വിന്ധ്യാചലത്തിൽ വിന്ധ്യാവാസിനി !
'ഹേ! ദുഷ്ടനായ കംസാ ! സ്ത്രീകളോടാണോ നിന്റെ പരാക്രമം കാണിക്കേണ്ടത് ? ഞാൻ നിന്നോടെന്ത് അപരാധം ചെയ്തിട്ടാണ്, എന്നെ കൊല്ലാൻ ഒരുങ്ങിയത് ? ഹേ ജളപ്രഭോ! മരണത്തിൽ നിന്നും രക്ഷപെടാൻ, നീ എന്തു ചെയ്താലും പ്രയോജനമില്ല. നിന്നെ വധിക്കാനുള്ള പൈതൽ എന്നോടൊപ്പം ഭൂമിയിൽ ജനിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ കാലുപിടിച്ചത് കൊണ്ട് നിന്നെ ഞാൻ ഹനിക്കുന്നില്ല'. ഇത്രയും പറഞ്ഞു ദേവി അന്തർദ്ധാനം ചെയ്തു.
പുണ്യഭൂമിയായ വിന്ധ്യാചലിലെ പ്രശസ്തമായ 'വിന്ധ്യാവാസിനി ദേവീ ക്ഷേത്രം'. 2013 ജൂണ്‍ മാസം നടത്തിയ യാത്രയിലാണ് ആദ്യമായി ക്ഷേത്രത്തിലെത്തുന്നത്.
'ജ്യേഷ്ഠസഹോദരാ ! എന്റെ ആറു കുഞ്ഞുങ്ങളെ കൊന്നത് പോലെ ഇതിനെ ജ്യേഷ്ഠൻ കൊല്ലരുത്. ഇതിനെക്കൊണ്ട് യാതൊരുപദ്രവും ജ്യേഷ്ഠനുണ്ടാകുന്നതല്ല. ഞാൻ കാലുപിടിച്ചപേക്ഷിക്കുന്നു. ജ്യേഷ്ഠനു ദയവു തോന്നി ഈ കുഞ്ഞിനെയെങ്കിലും എനിക്ക് തരണം'. ദേവകി ആ ചോരക്കുഞ്ഞിനെ മാറോടടുപ്പിച്ചു കൊണ്ട് കരഞ്ഞപേക്ഷിച്ചു.
മഹാഭാഗവതത്തിലെ ശ്രീകൃഷ്ണാവതാരത്തിൽ നിന്നുള്ള ഒരു സന്ദർഭമാണ് ഇവിടെ സൂചിപ്പിച്ചത് .
അനുജത്തിയുടെ അനുകമ്പാർദ്രമായ ദയനീയ വാക്കുകൾ കേട്ടിട്ടും കംസന് യാതൊരു അലിവും തോന്നിയില്ല. നിർദ്ദയനായ ആ രാക്ഷസൻ ആ പിഞ്ചു ശിശുവിനെ അതിന്റെ മാതാവിന്റെ കയ്യിൽ നിന്നും വലിച്ചെടുത്ത് രണ്ടു പാദങ്ങളേയും കൂട്ടിപ്പിടിച്ച് തല കീഴായി തൂക്കിക്കൊണ്ട് പാറയുടെ അടുത്ത് വന്ന്, അതിൻ മേൽ അടിച്ച് കൊല്ലാനായി മേൽപ്പോട്ടുയർത്തി .
രാക്ഷസന്റെ കയ്യിൽനിന്നും വഴുതി ആ ശിശു ആകാശത്തിലേക്കുയർന്നു. കംസൻ ആകാശത്തിലേക്കു നോക്കിയപ്പോൾ കണ്ടത് 'കാളമേഘവർണ്ണംപൂണ്ട്, ഖട്ഗം, ചാപം, ബാണം, ശൂലം തുടങ്ങിയ ആയുധങ്ങൾ ധരിച്ച, എട്ടു കൈകളോടും, ദിവ്യപ്രകാശത്തോടും, കനക കുണ്ഡലദ്വയങ്ങളോടും, നീണ്ടഴിഞ്ഞ കരിമുകിലൊത്ത കബരിയോടും കൂടിയ ഒരു അത്ഭുത രൂപിണിയായ' ദേവിയെയാണ്.
ആ ദേവി കംസനെ നോക്കി പറഞ്ഞു..
'ഹേ! ദുഷ്ടനായ കംസാ ! സ്ത്രീകളോടാണോ നിന്റെ പരാക്രമം കാണിക്കേണ്ടത് ? ഞാൻ നിന്നോടെന്ത് അപരാധം ചെയ്തിട്ടാണ് , എന്നെ കൊല്ലാൻ ഒരുങ്ങിയത് ? ഹേ ജളപ്രഭോ! മരണത്തിൽ നിന്നും രക്ഷപെടാൻ, നീ എന്തു ചെയ്താലും പ്രയോജനമില്ല. നിന്നെ വധിക്കാനുള്ള പൈതൽ എന്നോടൊപ്പം ഭൂമിയിൽ ജനിച്ചു കഴിഞ്ഞിരിക്കുന്നു. എന്റെ കാലു പിടിച്ചത് കൊണ്ട് നിന്നെ ഞാൻ ഹനിക്കുന്നില്ല'. ഇത്രയും പറഞ്ഞു ദേവി അന്തർദ്ധാനം ചെയ്തു.
ആ ദേവി അവിടെ നിന്നും നേരെ വന്നത് വിന്ധ്യാചലത്തിലേക്ക് ആണെന്നു ചരിത്രം.
വിന്ധ്യാചലിലെ പ്രശസ്തമായ വിന്ധ്യാവാസിനി ദേവി ക്ഷേത്രം, 'വിന്ധ്യാചൽ ധാം' എന്ന പേരിൽ ഉത്തർപ്രദേശിൽ, മിർസാപ്പൂരിൽ (Mirzapur)നിന്നും 8 KM അകലെ, ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു. കാശിയിൽ നിന്നും 70 KM സഞ്ചരിച്ചാൽ വിന്ധ്യാചലത്തിൽ എത്താം.
മഹാലക്ഷ്മിയും മഹാകാളിയും മഹാസരസ്വതിയും വസിക്കുന്ന പുണ്യസ്ഥലം. പാർവതി ദേവിയുടെ തപസ്ഥലം. ശ്രീരാമൻ പിതൃക്കൾക്ക് വേണ്ടി തർപ്പണം നടത്തിയ സ്ഥലം. പർവതങ്ങളാൽ ചുറ്റപ്പെട്ട, ശക്തിസ്ഥലമായ, ധാരാളം ക്ഷേത്രങ്ങളും കുളങ്ങളും ഗുഹകളും ഉള്ള വിന്ധ്യാചലം, ഋഷീശ്വരൻമാരുടെ പ്രിയപ്പെട്ട സ്ഥലമാണ്.
നാരദപുരാണമനുസരിച്ചു ഇത്രയും പുണ്യമായ ഭൂമി വേറെയെങ്ങുമില്ല. മാർക്കണ്ഡേയപുരാണത്തിൽ ശുംഭ നിശുംഭൻമാരെ വധിക്കാൻ വേണ്ടിയാണ് ദേവി അവതാരം എടുത്തതെന്നും നൂറ്റാണ്ടുകൾക്കു മുൻപ് മഹിഷാസുരവധം നടത്തിയതും ഈ ദേവി തന്നെയാണെന്നും പറയ പ്പെടുന്നു. 108 ശക്തിപീഠങ്ങളിൽ ഒന്നാണിത്. സിദ്ധിപീഠം, മണിദ്വീപ് എന്നീ പേരുകളിലും പുരാണങ്ങളിൽ വിന്ധ്യാചലം അറിയപ്പെട്ടിരുന്നു.
വിന്ധ്യാവാസിനി ദേവി |
ക്ഷേത്രത്തിൽ കുറഞ്ഞത് ഒരു ആയിരം പേരെങ്കിലും ദർശനത്തിനായിട്ടു വന്നിട്ടുണ്ട് . ഗൈഡിന്റെ മിടുക്കുകൊണ്ടു എങ്ങനെയോ ക്യൂവിൽ കയറിപ്പറ്റി. പ്രതിഷ്ഠയ്ക്ക് നേരേ ദർശനം അനുവദിക്കുന്നില്ല. വശങ്ങളിൽക്കൂടി ദേവിയെ കണ്ട്, തൊഴുതു മടങ്ങാം. പൂജാരിമാർ ദക്ഷിണ കിട്ടിയതു, എണ്ണി നോക്കുന്ന തിരക്കിലായതിനാൽ, പ്രസാദം കിട്ടാൻ അല്പ്പം വൈകി. ചൊവ്വാഴ്ചയും ശനിയാഴ്ചയും ഭക്തരുടെ അതിഭയങ്കര തിരക്ക് ആയിരിക്കും. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിനു ഭക്തജനങ്ങൾ വർഷം തോറും ഇവിടെ വരുന്നുണ്ട്. ഒൻപതു ദിവസം നീണ്ടു നില്ക്കുന്ന നവരാത്രി ആഘോഷമാണ് പ്രധാനം.
വിന്ധ്യാവാസിനി ദേവി ക്ഷേത്രം |
ദേവി പാർവതി തന്റെ ഇരുണ്ട രൂപം മാറ്റി സ്വർണ നിറമാക്കിയപ്പോൾ ഉപേക്ഷിച്ച രൂപമാണു 'കൗശികി' എന്ന ദേവിയെന്നും, ആ ദേവി ഉടനെതന്നെ വിന്ധ്യാചലത്തിലേക്ക് പോയി ചാർജെടുത്തു എന്നും മറ്റൊരു ചരിത്രം തദ്ദേശവാസികൾ പറയുന്നുണ്ട്. ഈ വിവരങ്ങൾ മാർക്കണ്ഡേയ പുരാണത്തിലും കാണാം. പക്ഷേ നൂറ്റാണ്ടുകളുടെ വ്യത്യാസം ഉണ്ടെന്നു മാത്രം. ഗവേഷകർക്ക് പരിശോധിക്കാവുന്നതേയുള്ളൂ ..
'കാളിഖോഹ് ' എന്ന അതിപുരാതനമായ ഗുഹാക്ഷേത്രം വിന്ധ്യാവാസിനി ക്ഷേത്രത്തിൽ നിന്ന് 2 KM ദൂരത്തിലാണ് . റോഡിൽ നിന്നും കുറച്ച് പടികൾ കയറി വേണം ഗുഹാക്ഷേത്രത്തിലെത്തുവാൻ. നല്ലവണ്ണം കുനിഞ്ഞും ഇഴഞ്ഞും ഒക്കെ വേണം ഈ ഗുഹയിലേക്ക് ഇറങ്ങേണ്ടത്. കാളി മാതായുടെ ഒരു പ്രതിഷ്ഠയാണു ഇവിടെയുള്ളത്. ഞങ്ങൾ ചെന്നപ്പോൾ പൂജാരി അതിനകത്ത് ഒരു ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു. അദ്ദേഹത്തെ വിളിച്ചുണർത്തി പൂജ കഴിച്ചശേഷം, മാതയെ വണങ്ങി കുനിഞ്ഞു കുനിഞ്ഞു പുറത്തിറങ്ങി. ഈ ക്ഷേത്രത്തിനു പുറകിലായി ഭൈരവന്റെ ഒരു ക്ഷേത്രം കൂടിയുണ്ട്.
'അഷ്ടഭുജക്ഷേത്രം' വിന്ധ്യാചലിൽ നിന്ന് 3 KM ദൂരത്തിൽ, കുന്നിൻ മുകളിൽ ഒരു ഗുഹയിൽ സ്ഥിതി ചെയ്യുന്നു. താഴെ നിന്ന് 222 പടികൾ കയറി വേണം ക്ഷേത്രത്തിലെത്തുവാൻ. കയറ്റം അല്പ്പം കഠിനം തന്നെ. മുകളിൽ എത്തിയപ്പോൾ ക്ഷീണിച്ചു പോയി. അവിടെ നിന്ന് നോക്കുമ്പോൾ താഴ്വരയുടേയും ഗംഗയുടേയും മനോഹരമായ ദൃശ്യങ്ങൾ കാണാം. മഹാസരസ്വതീ ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.
കാളി മാതാ - 'കാളിഖോഹ് ' എന്ന അതിപുരാതനമായ ഗുഹാക്ഷേത്രം |
ഇവിടെ കാണിക്ക ഇട്ടില്ലെങ്കിൽ പൂജാരിമാർ കഴുത്തിനു പിടിക്കും. കാണിക്ക കുറഞ്ഞു പോയതിനു സുഹൃത്തിന്റെ കോളറിൽ പിടിക്കുന്നത് കണ്ടു. അതിനാൽ പെട്ടെന്ന് തൊഴുത് കാണിക്ക ഇടാതെ, പൂജാരി കാണാതെ വെളിയിലിറങ്ങി. ശ്രീകൃഷ്ണന്റെ സഹോദരിയായ ദേവിയാണ് ഇവിടെയുള്ളതെന്ന് മറ്റൊരു വ്യാഖ്യാനവും തദ്ദേശവാസികൾക്കുണ്ട്.
ഈ മൂന്ന് ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതിനെ 'ത്രികോണപരിക്രമണം' എന്ന് പറയപ്പെടുന്നു. ത്രികോണ പരിക്രമണം നടത്താതെ വിന്ധ്യാചൽ ദർശനം പൂർത്തിയാവില്ല.
സീതാകുണ്ഡ് തൊട്ടടുത്ത് തന്നെ. വനവാസ കാലത്ത് ശ്രീരാമൻ, ലക്ഷ്മണൻ, സീതാദേവി തുടങ്ങിയവർ ഇത് വഴി പോയപ്പോൾ, ദാഹം മൂലം വലഞ്ഞ സീതാദേവിക്ക് വേണ്ടി ലക്ഷ്മണൻ ഭൂമിയിലേക്ക് അമ്പെയ്ത് ജലം പ്രവഹിപ്പിച്ചതാണ് സീതാകുണ്ഡ് . ഇപ്പോൾ ചെറിയ ഒരു ക്ഷേത്രവും ഒരിക്കലും വറ്റാത്ത ഒരു നീരുറവയും ഇവിടെയുണ്ട്.
ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ലൈൻ (IST Line) വിന്ധ്യാചൽ റയിൽവേ സ്റ്റേഷനിൽ ക്കൂടിയാണ് കടന്നു പോകുന്നത്.
മതിയാവോളം 'വിന്ധ്യാവാസിനി' ദേവിയെ ദർശിച്ച്, 'ത്രികോണപരിക്രമണവും' പൂർത്തിയാക്കി, വിന്ധ്യാചലത്തിൽ നിന്ന് 'പ്രയാഗിലെ ത്രിവേണി സംഗമം' ലക്ഷ്യമാക്കി, ഞങ്ങളുടെ ഇന്നോവ കുതിച്ചു പാഞ്ഞു...
ഓം വിന്ധ്യാചലനിവാസിന്യൈ നമ:
(ഗ്രന്ഥ സൂചി - മഹാഭാഗവതം (ഡോ.പി.എസ്.നായർ), 18 പുരാണങ്ങൾ (ഇന്റർനാഷണൽ ഗീതാ സൊസൈറ്റി), ലളിതാസഹസ്രനാമം (കണ്ടിയൂർ മഹാദേവ ശാസ്ത്രികൾ)
ചെങ്ങന്നൂർ ടെമ്പിൾ ഗ്രൂപ്പിൽ ഈ യാത്രാവിവരണത്തെക്കുറിച്ചു നടന്ന ചർച്ചകൾ :
[https://www.facebook.com/groups/ChengannurTemple/permalink/10151969034091241/]
[https://www.facebook.com/groups/ChengannurTemple/permalink/10151969034091241/]
No comments:
Post a Comment