ ചുവട്ടിൽ മണ്ണ് കൊണ്ട് ഒരു ശിവലിംഗം നിർമ്മിക്കുകയും അതിൽ തുടർച്ചയായി പൂജയും ബാക്കിയുള്ള സമയം ധ്യാനവും തുടർന്നു കൊണ്ടേയിരുന്നു.. മറ്റൊരു സ്ത്രീയ്ക്കും കഴിയാത്ത വിധത്തിൽ, തീവ്രവിരക്തിയോട് കൂടിയ ആ തപസ്സ് ഭഗവാനിൽ ചലനങ്ങൾ ഉണ്ടാക്കി. ഏതു കഠിനമായ തപസ്സും അനുഷ്ടിക്കുവാനുള്ള ദേവിയുടെ ആത്മബലത്തിൽ ഭഗവാൻ സംപ്രീതനായി.


ദേവിയുടെ മനോനിശ്ചയവും തപസ്സിന്റെ കാഠിന്യവും മഹാദേവനോടുള്ള അനുരാഗവും എത്രത്തോളമെന്ന് പരീക്ഷിക്കുവാൻ ഭഗവാൻ നദിയിലെ ജലനിരപ്പ്‌ ഉയർത്തി പ്രളയം സൃഷ്ടിച്ചു. കൽപ്പാന്തത്തിൽ ശിവലിംഗം അലിയാതിരിക്കുവാനായി, കൈക്കുഞ്ഞിനെയെന്നപോലെ ആ ശിവലിംഗം സ്വന്തം മാറോടു ചേർത്ത് പിടിച്ച്, ദേവി ആ ലിംഗത്തെ പ്രളയത്തിൽ നിന്നും രക്ഷിച്ചു.

ദേവിയുടെ സ്നേഹപൂർണമായ പരിരംഭണത്തിൽ കഴിഞ്ഞതിനാൽ ഭഗവാനെ 'തഴുവ കുഴൈന്താര്‍ 'എന്നും വിളിച്ച് വരുന്നു. പാർവതിയുടെ പ്രേമം ദൃഡവും അചഞ്ചലവും അതുല്യവും ആണെന്നു തിരിച്ചറിഞ്ഞ പരമേശ്വരൻ, ആ മാവിൻ ചുവട്ടിൽ വച്ച് തന്നെ ദേവിയെ പരിണയം ചെയ്തു. ഏകമായ അമരത്തിനു (മാവ്) ചുവട്ടില്‍ വെച്ച് ദേവിയെ വിവാഹം ചെയ്തതിനാൽ മഹാദേവന്‍ ഏകാമ്രേശ്വരനായി. [ഏകാമ്രേശ്വരന്‍ പിന്നീടു ഏകാംബരേശ്വരന്‍ ആയി എന്ന് മാത്രം.]

ദേവിയെ പരീക്ഷിക്കുവാനായി പരമേശ്വരൻ അഗ്നിയെ അയച്ചതായും ദേവി മഹാവിഷ്ണുവിനെ അഭയം പ്രാപിക്കുകയും മഹാവിഷ്ണു, ഭഗവാൻ ശിവന്റെ തലയിൽ നിന്നും ചന്ദ്രനെ എടുത്ത് ചന്ദ്രരശ്മികൾ ഉപയോഗിച്ച് മാവിനേയും ദേവിയെയും തണുപ്പിച്ചുവെന്നും ആ സമയം മഹാദേവൻ ദേവിയുടെ തപസ്സ് മുടക്കുവാൻ ഗംഗയെ അങ്ങോട്ടു അയച്ചുവെന്നും നമ്മൾ സഹോദരിമാർ ആയതിനാൽ ഉപദ്രവിക്കരുതെന്ന് ദേവി അപേക്ഷിച്ചതായും ആ അപേക്ഷ മൂലം ഗംഗ മടങ്ങിയതായും മറ്റൊരു കഥയും നിലവിലുണ്ട്.

ശിവ പാർവതി പരിണയം നടന്ന ആ മാവ് ഈ ക്ഷേത്രത്തിനുള്ളിൽ തന്നെയുണ്ട്‌. ഏകദേശം 3500 വർഷം പഴക്കം കണക്കാക്കുന്ന ഈ മാവിന് നാല് ശാഖകൾ ഉണ്ട്. ഓരോ ശാഖയിലും വ്യത്യസ്തമായ മാമ്പഴങ്ങൾ ആണ് ഉണ്ടാവുന്നതെന്ന് പറയപ്പെടുന്നു. ഈ നാല് ശാഖകൾ നാല് വേദങ്ങളെ സൂചിപ്പിക്കുന്നുവെന്ന് ഒരു ശ്രുതിയുമുണ്ട്.
ആ മാവിൻ ചുവട്ടിൽ, സഹസ്രാബ്ദങ്ങൾക്ക് മുൻപ് നടന്ന ഭയാവഹവും, കൗതുകമുണർത്തുന്നതുമായ ചരിത്രമുഹൂർത്തങ്ങളെക്കുറിച്ച് ചിന്തിച്ച് നിന്നപ്പോൾ പണ്ടെങ്ങോ വായിച്ചിരുന്ന ഭഗവത്പാദരുടെ ഒരു ശ്ളോകം പെട്ടെന്ന് ഓർമ്മയിലോടിയെത്തി..

നമോവാകം ബ്രൂമോ നയനരമണീയായ പദയോ-
സ്തവാസ്മൈ ദ്വന്ദായ സ്ഫുടരുചിരസാലക്തകവതേ
അസൂയത്യത്യന്തം യദഭിഹനനായ, സ്പൃഹയതേ
പശൂനാമീശാന: പ്രമദവനകങ്കേളിതരവേ

(അല്ലയോ ദേവീ ! നയന രമണീയങ്ങളും അതിശോഭായമാനമായ ചെമ്പഞ്ഞ്ഞ്ഞിച്ചാർ അണിഞ്ഞിട്ടുള്ളവയും ആയ നിന്തിരുവടിയുടെ ഈ പാദയുഗളത്തിനു ഞങ്ങൾ നമോവാകം അർപ്പിക്കുന്നു. ദേവിയുടെ പൂങ്കാവനത്തിലുള്ള അശോക വൃക്ഷങ്ങൾക്ക് ദേവിയുടെ കാൽ ചവിട്ടേൽക്കാനുള്ള ഭാഗ്യം കിട്ടാറുണ്ട്. തനിക്കു കിട്ടാത്ത ആ ഭാഗ്യം അശോകത്തിനു കിട്ടുന്നല്ലോ എന്ന് അശോകവൃക്ഷത്തോട് പശുപതിയായ ഭഗവാൻ അസൂയപ്പെടുന്നു.)

വീണ്ടും ഇടനാഴിയിലൂടെ മുന്നോട്ട്, പരിണയത്തിനു സഹായിച്ച മഹാവിഷ്ണുവിനും ഒരു ഇടം കൊടുത്തിരിക്കുന്നു ഇവിടെ. ശ്രീ നിലാതിങ്കൾ തുണ്ടതൻ പെരുമാൾ ക്ഷേത്രം. നിലാവെളിച്ചവുമായി വന്ന് ദേവിയെ രക്ഷിച്ച മഹാവിഷ്ണു ഇവിടെ നിലാ തുണ്ടനാണ്. 108 ദിവ്യദേശം ക്ഷേത്രങ്ങളിലെ ഒരു ദിവ്യ സന്നിധിയാണ് ഈ നിലാതിങ്കൾ പെരുമാൾ ക്ഷേത്രം.


സഹസ്രലിംഗസന്നിധിയിൽ ആയിരം ശിവലിംഗങ്ങൾ കൊത്തിയ ഒരു വലിയ ശിവലിംഗം കാണാം.

പഞ്ചഭൂത സ്ഥലങ്ങളിൽ ഭൂമിയാണിവിടം. അതിനാൽ ശിവലിംഗത്തിൽ ജലാഭിഷേകം ചെയ്യാറില്ല. കാമാക്ഷി അമ്മൻ തൊട്ടടുത്തുള്ളത് കൊണ്ടാവണം ദേവിയ്ക്ക് ഇവിടെ പ്രത്യേകം സന്നിധിയില്ല. പരമേശ്വരന്റെ കൂടെ തന്നെ ഇവിടെ കഴിയുന്നു.

പരോ അപി ശക്തിരഹിത:
ശക്ത: കർത്തും ന കിഞ്ചന
ശക്ത: സ്യാത് പരമേശാനി
ശക്ത്യായുക്തോ ഭവേദ്യദി

(പരനാണെങ്കിലും ശക്തി സമേതനല്ലാത്ത ശിവൻ ഒന്നും ചെയ്യാൻ ശക്തിയില്ലാത്തവനാണ് . ആ ശിവൻ അല്ലയോ പരമേശ്വരീ, ശക്തിയോടു കൂടിച്ചേരുമ്പോൾ ശക്തനായി തീരുന്നു.

എല്ലാ വർഷവും പങ്കുനി [മാർച്ച്‌-ഏപ്രിൽ] മാസത്തിലെ 19, 20, 21 തീയതികളിൽ സൂര്യപ്രകാശം ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ പതിക്കുന്നുണ്ട്. ഉണങ്ങിയ ചന്ദനമുട്ടികൾ കൊണ്ട് ചെറുതായി തട്ടിയാൽ പത്ത് വ്യത്യസ്ത ശബ്ദങ്ങൾ കേൾപ്പിക്കുന്ന പത്ത് തൂണുകൾ ഇവിടെയുണ്ട്. മണ്ഡപത്തിലെ ദ്വാരപാലകൻമാരുടെ തൂണിൽ കൊത്തിയിരിക്കുന്ന ഒരു തലയുടെ രൂപം നമ്മളെ അത്ഭുതപ്പെടുത്തും, ഒരു വശത്ത് നിന്ന് നോക്കിയാൽ വൃഷഭത്തിന്റെ രൂപവും മറുവശത്ത് നിന്ന് നോക്കിയാൽ ആനയുടെ രൂപവും ദൃശ്യമാകും.

അഞ്ച്തല നാഗത്തോട് കൂടിയ വരഗുണഗണപതിയ്ക്കും ഭാര്യാസമേതനായ മുരുകനും ഇവിടെ സന്നിധികളുണ്ട്. മത്സ്യവാഹനത്തിൽ സഞ്ചരിക്കുന്ന കുബേര വിഗ്രഹം, രാശിചക്രത്തിലെ പന്ത്രണ്ട് രാശികളെ പ്രതിനിധാനം ചെയ്ത്, ക്ഷേത്രത്തിന്റെ പന്ത്രണ്ട് രാശികളിലും കാണപ്പെടുന്നുണ്ട്. ഇന്ത്യയിലെ മറ്റൊരു ക്ഷേത്രത്തിലും ഇതുപോലെ കുബേര പ്രതിഷ്ഠകൾ കാണപ്പെടുന്നില്ല. കുബേരനെ കാണുവാനായി ഭക്തജന പ്രവാഹമാണിവിടെ ! രാവിലെ 6.00 മുതൽ 11.00 വരേയും വൈകുന്നേരം 5.00 മുതൽ രാത്രി 8.00 വരേയും ക്ഷേത്ര ദർശനം നടത്താവുന്നതാണ്.

ആ സന്നിധിയിൽ അങ്ങനെ ധ്യാനിച്ച് നിൽക്കുമ്പോൾ, ഗുരുവചനം അശരീരിപോലെ പെട്ടെന്ന് കർണ്ണപുടങ്ങളിൽ മുഴങ്ങി. അങ്ങ് ഇതെന്നെ ഓർമ്മിപ്പിച്ച്ചതാണോ എന്റെ മഹാദേവാ..?

ആഗ്രഹങ്ങളും മിഥ്യാവിഷയങ്ങളും കൈവെടിയുക. ധ്യാനത്തിൽ മനസ്സുറപ്പിച്ച്, മനസ്സ് കൊണ്ട് മനസ്സിനെ കണ്ടറിഞ്ഞ് അതിനെ ത്യജിക്കുക. അതാണ്‌ പരമപദം. ആഗ്രഹങ്ങളുടേയും അവ നിലനിർത്തുന്നതിന്റേയും പ്രധാന ബിന്ദു മനസ്സ് തന്നെ. കാര്യങ്ങൾ സാധിക്കുവാനുള്ള മോഹവും, അവ കിട്ടാതെ വരുമ്പോൾ ക്ഷമയില്ലാതെ, അന്യനേയും നമ്മെതന്നേയും ദ്രോഹിക്കുന്നതിനാൽ, മനസ്സിനെ ആഗ്രഹങ്ങളിൽ നിന്നും അകറ്റിനിർത്തുക.

ഈ പൃഥ്വിലിംഗ സന്നിധിയിൽ നിന്നും മടങ്ങുമ്പോൾ ഒരേയൊരു പ്രാർത്ഥന മാത്രമേയുണ്ടായിരുന്നുള്ളൂ...

പുനരപി ജനനം പുനരപി മരണം
പുനരപി ജനനീ ജഠരേ ശയനം
ഇഹ സംസാരേ ബഹു ദുസ്താരേ
കൃപയാ പാരേ പാഹി മുരാരേ

( ജനനവും മരണവും, അമ്മയുടെ ഗർഭപാത്രത്തിലെ ശയനവും വീണ്ടും വീണ്ടും സംഭവിക്കുന്നു. മറികടക്കാൻ വളരെ പ്രയാസമുള്ളതായ ഈ ഇഹലോക ജീവിതത്തിൽ നിന്നും ഹേ മുരാരേ ! കൃപയോടെ രക്ഷിച്ചാലും.)

(റെഫെറൻസ്/ ഉദ്ധരണികൾ - ശിവസംഹിത, യോഗകുണ്ഡല്യുപനിഷത്ത് , സൌന്ദര്യലഹരി, ഭജഗോവിന്ദം, മഹാനിർവ്വാണതന്ത്രം )

ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ :

[https://www.facebook.com/groups/ChengannurTemple/permalink/10152020968101241/]
















No comments:

Post a Comment