പശുപതിനാഥനെ തേടി.....
മഹാകാലസ്വരൂപായ ശങ്കരായ നമോ നമ:
രാത്രി എട്ടു മണിക്കുള്ള, 'കൊച്ചി - ന്യൂ ഡൽഹി' വിമാനത്തിലായിരുന്നു യാത്ര. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട്, ഭക്ഷണം കഴിഞ്ഞപ്പോൾ തന്നെ അങ്ങുറങ്ങിപ്പോയി. 11 മണി കഴിഞ്ഞപ്പോൾ ഡൽഹിയിൽ എത്തി. Luggage ഉം കളക്റ്റ് ചെയ്ത് വെളിയിൽ ഇറങ്ങിയപ്പോൾ സമയം രാത്രി 12.30. ഹോട്ടലിൽ എത്തിയപ്പോൾ ഒന്നര മണി കഴിഞ്ഞിരുന്നു. രാവിലെ 7 മണിക്കാണ് 'ന്യൂ ഡൽഹി - കാത്മാണ്ടൂ' വിമാനം. 5 മണിക്ക് എയർ പോർട്ടിലെത്തണം. 4 മണിക്കു റൂമിൽ നിന്ന് ഇറങ്ങിയേ പറ്റൂ . ഒന്നര മണിക്കൂറിന്റെ ഒരു ചെറിയ ഉറക്കം ഉറങ്ങി അങ്ങ് തൃപ്തിപ്പെട്ടു.
ഏഴു മണിക്കു തന്നെ കാത് മാണ്ടൂ വിമാനം പറന്നുയർന്നു. വിമാനത്തിനകത്ത് ചെന്നപ്പോൾ, 'ലുലു മാളിൽ' ഒക്കെ കയറുന്നത് പോലെ, മനസ്സിന് ആനന്ദം പകരുന്ന ഒരു അന്തരീക്ഷം.
' What a pleasant atmosphere ? ' എന്നൊക്കെ സായിപ്പ് പറയുന്ന മാതിരി...
പ്രായം ഒരല്പ്പം കൂടുതലാണെങ്കിലും, നല്ല ചുറു ചുറുക്കുള്ള എയർ ഹോസ്റ്റസ് മാർ, മുഖമൊക്കെയങ്ങ് നന്നായി വെട്ടി തിളങ്ങുന്നു. രാവിലെ ഏഴുമണിയായതെയുള്ളൂ...! ഇന്നത്തെ കണി ആരായിരുന്നു എന്നാലോചിച്ചു സീറ്റിലിരുന്നു.
പ്രായം മറയ്ക്കുവാൻ വേണ്ടി നടത്തുന്ന വിഫല ശ്രമങ്ങൾ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാകും. മുഖം നിറയെ ഫേഷ്യൽ ചെയ്തും (ഫ്രൂട്ട് പായ്ക്കും, ചിലർ ഗോൾഡ് പായ്ക്കും), ചുണ്ടിൽ 'ലാക്മേയുടെ ചുവന്ന ലിപ് സ്റ്റിക്കും', കവിളുകളിൽ റൂഷും, പുരികങ്ങൾ 'ഷേപ്പ് ' ചെയ്തും, സമൃദ്ധമായി നര കയറിയ മുടികളിൽ ' ഹെർബൽ ബർഗണ്ടി കളർ ' കൊടുത്തും, കണ്ണുകൾക്ക് താഴെ 'ഒറിഫ്ളയിം അണ്ടർ ഐ ക്രീമും' പുരട്ടി, കറുത്ത ഡിസൈൻ ബോർഡറുള്ള ചുവന്ന സാരിയും അണിഞ്ഞു, ദൂരെ നിന്നും നമ്മുടെ മാലാഖമാർ നടന്നു വരുന്നുണ്ടായിരുന്നു. അടുത്തു വന്നപ്പോൾ 'എനിക്കെല്ലാം മനസ്സിലായി' എന്നുള്ള എന്റെ മുഖഭാവം കണ്ടിട്ടാവണം, ദുശ്ശാസനനെ കണ്ട ദ്രൗപദിയെപ്പോലെ, മുഖം വെട്ടിച്ചവർ നടന്നകന്നു പോയി.
ഏഴു മണിക്കു തന്നെ കാത്മാണ്ടൂ വിമാനം പറന്നുയർന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യുവാൻ ഇല്ലാതിരുന്നതു കൊണ്ട് , പതിനായിരം അടി മുകളിൽ, 950 Km /hr - ൽ പറക്കുന്ന ആകാശക്കപ്പലിൽ, കാത്മാണ്ടൂ വരെ 'പഞ്ചാക്ഷരി മന്ത്രം' ജപിച്ചു കൊണ്ടിരുന്നു. ഭഗവാൻ ഇതൊക്കെ കണക്കിൽ കൂട്ടുമോ, ആവോ?
ഒടുവിൽ ഇറങ്ങാനുള്ള അനൗണ്സ്മെന്റ് വന്നു കഴിഞ്ഞു. വിമാനം വലിയ ഒരു ശബ്ദത്തോടെ എവിടെയോ ചെന്നിറങ്ങി. കിളി വാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ ഒന്ന് നടുങ്ങി. ഓച്ചിറ പടനിലം പോലെ നീണ്ടു നിവർന്നു കിടക്കുന്ന ഒരു മൈതാനം. നോക്കിയ വശങ്ങളിലെല്ലാം ഒരു മീറ്റർ ഉയരത്തിൽ പുല്ലുകൾ വളർന്നു നില്ക്കുന്നു. ആരൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഒരു ആംബുലൻസിന്റെ ശബ്ദം ദൂരെ നിന്ന് കേട്ടുവോ..? ഏതോ വയലിലാണോ വിമാനം കൊണ്ടിറക്കിയിരിക്കുന്നത്..? ഈശ്വരാ ! ഇത്രയും നേരം 'പഞ്ചാക്ഷരി' ജപിച്ചത് വെറുതെയായോ...?
വിമാനം ഒന്ന് രണ്ട് കറങ്ങിത്തിരിഞ്ഞ് നിന്നപ്പോഴാണ് ശ്വാസം നേരേ വീണത് . ആ ബോർഡ് കണ്ടു ' ത്രിഭുവൻ ഇന്റർനാഷണൽ എയർ പോർട്ട്'. അപ്പോൾ ഇതാണ് സാക്ഷാൽ കാത്മാണ്ടൂ എയർപോർട്ട്'. ആനന്ദലബ്ധിക്കിനിയെന്തുവേണം..?
നടപടി ക്രമങ്ങൾ എല്ലാം പൂർത്തിയാക്കി വെളിയിലിറങ്ങുവാൻ മുക്കാൽ മണിക്കൂറോളം സമയം എടുത്തു. ഡ്രൈവർ വണ്ടിയുമായി കാത്തു നില്ക്കുന്നുണ്ടായിരുന്നു. നേരേ ഹോട്ടൽ വൈശാലിയിലേക്ക്...
കുളിച്ചു ഒന്ന് ഫ്രഷ് ആയതിനു ശേഷം ഭക്ഷണശാലയിലേക്ക് നടന്നു. മെനു കാർഡ് നോക്കി ചപ്പാത്തിയും മിക്സെഡ് വെജിറ്റബിൾ കറിയും ഓർഡർ ചെയ്തു. നാല്പ്പത് മിനിട്ടിനു ശേഷം ഭക്ഷണം തീൻമേശയിലെത്തി. ചപ്പാത്തി കണ്ടപ്പോൾ തന്നെ ഒന്ന് ഞെട്ടി. രണ്ടര ഇഞ്ച് കനമുള്ള, ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ, ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭക്ഷണം. നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ട് , കുറച്ചു കടിച്ചു മുറിച്ചു തിന്നു. ബാക്കി മാറ്റി വച്ചു. ചപ്പാത്തി ഉണ്ടാക്കിയവനെ മനസ്സിൽ പ്രണമിച്ചു കൊണ്ട്, അദ്ദേഹത്തിനു ആയുരാരോഗ്യ സൌഖ്യങ്ങൾ നേർന്ന് കൊണ്ട്, അവിടെ നിന്നും ഇറങ്ങി, നേരേ 'പശുപതിനാഥ് ' ക്ഷേത്രത്തിലേക്ക്....
ഹോട്ടലിൽ നിന്ന് , കാഴ്ചകൾ കണ്ട്, കാറിൽ നഗര മദ്ധ്യത്തിലൂടെ ഒരു ഓട്ട പ്രദക്ഷിണം ... പഴയ നേപ്പാളിന്റെ പ്രൗഡി വിളിച്ചോതുന്ന, നൂറു കണക്കിനു, അനുപമ സൌന്ദര്യമുള്ള സ്മാരകങ്ങൾ, ശിൽപ്പങ്ങൾ, ക്ഷേത്ര സമുച്ചയങ്ങൾ, ആർട്ട് ഗ്യാലറികൾ എല്ലാം നയനാനന്ദകരം തന്നെ. നേപ്പാളിന്റെ സാംസ്കാരിക തലസ്ഥാനം കൂടിയാണ് കാത്മാണ്ടൂ. നാല് ദിവസം ഇവിടെ ഉണ്ടായിരുന്നത് കൊണ്ട്, നഗരം നല്ലവണ്ണം ഒന്ന് ചുറ്റിക്കറങ്ങുവാൻ പറ്റി.
നമ്മുടെ മാരുതി 800 ആണ് ഇവിടുത്തെ ടാക്സികൾ. ടാറ്റായുടെ ഇൻഡിക്കയും ഇടയ്ക്കിടയ്ക്ക് കാണുന്നുണ്ട്. ഒരു ഉത്തരേൻഡ്യൻ സംസ്ഥാനം പോലെ തന്നെ. എനിക്ക് ഏറ്റവും കൂടുതൽ സാദൃശ്യം തോന്നിയത് ഭോപ്പാൽ നഗരവുമായിട്ടാണ്.
നഗരത്തിനു അഞ്ചു കിലോമീറ്റർ വടക്കു കിഴക്കായി, ഭാഗ് മതി നദിയുടെ തീരത്ത്, ഗോശാല തെരുവിലാണ് 'പശുപതിനാഥ ക്ഷേത്രം' സ്ഥിതി ചെയ്യുന്നത് . ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ മുഖ്യ സ്ഥാനം 'പശുപതിനാഥ' ക്ഷേത്രത്തിനുണ്ട് . 400 AD യ്ക്ക് മുൻപ് തന്നെ ഈ ക്ഷേത്രം നിലനിന്നിരുന്നതായി ചരിത്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പശുപതിനാഥ ക്ഷേത്ര സന്നിധിയിൽ |
281 ഹെക്ടർ സ്ഥലത്ത് , 24 മീറ്റർ ഉയരത്തിൽ, രണ്ടു നിലകളുള്ള സ്വർണ്ണ ഗോപുരങ്ങളോടു കൂടി, നമ്മളിൽ വിസ്മയം ഉണർത്തുന്ന, നേപ്പാൾ ശിൽപ്പ വൈദഗ്ദ്ധ്യത്തിനു (Pagoda Architecture), ഉത്തമോദാഹരണമായി ഈ ബൃഹത്തായ ക്ഷേത്രം നിലനില്ക്കുന്നു.
പശുപതിനാഥ ക്ഷേത്രം |
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 275 ശിവക്ഷേത്രങ്ങളിലൊന്നാണ് പശുപതിനാഥ ക്ഷേത്രം. [275 Holy Abodes of Lord Siva revered in the verses of Saiva Nayanars]
UNESCO World Heritage Site -ൽ ഈ ക്ഷേത്രം ലിസ്റ്റ് ചെയ്തിട്ടുണ്ട് .
മൃഗങ്ങളുടെ സംരക്ഷകൻ (Lord of Animals) എന്നറിയപ്പെടുന്ന പശുപതിനാഥന്റെ ചരിത്രത്തിലേക്ക് ഒന്ന് കടന്നു ചെല്ലാം...
മഹാഭാരത യുദ്ധത്തിനു ശേഷം, ഗോത്ര ഹത്യാ പാപം തീർക്കുവാൻ, വ്യാസ മഹർഷിയുടെ നിർദ്ദേശ പ്രകാരം പഞ്ചപാണ്ഡവർ മഹാദേവനെ കാണുവാനായി കാശിയിൽ എത്തി. ഇവരുടെ വരവ് പ്രതീക്ഷിച്ചിരുന്ന പരമേശ്വരൻ, പാണ്ഡവർക്ക് ദർശനം നല്കാതെ അവിടെ നിന്നും ഹിമാലയത്തിലേക്കു പോയി . പഞ്ചപാണ്ഡവർ അന്വേഷിച്ച് ഹിമാലയത്തിൽ എത്തിയപ്പോൾ, രുദ്രപ്രയാഗിൽ ഒരു നിമിഷം കണ്ടെങ്കിലും ദർശനം നല്കിയില്ല. ഭഗവാൻ ഗുപ്ത കാശിയിലെത്തി, പുറകേ പാണ്ഡവരും എന്നാൽ ഗുപ്തകാശിയിൽ നിന്നും മഹാദേവൻ പാണ്ഡവർക്ക് പിടി കൊടുക്കാതെ, കേദാർനാഥിലേയ്ക്കു പോയി ഒരു വൃഷഭത്തിന്റെ രൂപത്തിൽ പശുക്കളുടെ കൂട്ടത്തിൽ മേഞ്ഞു നടന്നു.
മഹാദേവനെ തിരിച്ചറിഞ്ഞ ഭീമസേനൻ അതിനെ പിടിക്കാൻ ശ്രമിക്കവേ, വൃഷഭം ഭൂമിയിലേക്ക് താഴ്ന്നു പോകുവാൻ തുടങ്ങി. ഭീമൻ ഓടിയെത്തി അപ്രത്യക്ഷമായിക്കൊണ്ടിരുന്ന ഋഷഭത്തിന്റെ പിൻഭാഗം പിടിച്ചു വച്ചു. ആ സമയം വൃഷത്തിന്റെ മറ്റു ഭാഗങ്ങൾ ഹിമാലയത്തിന്റെ പല ഭാഗങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അവ പഞ്ചകേദാർ എന്ന പേരിൽ അറിയപ്പെടുന്നു. കൈ തുംഗനാഥിലും, മുഖം രുദ്രനാഥിലും, നാഭി മദ്ധ്യമഹേശ്വറിലും, ജട കല്പകേശ്വറിലും ആരാധിക്കുന്നു. പാപമോചിതരായ പാണ്ഡവർ ഈ അഞ്ചു സ്ഥലങ്ങളിലും ക്ഷേത്രങ്ങൾ പണി കഴിപ്പിച്ച്ചുവെന്നു ചരിത്രം.
മഹാദേവന്റെ ശരീരത്തിന്റെ മുകൾ ഭാഗം നേപ്പാളിലെ മുഖാരബിന്ദ് എന്ന ഈ സ്ഥലത്ത് പ്രത്യക്ഷമായി, 'പശുപതിനാഥ് ' എന്ന പേരിൽ പ്രസിദ്ധമാകുകയും ചെയ്തു. കേദാർനാഥ് ക്ഷേത്രത്തിന്റെ മുഖമാണ് പശുപതിനാഥ് ക്ഷേത്രം, എന്ന് പറയപ്പെടുന്നു. അതിനാൽ ഈ രണ്ടു ക്ഷേത്രങ്ങളിലും ദർശനം നടത്തിയാൽ അത് മോക്ഷത്തിലേക്കുള്ള മാർഗ്ഗം നമുക്ക് തുറന്നു തരുമെന്ന് ഭക്തർ അടിയുറച്ച് വിശ്വസിക്കുന്നു.
പശുപതി എന്നാൽ പശൂനാം പതി, പശു - മൃഗങ്ങൾ, ജീവികൾ എന്നർത്ഥം.
നേപ്പാൾ ഐതീഹ്യം ഇങ്ങനെയല്ല.....
മഹാദേവൻ ഒരിക്കൽ ഒരു മാനിന്റെ രൂപമെടുത്ത് ഭാഗ് മതി നദിയുടെ കരയിൽ ഒളിച്ച് കഴിഞ്ഞിരുന്നു. ഭഗവാനെ കാണാതെ ദേവീദേവൻമാർ നാലുപാടും അന്വേഷിച്ച് അലയുകയുണ്ടായി. ഒടുവിൽ ഭാഗ് മതി നദിക്കരയിൽ മാനിനെ കണ്ടുമുട്ടുകയും, അത് മഹാദേവനാണെന്ന് തിരിച്ചറിഞ്ഞ് , പഴയ രൂപത്തിലാക്കുവാൻ വേണ്ടി മാനിന്റെ കൊമ്പിൽ കയറിപ്പിടിക്കുകയും കൊമ്പു ഒടിഞ്ഞു മാൻ അപ്രത്യക്ഷമാകുകയും ചെയ്തു. വളരെക്കാലം ഈ കൊമ്പിനെ ശിവലിംഗമായി ആരാധിച്ച് പോന്നിരുന്നു. കാലക്രമേണ ഈ ശിവലിംഗം ഭൂമിയിലേക്ക് അന്തർദ്ധാനം ചെയ്യുകയാണുണ്ടായത് .
നൂറ്റാണ്ടുകൾക്കു ശേഷം, രാജകൊട്ടാരത്തിലെ പശുക്കളെ പരിപാലിച്ചു കൊണ്ടിരുന്ന ഒരു ഗോപാലകൻ, പശുക്കളെ കാട്ടിൽ മേയാൻ കൊണ്ടുപോകുമ്പോൾ, ദിവസവും ഒരു പശു മാത്രം സ്ഥിരമായി ഒരു സ്ഥലത്ത് പാൽ ചുരത്തുന്നത് കണ്ട്, വിവരം രാജാവിന്റെ ശ്രദ്ധയിൽ പ്പെടുത്തി. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പ്രസ്തുത സ്ഥലം കുഴിച്ചു നോക്കുകയും സ്വയംഭൂശിവലിംഗം ഉണ്ടെന്നു മനസിലാക്കി, രാജാവ് അവിടെ ക്ഷേത്രം പണികഴിപ്പിക്കുകയും ചെയ്തു.
നേപ്പാൾ മാഹാത്മ്യവും ഹിമവത്ഖണ്ഡവും പറയുന്നത് ഈ മാനിന്റെ കഥയിൽ കുറച്ചു മാറ്റം വരുത്തിയാണ്.
ക്ഷേത്രത്തിലെ 3 അടി ഉയരമുള്ള പഞ്ചമുഖ ശിവലിംഗം അതിമനോഹരമാണ് . നാല് ദിക്കുകളിൽ നാല് മുഖവും നടുവിൽ അദൃശ്യമായ അഞ്ചാമത്തെ മുഖവുമാണ് ഈ സ്വയംഭൂശിവലിംഗത്തിന്.
എത്ര കണ്ടാലും മതിവരാത്ത, എത്ര തൊഴുതാലും മതിവരാത്ത, സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ഈ പഞ്ചമുഖ ശിവലിംഗം, സർവ്വാംഗ സുന്ദരനായി ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ, എങ്ങനെ ഞാൻ തിരിച്ചു വരും...? മതിയാവോളം എന്ന് പറയാൻ പറ്റില്ല, എന്നാൽ തികഞ്ഞ ആത്മസംതൃപ്തിയോടെ ആ സന്നിധിയിൽ നിന്നും മടങ്ങി, വീണ്ടും.. വീണ്ടും.. ഈ സന്നിധിയിൽ ഞാനുണ്ടാവുമെന്നു ഉറച്ചു വിശ്വസിച്ചു കൊണ്ട് ...
ക്ഷേത്രത്തിനു പിന്നിൽ ഭാഗ് മതി നദിയുടെ തീരത്ത്, ശ്മശാനത്തിൽ നിന്ന് പുക ചുരുളുകൾ അന്തരീക്ഷത്തിലേക്ക് ഉയർന്നു കൊണ്ടിരുന്നു. ഭഗവാന്റെ സന്നിധിയ്ക്കടുത്ത് വിലയം പ്രാപിച്ച ആ ഭാഗ്യവാനോട്, എനിക്ക് മനസ്സിൽ അൽപ്പം അസൂയ തോന്നിയോ..?
[https://www.facebook.com/groups/ChengannurTemple/permalink/10151977520776241/]
No comments:
Post a Comment